പരിസ്ഥിതി ദിനാചരണം : സേവാഭാരതിയുടെ മാതൃകാവനത്തിൽ വൃക്ഷത്തൈ നട്ടു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ നടയിലുള്ള സ്ഥലത്ത് ഇരിങ്ങാലക്കുട സേവാഭാരതി പ്രത്യേകം സജ്ജമാക്കിയ മാതൃകാ വനത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പ്രശസ്ത ജൈവ കർഷകനും 2022- 23 വർഷത്തെ ഏറ്റവും നല്ല യുവകർഷകനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ ശ്യാം സേവാഭാരതിയുടെ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ ജോൺസൻ കോലങ്കണ്ണി ആശംസകൾ അർപ്പിച്ചു.

സേവാഭാരതി സെക്രട്ടറി വി. സായ്റാം സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഹരികുമാർ തളിയക്കാട്ടിൽ നന്ദിയും പറഞ്ഞു.

സേവാഭാരതി ജോയിൻ്റ് സെക്രട്ടറി ഗോപിനാഥൻ പീടികപ്പറമ്പിൽ, എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായ ജഗദീഷ് പണിക്കവീട്ടിൽ, രാജലക്ഷ്മി സുരേഷ്ബാബു, അന്നദാന സമിതി പ്രസിഡൻ്റ് രവീന്ദ്രൻ കാക്കര, സെക്രട്ടറി ബാബു നടുവളപ്പിൽ, മെഡിസെൽ പ്രവർത്തക ഷീന ബാബു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തുടർന്ന് മേൽത്തരം ഗുണനിലവാരമുള്ള പ്ലാവിൻ തൈകൾ ആവശ്യക്കാർക്ക് വിതരണം ചെയ്തു.

ഫെയര്‍വാല്യൂ പുനര്‍നിര്‍ണയം : കോണ്‍ഗ്രസ് വിജയദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ അശാസ്ത്രീയമായ ഫെയര്‍വാല്യൂ പുനര്‍നിര്‍ണയം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിയ ശക്തമായ സമരപോരാട്ടങ്ങളുടെ ഭാഗമായി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് ഫെയര്‍വാല്യൂ പുനര്‍നിര്‍ണയിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയ സര്‍ക്കാരിനും റവന്യൂ വകുപ്പിനും ജില്ലാ കളക്ടര്‍ക്കും നന്ദി അറിയിച്ച് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെന്ററില്‍ വിജയദിനം ആഘോഷിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.

ഡി.സി.സി. ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

പടിയൂര്‍ മണ്ഡലം കോണ്‍സ് പ്രസിഡൻ്റ് എ.ഐ. സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു.

ജനകീയ ആവശ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുടെ വിജയമാണിതെന്നും 4000 ഭൂവുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് നിസ്സാര കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.പി.സി.സി. മുന്‍ മെമ്പര്‍ ഐ.കെ ശിവജ്ഞാനം, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ.കെ. ഷൗക്കത്തലി, വാര്‍ഡ് മെമ്പര്‍ ഹാജിറ റഷീദ്, ഐ.എന്‍ ടി.യു.സി. മണ്ഡലം പ്രസിഡൻ്റ് പി.കെ. ഷിനോബ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എന്‍. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

മണ്ഡലം ഭാരവാഹികളായ എം.സി. നീലാംബരന്‍, ടി.കെ. സുരേന്ദ്രന്‍, എ.എം. അശോകന്‍, എ.ഡി. റാഫേല്‍, ബാബു അറക്കല്‍, പി.എസ്. ജയരാജ്, സുബ്രഹ്മണ്യന്‍, ജയബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിദ്യാർഥികൾക്ക് വൃക്ഷത്തെകൾ നൽകി ശാന്തിനികേതനിൽ പരിസ്ഥിതി ദിനാഘോഷം

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ ഹരീഷ് മേനോൻ വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ നൽകിക്കൊണ്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

ലോക പരിസ്ഥിതിദിന സന്ദേശമായ “പ്രകൃതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥക്കായ്, നമ്മുടെ ഭാവിക്കായ്” എന്ന വിഷയത്തിൽ വിദ്യാർഥിയായ സ്‌റ്റീവ് ജസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.

ഈ സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ വിദ്യാർഥികൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് മുറികളിൽ പ്രകൃതി സംരക്ഷണത്തെപ്പറ്റി വിദ്യാർഥികളിൽ അവബോധം വളർത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു.

ശാസ്ത്രവിഭാഗം മേധാവി എൻ.ആർ. ദിവ്യ നേതൃത്വം നൽകി.

കനത്ത മഴയിൽ മരം വീണ് വെള്ളാങ്ങല്ലൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : കനത്ത മഴയിൽ എസ്.എൻ. പുരം പോഴങ്കാവിൽ റോഡരികിലെ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികനായ വെള്ളാങ്ങല്ലൂർ സ്വദേശി മരിച്ചു.

വെള്ളാങ്ങല്ലൂർ കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ഠൻ ശാന്തിയാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30ഓടെ എസ്.എൻ. പുരം – പി. വെമ്പല്ലൂർ റോഡിൽ പോഴങ്കാവ് ഷാപ്പിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.

ഇദ്ദേഹം സ്കൂട്ടറിൽ വന്നുകൊണ്ടിരിക്കെ കനത്ത മഴയിൽ റോഡരികിലെ വാകമരം കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിനെതിരെ പ്രതിഷേധവുമായി സിപിഎം

ഇരിങ്ങാലക്കുട : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.

സിപിഎം ജില്ലാകമ്മിറ്റി അംഗം ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി.

മുൻ എംഎൽഎ പ്രൊഫ. കെ.യു. അരുണൻ പ്രസംഗിച്ചു.

ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.

മുരിയാട് പഞ്ചായത്തിൽ “വനിതാരാമം” ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് കൃഷിഭവനിൽ ആരംഭിച്ച 2026-27 “വനിതാരാമം” ജനകീയാസൂത്രണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ നിർവഹിച്ചു.

വനിതകൾക്ക് വിവിധ ഗ്രൂപ്പുകളായി ചെണ്ടുമല്ലി കൃഷി ചെയ്യുന്നതിനായി തൈകൾ, ജൈവവളങ്ങൾ, കൂലിച്ചെലവ് സബ്സിഡി എന്നിവ നൽകിക്കൊണ്ട് പഞ്ചായത്തിലെ പൂകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

വാർഡ് മെമ്പർ ജസ്റ്റിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ ഡോ. അഞ്ജു ബി. രാജ് പദ്ധതി വിശദീകരണം നടത്തി.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഖിത അനൂപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി, വാർഡ് മെമ്പർമാരായ തോമസ് തൊകലത്ത്, ഷീജ മോഹനൻ, സിഡിഎസ് വൈസ് ചെയർപേഴ്സൺ രമ്യ എന്നിവർ ആശംസകൾ നേർന്നു.

സിഡിഎസ് ചെയർപേഴ്സൺ മിനി സത്യൻ, കുടുംബശ്രീ അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വരുന്ന ഓണത്തിന് ചെണ്ടുമല്ലി പൂക്കളുടെ വിപണനം വനിതകൾക്ക് പ്രോത്സാഹനമാകുമെന്ന പ്രതീക്ഷയിലാണ് മുരിയാട് പഞ്ചായത്തും കൃഷിഭവനും.

എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ. സംസ്കൃതത്തിൽ ഒന്നാം റാങ്ക് നേടി കൃഷ്ണേന്ദു ജയകൃഷ്ണൻ

ഇരിങ്ങാലക്കുട : എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃതം ബി.എ. (വ്യാകരണം) കോഴ്‌സിൽ ഒന്നാം റാങ്ക് നേടി തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളെജ് വിദ്യാർഥിനി കൃഷ്ണേന്ദു ജയകൃഷ്ണൻ.

ഇരിങ്ങാലക്കുട സ്വാമീസ് ബേക്കറി ഉടമ ദൊഡ്ഡമന ജയകൃഷ്ണൻ്റെയും ക്രൈസ്റ്റ് കോളെജ് അസോസിയേറ്റ് പ്രൊഫസർ ഡോ. വിനീതയുടെയും മകളാണ് കൃഷ്ണേന്ദു.

