ബൈപ്പാസ് റോഡിൽ കലുങ്ക് മണ്ണിട്ട് മൂടി : സമീപത്ത് വെള്ളക്കെട്ട് രൂക്ഷം ; പ്രതിഷേധവുമായി എൽഡിഎഫ് കൗൺസിലർമാർ

ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡിലെ കലുങ്ക് മണ്ണിട്ടുമൂടിയതിനെ തുടർന്ന് വേനൽമഴയിൽ തന്നെ ഇവിടം വെള്ളക്കെട്ടിലായതിനെതിരെ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തി.

ബൈപ്പാസ് റോഡിലെ പവിത്ര വെഡിങ് സിൽക്സിന് പടിഞ്ഞാറ് ഭാഗത്തുള്ള കലുങ്ക് സ്വകാര്യവ്യക്തി മണ്ണിട്ട് മൂടിയതിനെ തുടർന്നാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമായത്.

ഇതോടെ ശക്തമായ മഴയിൽ കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഇവിടെ തങ്ങിനിൽക്കുന്ന സ്ഥിതിയാണ്. സമീപത്തെ പെട്ടിക്കടകളെയും വെള്ളക്കെട്ട് നല്ല രീതിയിൽ ബാധിക്കുന്നുണ്ട്.

കലുങ്ക് അടച്ചതോടെ വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയില്ലാതായി. അതിനാൽ തന്നെ അടിയന്തരമായി കലുങ്ക് തുറക്കാനുള്ള നടപടി നഗരസഭ സ്വീകരിക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയതായും പരാതിയുണ്ട്.

ഇവിടെ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് പൊറത്തൂച്ചിറയിലേക്കാണ്. ഈ മലിനജലം ചിറയിൽ എത്തുന്നതോടെ പ്രദേശത്തെ കിണറുകളിലും ഇതിൻ്റെ അംശങ്ങൾ കലർന്ന് വീട്ടുകാരുടെ കുടിവെള്ളം മുട്ടുന്ന സ്ഥിതിയാണ്. ചിറയിൽ നിന്നാണ് കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളവും ഉപയോഗിക്കുന്നത്.

തൽസ്ഥിതിക്കെതിരെയും ഒപ്പം കലുങ്ക് അടച്ചുമൂടിയ സ്വകാര്യ വ്യക്തിക്കെതിരെയും നഗരസഭ ചെയർമാനും സെക്രട്ടറിയും റവന്യൂ വകുപ്പും കർശന നടപടി സ്വീകരിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.

പി.വി. ശിവകുമാർ, സി.സി. ഷിബിൻ, ലേഖ ഷാജൻ, കെ.എസ്. പ്രസാദ്, പി.എം. നന്ദുലാൽ, വിനീത ടീച്ചർ, സിന്ധു ഗിരീഷ്, രമ്യ ഷിബു, അജിത്ത് കൊല്ലാറ, വിമി ബിജേഷ്, വി.എസ്. അശ്വതി എന്നിവരാണ് സംഭവസ്ഥലം സന്ദർശിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *