കോളെജ് വിദ്യാർഥികൾക്കായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കേന്ദ്ര സാമൂഹ്യനീതി- ശാക്തീകരണ മന്ത്രാലയത്തിന്റെ “നാശാ മുക്ത് ഭാരത് അഭിയാൻ” പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിൽ “അന്താരാഷ്ട്ര ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി” സംഘടിപ്പിച്ചു.

യുവജനങ്ങളിൽ ലഹരി ഉപയോഗത്തിനെതിരായ അവബോധം വളർത്തുകയും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

സെൻ്റ് ജോസഫ്സ് കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ പി.ഡി. സിജി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ പി.വി. ശിവകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ കെ.ആർ. പ്രദീപൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എ.എൽ. മനോജ്, ജില്ലാ സാമൂഹ്യനീതി സീനിയർ സൂപ്രണ്ട് സിനോ സേവി എന്നിവർ പ്രസംഗിച്ചു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്. രമ്യ “ലഹരിമുക്ത ബോധവൽക്കരണ പ്രതിജ്ഞ” ചൊല്ലിക്കൊടുത്തു.

വിമുക്തി തൃശൂർ ജില്ലാ കോർഡിനേറ്റർ ഷെഫീക്ക് യൂസഫ് “ലഹരി വിമുക്ത ക്യാമ്പസ് – വിദ്യാർഥികളുടെ പങ്ക് “ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

ലഹരി മൂലം കുടുംബബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയതോടൊപ്പം, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികളും വഹിക്കേണ്ട നിർണായക പങ്കിനെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കാൻ യുവജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലഹരി ഉപയോഗത്തിന്റെ ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങൾ, കുടുംബജീവിതത്തിൽ അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവയെ ആസ്പദമാക്കി ഹ്രസ്വചിത്ര പ്രദർശനവും വിദ്യാർഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *