“ഓപ്പറേഷൻ തൂഫാൻ” തൃശൂർ റൂറലിൽ ആഞ്ഞടിക്കുന്നു; രണ്ടാം ദിവസം രജിസ്റ്റർ ചെയ്തത് 19 കേസുകൾ ; 9 പ്രതികൾ റിമാൻഡിലേക്ക്

ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ നടത്തുന്ന ശക്തമായ പ്രതിരോധ നടപടിയായ “ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിൽ രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ ആകെ 34 കേസ്സുകൾ രജിസ്റ്റർ ചെയ്തു. 16 പ്രതികൾ റിമാൻഡിലായി.

രണ്ടാം ദിവസവും നടന്ന ശക്തമായ പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 19 കേസുകളാണ്. ഇതിൽ മാത്രം 9 പ്രതികൾ റിമാൻഡിലായി.

ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്ത് 9 കേസുകളും മയക്കുമരുന്ന് ഉപയോഗിച്ചതിന് 10 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും പൂർണ്ണമായും തടയുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ജില്ലയിലുടനീളം വ്യാപകമായ റെയ്ഡുകൾ നടത്തിയത്.

മതിലകത്ത് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച എം.ഡി.എം.എ.യുമായി 4 ലഹരിമരുന്ന് കേസുകളടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരിഞ്ഞനം അടിപറമ്പിൽ വീട്ടിൽ ആകാശ് (34) പിടിയിലായി.

ജൂൺ 1ന് വൈകീട്ട് 4.10ഓടെ പുന്നക്കുരു റോഡിൽ ഇരുമ്പൻവളവ് എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.

പ്രതിയിൽ നിന്ന് എം.ഡി.എം.എ.യും ലഹരിമരുന്ന് വിൽപനയിലൂടെ സമ്പാദിച്ച 3200 രൂപയും പൊലീസ് പിടിച്ചെടുത്തു.

ആകാശ് മതിലകം, കൈപ്പമംഗലം, കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി 9 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

വാടാനപ്പിള്ളിയിൽ
കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി കൊലപാതകശ്രമ കേസിലെ പ്രതിയായ പാടിയത്ത് വീട്ടിൽ സഞ്ജയ് (22) എന്നയാളെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി 7.55ഓടെ വാടാനപ്പിള്ളി ജവഹർ റോഡ് പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി കഞ്ചാവുമായി പിടിയിലായത്.

സഞ്ജയ് 2025ൽ വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകശ്രമ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസ്സിലും പ്രതിയാണ്.

ആളൂരിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കാൻ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി സന്തോഷ് (43) പിടിയിലായി.

ജൂൺ 1ന് വൈകീട്ട് 4.30ഓടെ ആളൂർ ഉറോത്തുംപീടിക ജംഗ്ഷനിലുള്ള മുറുക്കാൻ കടയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ 911 പാക്കറ്റുകളാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

വരന്തരപ്പിള്ളിയിൽ സ്കൂൾ- കോളെജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ പുളിഞ്ചോട് തുപ്രത്ത് വീട്ടിൽ വിഷ്ണു (30) പിടിയിൽ.

ജൂൺ 1ന് വൈകീട്ട് 3.15ഓടെ ആമ്പല്ലൂർ കൈതകുളത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലാകുന്നത്.

വിഷ്ണുവിനെതിരെ വരന്തരപ്പിള്ളി, നെടുപുഴ, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലായി 4 ക്രിമിനൽ കേസുകളുണ്ട്.

പുതുക്കാട് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവുമായി ചെങ്ങാലൂർ ശാന്തിനഗർ സ്വദേശി ചീരക്കാടൻ വീട്ടിൽ അനീഷ് (26) എന്നയാളെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.

ചാലക്കുടിയിൽ കഞ്ചാവുമായി 3 യുവാക്കൾ പിടിയിലായി. മുരിങ്ങൂർ തെക്കുംമുറി അട്ടപ്പാടം പറമ്പേൽ വീട്ടിൽ വിനായക് (18), മുരിങ്ങൂർ തെക്കുംമുറി കൊരട്ടി പാലാപറമ്പിൽ വീട്ടിൽ ഡിക്സൺ ജോയ് (20), കുറ്റിച്ചിറ വീരാഞ്ചിറ കള്ളിക്കാടൻ വീട്ടിൽ അഭിജിത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.35ഓടെ ടി & ടി റസ്റ്റോറന്റിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് വിനായക്, ഡിക്സൺ എന്നിവർ കഞ്ചാവുമായി പിടിയിലായത്.

വൈകീട്ട് 4.55ഓടെ ചാലക്കുടി സൗത്തിൽ സിറ്റി ഹൈറ്റ്സ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് അഭിജിത്തിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

അന്തിക്കാട് ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. മണലൂർ സ്വദേശി പുളിക്കൻ വീട്ടിൽ അജിൽ ജോസ് (25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 11.05ഓടെ കാഞ്ഞാണി ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതിയെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്.

അന്തിക്കാട്, കൊടകര, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിന് തിങ്കളാഴ്ച രാത്രി മുതൽ നടത്തിയ പരിശോധനയിൽ 10 കേസുകളിലായി 10 പ്രതികൾ അറസ്റ്റിലായി.

അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ മനക്കൊടി പള്ളിപുരയ്ക്കൽ വീട്ടിൽ അക്ഷയ് (27), കാരമുക്ക് ചുള്ളിയിൽ വീട്ടിൽ മിഹിർ (22), മണലൂർ നമ്പനാഥ് ഹൗസിൽ മിഥുൻ (30), കാരമുക്ക് വടക്കേത്തല വീട്ടിൽ ജോഷ്വ (28), ചാലക്കുടി സ്റ്റേഷൻ പരിധിയിൽ പെരിങ്ങൽക്കുത്ത് പുളിയിലപ്പാറ കണ്ടലൻവിളയിൽ വീട്ടിൽ ദേവലാൽ (19), ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ ആനന്ദപുരം പള്ളത്ത് വീട്ടിൽ അനന്തു (23), ആനന്ദപുരം പള്ളത്തുവീട്ടിൽ ദേവദേവൻ (20), കൊടകര സ്റ്റേഷൻ പരിധിയിൽ മനകുളങ്ങര വടക്കേക്കടവിൽ വീട്ടിൽ അരുൺ (35), പുതുക്കാട് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ കരാഞ്ചിറ പുതുവീട്ടിൽ ജ്യോതിഷ് (29), നെന്മണിക്കര പുലക്കാട്ടുകര ചക്കുംതറ വീട്ടിൽ സൂരജ് (21) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫ് ടീമിലെ പൊലീസ് ഉദ്യോഗസ്ഥരും വരന്തരപ്പിള്ളി, ചാലക്കുടി, പുതുക്കാട്, മതിലകം, അന്തിക്കാട്, വാടാനപ്പിള്ളി, ആളൂർ, കൊടകര, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലെ എസ്എച്ച്ഒ-മാരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.

വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്നും ലഹരി വിൽപ്പനക്കാരുടെയും ഉപഭോക്താക്കളുടെയും വിവരങ്ങൾ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

മൈഗ്രേഷൻ മിഷൻ ഇരിങ്ങാലക്കുടയുടെ മേഖലാതല ഉദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട : മൈഗ്രേഷൻ മിഷൻ ഇരിങ്ങാലക്കുടയുടെ മേഖലാതല ഉദ്ഘാടനം സെന്റ് മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ റവ. ഫാ. ഡോ.
ലാസർ കുറ്റിക്കാടൻ നിർവഹിച്ചു.

മേഖല പ്രസിഡന്റ്‌ ജോസ് മാമ്പിള്ളി പദ്ധതി വിശദീകരണം നടത്തി.

കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്‌, പി.ടി.എ. വൈസ് പ്രസിഡന്റ്‌ ജോസി, പി.ടി.എ. എക്സിക്യൂട്ടീവ് അംഗം ജെയിംസ്, അനു ജോൺ എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മിസ്ട്രസ്സ് റീജ ജോസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ.പി. ലിറ്റി നന്ദിയും പറഞ്ഞു.

തുടർന്ന് വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ സമ്മാനിച്ചു.

മൈഗ്രേഷൻ മിഷന്റെ രൂപതാതല ഉദ്ഘാടനം കഴിഞ്ഞ ദിവസം കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വെച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎ
നിർവ്വഹിച്ചിരുന്നു.

രൂപത പ്രസിഡന്റ്‌ ഷാജു വാലപ്പൻ സന്നിഹിതനായിരുന്നു.

ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ സംഗമം നടത്തി

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിന്റെ ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവന്നൂരിലുള്ള ഭാരത് പെട്രോളിയം പെട്രോൾ പമ്പിനു മുൻപിൽ പ്രതിഷേധ സംഗമം നടത്തി.

മണ്ഡലം പ്രസിഡൻ്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.

പ്രതിഷേധ സംഗമം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

രഘു കണ്ണാട്ട്, എ.കെ. വർഗ്ഗീസ്, കെ.ജി. ഗണേഷ് എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് നേതാക്കളായ ബൈജു കുറ്റിക്കാടൻ, കെ.കെ. അബ്ദുള്ളക്കുട്ടി, റോയ് പൊറത്തൂക്കാരൻ, കെ.സി. ജെയിംസ്, നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, കൗൺസിലർമാരായ ടി.എ. പോൾ, റെയ്ബി ജോബി എന്നിവർ പങ്കെടുത്തു.

ചേലൂർ അങ്ങാടി അമ്പ് : കമ്മിറ്റി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ചേലൂർ ഇടവക തിരുനാളിനോടനുബന്ധിച്ച് 2027 ജനുവരി 4ന് ഇടവക യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അങ്ങാടി അമ്പ് ആഘോഷമാക്കുവാൻ കമ്മിറ്റി രൂപീകരിച്ചു.

ക്രിസ്റ്റോ സെബാസ്റ്റ്യൻ ചെറുവത്തൂർ (ജനറൽ കൺവീനർ), ജോമോൻ ജോസ് മണാത്ത്, ജോബിൻ ജോസ് കരോട്ടുപറമ്പിൽ (ജോയിന്റ് കൺവീനർമാർ) എന്നിവരെയും വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും നടന്നു.

101 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.

ആൽബി ജോൺസൻ ചിറ്റേഴിപാടത്ത് (ഫിനാൻസ് കൺവീനർ), ജിബിൻ ജോസ് ചിറയത്ത് (സെക്രട്ടറി), സെറിൻ ഷാജൻ അച്ചങ്ങാടൻ (ജോയിന്റ് സെക്രട്ടറി), എബി ദേവസ്സി മണാത്ത് (പബ്ലിസിറ്റി കൺവീനർ), ആൻമരിയ ജോയ് പടമാടൻ (ജോയിന്റ് കൺവീനർ), റിക്സൺ ആന്റണി അച്ചങ്ങാടൻ (ട്രാഫിക് കൺവീനർ), ഗോഡ്വിൻ സേവ്യർ അച്ചങ്ങാടൻ (ജോയിന്റ് കൺവീനർ), ക്രിസ്റ്റിൻ ജോണി കരോട്ടുപറമ്പിൽ (ബാൻഡ് സെറ്റ് കൺവീനർ), സോളമൻ ഡേവിസ് ചിറയത്ത് (ജോയിന്റ് കൺവീനർ), ഗോഡ്വിൻ ജോസ് എക്കാടൻ (ശിങ്കാരിമേളം കൺവീനർ), ലിജോ ജോഷി കാച്ചപ്പിള്ളി (ജോയിന്റ് കൺവീനർ), ദീപക് (ഫുഡ് & റിസപ്ഷൻ കൺവീനർ) തുടങ്ങിയവരെയും നേതൃത്വത്തിനായി തിരഞ്ഞെടുത്തു.

ഇന്ധന വില നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കാറളത്ത് പ്രതിഷേധ പ്രകടനം നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരന്തരം വർധിക്കുന്ന ഇന്ധന വില നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

കാറളത്ത് നടന്ന പ്രതിഷേധ മാർച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർമാരായ കെ.ബി. ഷമീർ, പ്രീത ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ വേണു കുട്ടശാംവീട്ടിൽ, പി.എസ്. മണികണ്ഠൻ, ശശികുമാർ കല്ലട, സജീഷ് ജോസഫ്, അനിരുദ്ധൻ കൊല്ലയിൽ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിനീത, ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റ് ബിജോയ് നെല്ലിപ്പറമ്പിൽ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ സി.ജി. ഷാബു, ബിജു ആലപ്പാടൻ, ജോയ് നടക്കലാൻ, ഉണ്ണി കൈതവളപ്പിൽ എന്നിവർ പങ്കെടുത്തു.

പുസ്തക പ്രകാശനവും പുസ്തക ചർച്ചയും നടത്തി

ഇരിങ്ങാലക്കുട : സംഗമസാഹിതി ഇരിങ്ങാലക്കുടയുടെയും മഹാത്മാഗാന്ധി ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ബാബുരാജിന്റെ ‘സീതമാർ ചിന്തിക്കുന്നത്’എന്ന പുസ്തകത്തിന്റെ പ്രകാശനവും ഷൈജൻ കോമ്പരുപറമ്പിലിന്റെ ‘എലിസബത്ത്’ എന്ന നോവലിന്റെ ചർച്ചയും നടന്നു.

കവി സെബാസ്റ്റ്യൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.കെ. ഭരതൻ മാസ്റ്റർക്ക് “സീതമാർ ചിന്തിക്കുന്നത്” എന്ന പുസ്തകത്തിന്റെ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.

ഡോ. സുഭാഷിണി മഹാദേവൻ അധ്യക്ഷത വഹിച്ചു.

അഡ്വ. അജയകുമാർ, ജബീറ ബീഗം, കെ. സുധാകരൻ, രാധാകൃഷ്ണർ കിഴുത്താണി, റെനി ബേബി എന്നിവർ ആശംസകൾ നേർന്നു.

പുസ്തക ചർച്ച പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.

ജോസ് മഞ്ഞില അധ്യക്ഷത വഹിച്ചു. എ.വി. കൃഷ്ണകുമാർ, ആന്റണി കൈതാരത്ത്, കൃഷ്ണകുമാർ മാപ്രാണം, രാധാകൃഷ്ണൻ വെട്ടത്ത്, കാട്ടൂർ രാമചന്ദ്രൻ, അരുൺ ഗാന്ധിഗ്രാം, വിജയൻ ചിറ്റേക്കാട്ടിൽ, ലാൽ ഭാസ്കരൻ, ഇരിങ്ങാലക്കുട ബാബുരാജ്, ഷൈജൻ കോമ്പരുപറമ്പിൽ, കെ.എസ്. സുമിഷ എന്നിവർ പ്രസംഗിച്ചു.

മുല്ലനേഴി അനുസ്മരണവും കാവ്യ വർഷവും

ഇരിങ്ങാലക്കുട : കലാസദനം സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന സാംസ്കാരിക സംഗമത്തിനോടനുബന്ധിച്ച് മുല്ലനേഴിയുടെ 78-ാം ജന്മവാർഷികം ആചരിച്ചു.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കവി സി.വി. ശ്രീലത കാവ്യവർഷം ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വി.ആർ. ലിഷോയ്, കെ.എസ്. ഉദയകുമാർ, ഗീത എസ്. പടിയത്ത്, ആൻ്റണി കൈതാരത്ത്, വിനോദ് എടതിരിഞ്ഞി, സദു എങ്ങൂർ, സുരേഷ് ബാബു കിഴുത്താണി, ഇ.വി. സജീവിനി, ഇ.പി. വിജയൻ, ഇരിങ്ങാലക്കുട ബാബുരാജ്, പഴുവിൽ ഗോപിനാഥ്, കെ. ദിനേശ് രാജ, എൻ.എസ്. രാജൻ, രാധാകൃഷ്ണൻ വെട്ടത്ത്, അനിലൻ ചരുവിൽ, ടി.എ. തിലകൻ, നോമി കൃഷ്ണ, തുടങ്ങിയവർ അനുസ്‌മരണ പ്രഭാഷണം നടത്തുകയും കവിതകളും ഗാനങ്ങളും ആലപിക്കുകയും ചെയ്തു.

വായനക്കളരി സമാപിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ. പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച “വായനക്കളരി”യുടെ സമാപന സമ്മേളനം ഐതിഹ്യ കിഷോർ ഉദ്ഘാടനം ചെയ്തു.

എം.എസ്. നവമിചന്ദ്ര അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വായനക്കളരിയുടെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു.

ബാലവേദി കുട്ടികൾ വായനക്കളരിയിലൂടെ സൃഷ്ടിച്ച കലകളുടെ അവതരണം അരങ്ങേറി.

തുടർന്ന് കുട്ടികൾ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു.

വായനക്കളരിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി.

ലൈബ്രറി സെക്രട്ടറി പി.കെ. ഭരതൻ മാസ്റ്റർ, ലൈബ്രേറിയൻ കെ.കെ. മഞ്ജുള, പി.ആർ. രജന, ടി.ഒ. ബീന, ആയിഷ ദിയ എന്നിവർ പ്രസംഗിച്ചു.

ആഘോഷമാക്കി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി ആഘോഷിച്ചു.

യോഗം സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നവാഗതരായ വിദ്യാർഥികളുടെ കയ്യൊപ്പ് ചാർത്തലിന്റെയും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെയും പ്രാരംഭം കുറിച്ചു.

സ്കൂൾ ലീഡർ എം.ജെ. ദേവസൂര്യ വിദ്യാർഥികൾക്ക് സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അബാക്കസ് ടീം സ്കൂളിന് സമ്മാനിച്ച ടെലിവിഷൻ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ആൻസൺ ഡൊമിനിക് ഏറ്റുവാങ്ങി.

പി.ടി.എ. പ്രസിഡന്റ് അജോ ജോൺ, പൂർവ്വ അധ്യാപക സംഘടന പ്രസിഡന്റ് ഫിലോ ആന്റണി, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് ജിയോ പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത് നവാഗതരായ കുട്ടികൾക്കൊപ്പം കയ്യൊപ്പ് ചാർത്തി.

ഫോട്ടോ ഷൂട്ട്‌ @ സെൽഫി പോയിന്റ് വിദ്യാർഥികളിൽ കൗതുകമുണർത്തി.

ഹെഡ്‌മിസ്ട്രസ് റീജ ജോസ് സ്വാഗതവും അധ്യാപക പ്രതിനിധി ബിന്ദു വി. റപ്പായി നന്ദിയും പറഞ്ഞു.

അക്ഷരദീപം തെളിയിച്ച് പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിലെ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ വിനീത ടീച്ചർ ഉദ്ഘാടനം ചെയ്തു.

മാനേജർ വി.എം. സുശിതാംബരൻ അധ്യക്ഷത വഹിച്ചു.

പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടുകൂടി നവാഗതരായ കുട്ടികൾ അക്ഷരദീപം തെളിയിച്ചു.

തദവസരത്തിൽ സി.എം. കിഡ്സ് സ്കോളർഷിപ്പ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികളെ പി.ടി.എ. പ്രസിഡൻ്റ് കാർത്തിക സന്തോഷ്, എം.പി.ടി.എ. പ്രസിഡൻ്റ് ദീപ മഹേഷ്, ഒ.എസ്.എ. പ്രതിനിധി എം.ജെ. ഷാജി, ലിനി ടീച്ചർ എന്നിവർ അനുമോദിച്ചു.

യോഗത്തിൽ ഹെഡ്മിസ്ട്രസ് പി.ജി. ബിന്ദു സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് എൻ.പി. രജനി ടീച്ചർ നന്ദിയും പറഞ്ഞു.

നവാഗതരായ കുട്ടികൾക്ക് സമ്മാനപ്പൊതികൾ നൽകി. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.