ഇരിങ്ങാലക്കുട : ആർദ്രം മിഷൻ 2ൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ഹെൽത്തി കേരള ക്യാമ്പയിനിൽ ആയുഷ് വകുപ്പിന്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലം ഹെൽത്തി കേരള ക്യാമ്പയിനിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ആയുഷ് സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളെ പറ്റിയുള്ള ബോധവൽക്കരണം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തൽ, ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള യോഗ പരിശീലനം, ബോധവൽക്കരണ ക്ലാസുകൾ, ആരോഗ്യ ഭക്ഷ്യമേള, ജീവിതശൈലീരോഗ പരിശോധന തുടങ്ങിയവ സംഘടിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു അധ്യക്ഷത വഹിച്ചു.
വേളൂക്കര ഗവ. ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സീമ ആൻ്റണി, കുഴിക്കാട്ടുശ്ശേരി ഗവ. ആയുർവേദ ഹോസ്പിറ്റൽ പ്രൊജക്ട് മെഡിക്കൽ ഓഫീസർ ഡോ. സിജ എന്നിവർ വിഷയാവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് ചിറ്റിലപ്പിള്ളി, ഷക്കീല ടീച്ചർ, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ. പോൾ എന്നിവർ ആശംസകൾ നേർന്നു.
പൂമംഗലം ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വി.പി. ജിഷ്ണു സ്വാഗതവും ആളൂർ പഞ്ചായത്ത് ആയുഷ് എൻ.എച്ച്.എം. പി.എച്ച്.സി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. കെ.ബി. സോന നന്ദിയും പറഞ്ഞു.












Leave a Reply