ഇരിങ്ങാലക്കുട : കടുത്ത വേനലിൽ കൃഷിക്ക് വേണ്ടത്ര ജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആളൂർ, പുത്തൻചിറ, വേളൂക്കര പഞ്ചായത്തുകളിലെ കർഷകർ കണ്ണുകെട്ടിച്ചിറ- വഴിക്കിലിച്ചിറ ഇരുപ്പൂപാടശേഖര സമിതിയുടെ നേതൃത്വത്തിൽ ധർണ്ണയും മാർച്ചും നടത്തുമെന്ന് ഇരുപ്പൂപാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു.
മാർച്ച് 5ന് 11 മണിക്ക് ചാലക്കുടി മേജർ ഇറിഗേഷന്റെ മുൻപിൽ നിന്ന് ആരംഭിക്കുന്ന കർഷക മാർച്ച് ചാലക്കുടി വൈദ്യുത ഭവന്റെ മുൻപിൽ എത്തിച്ചേരുമ്പോൾ പ്രതിഷേധ ധർണ്ണ നടത്തും.
കഴിഞ്ഞ കുറേ വർഷങ്ങളായി നിലനിൽക്കുന്ന ജലക്ഷാമം മൂലം നെല്ല്, വാഴ, ജാതി, തെങ്ങ്, പച്ചക്കറികൾ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി പരാതികൾ നൽകിയിട്ടും പ്രശ്നപരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി.
കർഷകരുടെ ഉപജീവനമാർഗ്ഗം തന്നെ ഇല്ലാതാക്കുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഇല്ലാത്ത സാഹചര്യത്തിലാണ് ശക്തമായ സമരവുമായി മുന്നോട്ടു പോകാൻ കർഷക കൂട്ടായ്മ തീരുമാനിച്ചത്.
നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് ദേശീയ പ്രസിഡൻ്റ് വാക്സറിൻ പെരേപ്പാടൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.
പ്രദേശത്തെ മുഴുവൻ കർഷകരും ജനപ്രതിനിധികളും ഈ പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് കണ്ണുകെട്ടിച്ചിറ- വഴിക്കിലിച്ചിറ ഇരുപ്പൂപാടശേഖരസമിതി സെക്രട്ടറി ടോം കിരൺ ആവശ്യപ്പെട്ടു.












Leave a Reply