പടിയൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷം ; പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും യുഡിഎഫ് മെമ്പർമാർ ഇറങ്ങിപ്പോയി

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് തെക്കൻ മേഖലയിലെ വളവനങ്ങാടി, പണ്ടാരത്തറ, കെട്ടുചിറ, ചുള്ളിപ്പാലം, കൊങ്ങിണിപ്പറമ്പ്, മുഴുവഞ്ചേരി തുരുത്ത്, വാര്യാട് കോങ്ങാടൻ തുരുത്ത്, എസ്.എൻ.വി.എൽ.പി. സ്‌കൂൾ പരിസരം തുടങ്ങിയ ഇടങ്ങളിൽ ര കുടിവെള്ള ക്ഷാമം രൂക്ഷമായി.

പഞ്ചായത്തിലും വാട്ടർ അതോറിറ്റിയിലും പരാതിപ്പെട്ടിട്ടും കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടായില്ലെന്നും, വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായി യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയി.

വിഷയം ചർച്ച ചെയ്യാനോ കുടിവെള്ളം എത്തിക്കുന്നതിന് വാഹനം ലഭ്യമാക്കുന്നതിനോ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാതിരുന്നതിനെ തുടർന്നാണ് യുഡിഎഫ് അംഗങ്ങളായ ടി.ഡി. ദശോബ്, ഹാജിറ റഷീദ്, ബീന ജെയിംസ്‌ എന്നിവർ കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയത്.

ഇപ്പോൾ വാർഡ് അംഗങ്ങൾ സ്വന്തം നിലയ്ക്ക് എത്തിക്കുന്ന കുടിവെള്ള വിതരണം അപര്യാപ്തമാണ് എന്നതിനാൽ പഞ്ചായത്ത് ഭരണകൂടം എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് യുഡിഎഫ് അംഗങ്ങളുടെ ആവശ്യം.

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളെല്ലാം പുഴയോട് ചേർന്ന് കിടക്കുന്നതിനാൽ പൈപ്പ് വെള്ളമാണ് പ്രദേശവാസികളുടെ ഏക ആശ്രയം. പഞ്ചായത്തിൽ ആകെയുള്ളത് രണ്ടു വാട്ടർ ടാങ്കുകളാണ്. ഇപ്പോൾ പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിൽ വെള്ളം കിട്ടുമ്പോഴും ഈ ഭാഗത്തേക്ക് വെള്ളം ലഭിക്കുന്നില്ല.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം തിരിച്ചുവിടുന്ന വാൽവുകൾ ക്രമീകരിച്ചാൽ മാത്രമേ എല്ലായിടത്തും ഒരു പോലെ വെള്ളം ലഭിക്കുകയുള്ളൂ. അതുവരെയും വണ്ടി സൗകര്യം ഏർപ്പെടുത്തുകയാണെങ്കിൽ വെള്ളം നൽകാമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇതു പോലും ചർച്ച ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി തയ്യാറായില്ലെന്നാണ് യുഡിഎഫ് അംഗങ്ങളുടെ ആരോപണം.

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കുടിവെള്ള വിതരണത്തിന് പ്രത്യേകം ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച അടിയന്തര യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *