ജനപ്രതിനിധികൾ നിസ്വാർത്ഥതയുടെ ആൾരൂപങ്ങളായി മാറണം: ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : ജനപ്രതിനിധികൾ ജാതി- മത- വർണ്ണ- വർഗ്ഗ- രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന, ഏവർക്കും സ്വീകാര്യരായ, എല്ലാവർക്കും നന്മകൾ മാത്രം ചെയ്തുകൊടുക്കുന്ന നിസ്വാർത്ഥതയുടെ ആൾരൂപങ്ങളായി മാറണമെന്ന് ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായവരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ജനപ്രതിനിധികളായി നിയോഗിക്കപ്പെട്ടവർ നാടിന്റെ ഉന്നമനത്തിനും യുവജന ക്ഷേമത്തിനും പാർശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷംചേരലിനും മുൻകൈ എടുക്കണമെന്നും തൊഴിൽ സാധ്യതകളെ മുന്നിൽക്കണ്ട് നൂതന
പദ്ധതികൾ വിഭാവനം ചെയ്യണമെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി സ്വരമുയർത്തണമെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട രൂപത ഭവനത്തിൽ നടന്ന സ്നേഹസംഗമത്തിൽ വികാരി ജനറാൾ ആൻ്റു ആലപ്പാടൻ ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റി ക്ലാസ് നയിച്ചു.

രൂപതയുടെ മുഖ്യ വികാരി ജനറാൾ ജോസ് മാളിയേക്കൽ മുൻസിപ്പൽ ചെയർപേഴ്സൺമാരായി തെരഞ്ഞെടുക്കപ്പെട്ടവരെയും വിവിധ പഞ്ചായത്തുകളെ നയിക്കാൻ നിയോഗിക്കപ്പെട്ട പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ആദരിക്കുകയും സംഗമത്തിന് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

പൊതുസമ്മേളനത്തിൽ വികാരി ജനറാൾ വിൽസൺ ഈരത്തറ, ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം ഡയറക്ടർ റവ. ഡോ. ജിജോ വാകപറമ്പിൽ, അസോ. ഡയറക്ടർ റവ. ഫാ. ജിബിൻ നായത്തോടൻ എന്നിവർ പ്രസംഗിച്ചു.

150ൽ പരം ജനപ്രതിനിധികൾ പങ്കുചേർന്ന സ്നേഹസംഗമം സ്‌നേഹവിരുന്നോടെ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *