കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ രാസമാലിന്യ ഭീഷണി : വിഷയം പഠിക്കാൻ തൃശൂർ എൻജിനീയറിങ് കോളെജിനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ രാസമാലിന്യ ഭീഷണിയെ കുറിച്ചു പഠിക്കാൻ തൃശൂർ ഗവ. എൻജിനീയറിങ് കോളെജിനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കാട്ടൂർ മിനി എസ്റ്റേറ്റിലെ രണ്ട് കമ്പനികളിൽ നിന്നുള്ള രാസമാലിന്യം ചുറ്റുമുള്ള വീടുകളിലെ കിണറുകളിലേക്കിറങ്ങി ജീവനു തന്നെ ഭീഷണിയായ വിധത്തിൽ കുടിവെള്ളം മലിനമായതിനെ തുടർന്ന് കാട്ടൂർ ജനകീയ കുടിവെള്ള സംരക്ഷണവേദി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ കാട്ടൂർ പഞ്ചായത്ത് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് അധികൃതരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം.

കുടിവെള്ള പരിശോധനയോടൊപ്പം പ്രദേശത്തെ മണ്ണും പരിശോധിക്കും.

കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാ ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അതേസമയം സമീപവാസികളുടെ കുടിവെള്ളം മലിനമാകുന്നതിനെതിരെ നാളെ (ജൂലൈ 6) രാവിലെ 10 മണിക്ക് കാട്ടൂർ ജനകീയ കുടിവെള്ള സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ജനങ്ങൾ പ്രതിഷേധ മനുഷ്യ ചങ്ങല തീർക്കും.

തുടർന്ന് മിനി എസ്റ്റേറ്റിന് സമീപമുള്ള എം.പി. ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സാംസ്കാരിക പരിസ്ഥിതി നിയമ വിദഗ്ധനും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ജനറൽ സെക്രട്ടറിയുമായ അഡ്വ. പി.എം. പൗരൻ ഉദ്ഘാടനം ചെയ്യും.

പരിസ്ഥിതി പ്രവർത്തക ഡോ. ആശ, ബൽക്കീസ് ബാനു എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

തിങ്കളാഴ്ച്ച മുതൽ കമ്പനികൾക്കു മുൻപിൽ നിരാഹാര സമരവും ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

സമരത്തിന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

താൽക്കാലിക അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി ജൂനിയർ വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അമ്മന്നൂർ ഗുരുസ്മരണ മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : പതിനേഴാമത് ഗുരു അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ മഹോത്സവവും ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ആരംഭിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

അനുസ്മരണ സമ്മേളനം കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് “നാട്യശാസ്ത്രവും കൂടിയാട്ടവും” എന്ന വിഷയത്തിൽ അമ്മന്നൂർ സ്മാരക പ്രഭാഷണവും നടത്തി.

ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ, നാടക സംവിധായകനായ ശങ്കർ വെങ്കിടേശ്വരൻ എന്നിവർ അമ്മന്നൂർ അനുസ്മരണം നടത്തി.

അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി ഗുരു വേണുജി ആചാര്യവന്ദനം നടത്തി.

ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

അനുസ്മരണ സമ്മേളനത്തെ തുടർന്ന് ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി.

ശ്രീരാമനായി നേപത്ഥ്യ രാഹുൽ ചാക്യാർ, സീതയായി ആതിര ഹരിഹരൻ എന്നിവർ രംഗത്തെത്തി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, നേപത്ഥ്യ ജിനേഷ്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര എന്നിവരും പശ്ചാത്തലമേകി.

കലാനിലയം ഹരിദാസ് ആയിരുന്നു ചമയം.

ഗുരുസ്മരണ മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച ഭവഭൂതിയുടെ മഹാവീരചരിതം ആറാമങ്കം അരങ്ങേറും.

ഡോ. രജനീഷ് ചാക്യാർ സംവിധാനം ചെയ്ത ഈ നാടകത്തിലെ കഥാഭാഗം രാവണന്റെ തപസ്സാട്ടം ആണ്.

രാവണ മണ്ഡോദരി സംഭാഷണത്തിൽ രാവണൻ വര ബലങ്ങൾ സമ്പാദിക്കുന്നതും ലങ്കയിൽ വരുന്നതുമായ കഥാഭാഗങ്ങളാണ് പ്രധാനപ്പെട്ട അഭിനയം.

രാവണനായി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരും മണ്ഡോദരിയായി ഡോ. ഭദ്രയും രംഗത്തെത്തും.

നിര്യാതനായി

സോമസുന്ദരൻ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം വലിയപറമ്പിൽ രാമൻകുട്ടി മകൻ സോമസുന്ദരൻ (62) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച (ജൂലൈ 5) ഉച്ചതിരിഞ്ഞ് 2 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : പ്രേമ

മക്കൾ : അശ്വതി (നേഴ്സ്, പുത്തൻചിറ പ്രാഥമികാരോഗ്യ കേന്ദ്രം), അശ്വനി

മരുമക്കൾ : സത്യൻ, ശിവകുമാർ

ക്രൈസ്റ്റ് കോളെജിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ കെമിസ്ട്രി, മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചയ്ക്കായി ജൂലൈ 8ന് രാവിലെ 10 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കാർഷിക സംസ്കാരത്തിൻ്റെ സന്ദേശം പുതുതലമുറയ്ക്ക് കൈമാറുന്ന ഞാറ്റുവേല മഹോത്സവം അഭിനന്ദനാർഹം : അഡ്വ. കെ.ജി. അനിൽകുമാർ

ഇരിങ്ങാലക്കുട : കാർഷിക സംസ്കാരത്തിൻ്റെ സന്ദേശം പുതുതലമുറയ്ക്ക് കൈമാറുന്ന ഞാറ്റുവേല മഹോത്സവം അഭിനന്ദനാർഹമെന്ന് ഐ സി എൽ ഫിൻകോർപ്പ് സി.എം.ഡി. അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു.

നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിൽ സംഘടിപ്പിച്ച കലാ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

കൂടിയാട്ടം കുലപതി വേണുജി, സിനിമാതാരം ഇടവേള ബാബു എന്നിവർ മുഖ്യാതിഥികളായിരുന്നു.

ചടങ്ങിൽ വിവിധ കലാമേഖലകളിൽ പ്രശസ്തരായ മുരിയാട് മുരളീധരൻ, കൊരമ്പ് വിക്രമൻ നമ്പൂതിരി, ഡോ. ചാന്ദ്നി സലീഷ്, സീനത്ത് അഷ്റഫ്, ശ്രുതി ശ്രീറാം, കല പരമേശ്വരൻ, പി. ഹരിദാസൻ, സൗമ്യ സതീഷ്, ശ്രീവിദ്യ വർമ്മ, ഏയ്ബൽ ജോബി, ശരണ്യ സഹസ്ര, ആശ സുരേഷ്, പി. നന്ദകുമാർ, എം. മോഹൻദാസ് എന്നിവരെ മെമൻ്റോ നൽകി ആദരിച്ചു.

പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ ബിജു പോൾ അക്കരക്കാരൻ, എ.എസ്. അജിത്കുമാർ, മായ അജയൻ എന്നിവർ ആശംസകൾ നേർന്നു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.സി. ഷിബിൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, കോർഡിനേറ്റർ പി.ആർ. സ്റ്റാൻലി എന്നിവർ സന്നിഹിതരായിരുന്നു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സ്വാഗതവും, സോണൽ സൂപ്രണ്ട് ജയകുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് സംഗമസാഹിതി അവതരിപ്പിച്ച
കവിയരങ്ങ് “ഞാറ്റുവേലപ്പൂക്കളി”ൽ
നാട്ടിലെ ഇരുപതോളം കവികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.

കാർഷിക സെമിനാറിൽ നൂതന ജലസേചന മാർഗ്ഗങ്ങളെപ്പറ്റി ഡോ. മേരി റജീന വിഷയാവതരണം നടത്തി.

തുടർന്ന് ശിവരഞ്ജിനി ഓർക്കെസ്ട്ര ടി.ജി. പ്രസന്നൻ നയിച്ച ഗാനമേളയും എക്സ്പ്രഷൻസ് ഫാഷൻ ഷോയും അരങ്ങേറി.

എ.ഡി. ഫ്രാൻസിസ് കേരള കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ്‌

ഇരിങ്ങാലക്കുട : എ.ഡി. ഫ്രാൻസിസ് ആഴ്ചങ്ങാടനെ കേരള കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി യോഹന്നാൻ കോമ്പാറക്കാരൻ, സിന്റോ മാത്യു പെരുമ്പുള്ളി (ജനറൽ സെക്രട്ടറിമാർ), മോഹനൻ ചാക്കേരി, അല്ലി സ്റ്റാൻലി ചുണ്ടേപ്പറമ്പിൽ, ഷോണി ടി. തിറയത്ത് തെക്കൂടൻ (വൈസ് പ്രസിഡന്റുമാർ), സബ്രഹ്മണ്യൻ അരക്കുംപറമ്പിൽ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.

ജില്ലാ സെകട്ടറി പി.ടി. ജോർജ്ജ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ യോഗം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, നിയോജക മണ്ഡലം സെക്രട്ടറി പി.വി. നോബിൾ എന്നിവർ പ്രസംഗിച്ചു.

അതിഥി അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : സെൻ്റ് ജോസ്‌ഫ്‌സ് കോളെജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ജൂലൈ 8 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് സെൽഫ് ഫിനാൻസിംഗ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ആളൂർ ജംഗ്ഷൻ്റെ സൗന്ദര്യവത്ക്കരണം നഷ്ടപ്പെടുത്തരുത് : കേരള കോൺഗ്രസ്‌ സമരത്തിലേക്ക്

ഇരിങ്ങാലക്കുട : ആളൂർ ജംഗ്ഷൻ വികസിപ്പിക്കുന്നതിനും, മോടി പിടിപ്പിക്കുന്നതിനും വേണ്ടി യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് എം.എൽ.എ. ആയിരുന്ന അഡ്വ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി അനുവദിച്ച 2 കോടി രൂപ നഷ്ടപ്പെടുത്തുന്ന സമീപനമാണ് ഇടതു മുന്നണിയുടേതെന്ന് കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

ഇതിനെതിരെ സമരരംഗത്ത് ഇറങ്ങുവാനും ആളൂരിൽ ചേർന്ന കേരള കോൺഗ്രസ്‌ മണ്ഡലംതല കുടുംബ സംഗമം തീരുമാനിച്ചു.

സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ സംഗമം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ നൈജു ജോസഫ് ഊക്കൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറി സേതുമാധവൻ പറയംവളപ്പിൽ, ഭാരവാഹികളായ ജോബി മംഗലൻ, ജോജോ മാടവന, ഷീല ഡേവിസ് ആളൂക്കാരൻ, ജോർജ്ജ് കുറ്റിക്കാടൻ, തോമസ് തുളുവത്ത്, റാൻസി സണ്ണി മാവേലി, തോമസ് ടി.എ. തോട്ട്യാൻ, നെൽസൺ മാവേലി, ജോൺസൻ മാടവന, ജോബി കുറ്റിക്കാടൻ, ജോയ്‌ മാടവന, ജോർജ്ജ് മംഗലൻ, ആന്റണി ഡേവിസ് ആളൂക്കാരൻ, പീയൂസ് കുറ്റിക്കാടൻ, വർഗ്ഗീസ് തോട്ട്യാൻ, ബിജു അച്ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.

ബോയ്സ് സ്കൂളിൽ ലഹരി വിമുക്ത ക്ലബ്‌ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ക്ലബ്ബ് ആരംഭിച്ചു.

ഹെഡ്മിസ്ട്രസ് ടി.കെ. ലത അധ്യക്ഷത വഹിച്ചു.

തൃശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ പി.എം. ജദീർ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും ലഹരി വിമുക്ത ക്ലബ്ബ് നടത്തിയിട്ടുള്ള വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

തുടർന്ന് സമകാലീന വിഷയങ്ങളിലൂന്നി “ലഹരിമുക്ത വിദ്യാലയം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി.

സ്കൂൾ കുട്ടികൾക്ക് നേരിടേണ്ടിവരുന്ന വിവിധ പ്രശ്നങ്ങളും ലഹരിമാഫിയയുടെ വലയങ്ങളിൽ അകപ്പെടാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു.

തുടർന്ന് ചിത്രരചന പ്രദർശനവും ലഹരി വിരുദ്ധ പ്രസംഗവും സംഘടിപ്പിച്ചു.

61 വിദ്യാർഥികളും അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു.

സീനിയർ അധ്യാപികയും എസ്.പി.ജി. കോർഡിനേറ്ററുമായ സുമൻ സ്വാഗതവും സ്കൂൾ കൗൺസിലർ പി.എസ്. ശ്രുതി നന്ദിയും പറഞ്ഞു.