ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പങ്കാളി ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഘടക ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും.

തൃപ്രയാർ, ഊരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശ്ശേരി പിഷാരിക്കൽ, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപ ക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും, ഗ്രാമപരദേവതയായ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധക്ഷേത്രങ്ങളായ പിടിക്കപ്പറമ്പ്, വല്ലച്ചിറ, പല്ലിശ്ശേരി, കണ്ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും, പെരുവനം ഗ്രാമത്തിന്റെ നാലതിരുകൾ വേർതിരിക്കുന്ന കിഴക്ക് കുതിരാൻ, വടക്ക് അകമല, പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പൻകാവ്, തെക്ക് ഉഴുവത്ത് ശാസ്താ ക്ഷേത്രങ്ങളിലും, ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര, തൊട്ടിപ്പാൾ മഹാവിഷ്ണു, തൃക്കണ്ഠാപുരം ക്ഷേത്രങ്ങളിലുമാണ് നെയ്യ് സമർപ്പിക്കുന്നത്.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പതിനാറ് ചെറുസംഘങ്ങളായി വെളുപ്പിന് 4.30ന് പുറപ്പെട്ട് 8 മണിക്കുള്ളിൽ എല്ലാ ക്ഷേത്രങ്ങളിലും നെയ്യ് സമർപ്പിക്കും.

ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് മാർച്ച് 22ന് വൈകുന്നേരമുള്ള ചുറ്റുവിളക്ക് ദേശക്കാരുടെ വഴിപാടായി സമ്പൂർണ്ണ നെയ് വിളക്കോടെയാണ് നടത്തുന്നത്.

വിളക്കുമാടത്തിലെ അയ്യായിരത്തോളം ഓട്ടുചെരാതുകളുൾപ്പടെ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളിലും രണ്ട് ദീപ സ്തംഭങ്ങളിലും നെയ്യ് മാത്രമേ ഉപയോഗിക്കുകയുള്ളൂ.

പ്രദക്ഷിണ വഴിയിലും ചുറ്റിനകത്തും മൺചെരാതുകളിൽ എള്ള് തിരിയാണ് കത്തിക്കുന്നത്. നൂറ് കണക്കിന് ഭക്തർ സമ്പൂർണ്ണ നെയ് വിളക്കിൽ പങ്കാളികളാകും.

Leave a Reply

Your email address will not be published. Required fields are marked *