സൈബർ തട്ടിപ്പ് തുക തിരികെ പിടിച്ചെടുക്കുന്നതിൽ തൃശൂർ റൂറൽ പൊലീസ് സംസ്ഥാനത്ത് ഒന്നാമത് :2026 മെയ് മാസം വരെ പിടിച്ചെടുത്തത് 3,34,16,377 രൂപ

ഇരിങ്ങാലക്കുട : സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇരകൾക്ക് നഷ്ടപ്പെട്ട പണം അതിവേഗം തിരിച്ചുപിടിച്ചു നൽകുന്നതിൽ തൃശൂർ റൂറൽ പൊലീസ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി.

2025ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനായി സംസ്ഥാനതലത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലും 2024ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായി സംസ്ഥാന തലത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലുമാണ് തൃശൂർ റൂറൽ പൊലീസ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

2023ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായി സംസ്ഥാനതലത്തിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ തൃശൂർ റൂറൽ പൊലീസ് രണ്ടാം സ്ഥാനത്തുണ്ട്.

പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും സേവനം ലഭ്യമാക്കുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നടപ്പിലാക്കിയ നടപടികളാണ് ഈ നേട്ടത്തിന് പിന്നിൽ.

സൈബർ ക്രൈം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെ ഇവിടെ നിയമിച്ചിരുന്നു. കൃത്യമായ ഇടവേളകളിലുള്ള നിരീക്ഷണവും അന്വേഷണ മികവും തുക വേഗത്തിൽ മരവിപ്പിക്കാനും തിരിച്ചുപിടിക്കാനും സഹായിച്ചു.

ജില്ലയിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലായി ഇതുവരെ 3,34,16,377 രൂപയാണ് പരാതിക്കാർക്ക് തിരികെ നൽകിയത്.

തട്ടിപ്പിനിരയാകുന്നവർ എത്രയും പെട്ടന്ന് തന്നെ വിവരം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഹെൽപ് ലൈൻ നമ്പറായ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കുന്നതും, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ https://cybercrime.gov.in എന്ന സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുന്നതും തൃശൂർ റൂറൽ സൈബർ പൊലീസിന് ദ്രുതഗതിയിലുള്ള ഇടപെടലുകൾ നടത്താൻ സഹായിക്കുന്നുണ്ട്.

ഗ്രാമീണ കൂട്ടായ്മയ്ക്ക് പുതിയ അധ്യായം രചിച്ച് “ആദരണീയം” സംഗമം

ഇരിങ്ങാലക്കുട : ഊരകം പി.എൽ. ഔസേപ്പ് മാസ്റ്റർ സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ “ആദരണീയം” ജനകീയ സംഗമം സംഘടിപ്പിച്ചു.

സംഗമത്തിൽ ഊരകം ഗ്രാമത്തിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് വാങ്ങിയ വിദ്യാർഥികൾക്കുള്ള ആദരവും, വിജയിച്ച എല്ലാ വിദ്യാർഥികൾക്കുമുള്ള സ്വീകരണവും, 250ൽ പരം വിദ്യാർഥികൾക്ക് പുസ്തകവിതരണവും നടന്നു.

നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സിനിമാതാരം ഇന്നസെന്റ് സോണറ്റ് “ആദരണീയം” സംഗമം ഉദ്ഘാടനം ചെയ്തു.

വായനശാലയുടെ പ്രസിഡൻ്റും, ജില്ലാ പഞ്ചായത്ത് അംഗവുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

കലാഭവൻ ജോഷി മുഖ്യപ്രഭാഷണം നടത്തി.

ഗ്രന്ഥശാല മുകുന്ദപുരം താലൂക്ക് സെക്രട്ടറി രാജൻ നെല്ലായി പുസ്തകവിതരണം നടത്തി.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് വിദ്യാർഥികളെ ജൂനിയർ ഇന്നസെന്റ് ആദരിച്ചു.

വിജയിച്ചവർക്ക് കലാഭവൻ ജോഷി സമ്മാനം നൽകി.

പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ ബാബു ചുക്കത്ത്, റിജു പോട്ടക്കാരൻ, സെന്റ് ജോസഫ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റും വായനശാല രക്ഷാധികാരിയുമായ ജോൺ ജോസഫ്, സ്റ്റാർ ക്ലബ്ബ് സെക്രട്ടറി ടോജോ തൊമ്മാന, ഊരകം പ്രവാസി കൂട്ടായ്മ കോർഡിനേറ്റർ സിന്റോ തോമസ് തെറ്റയിൽ, വാർഡ് മെമ്പർ അഞ്ജലി ഷാബു തുടങ്ങിയവർ പ്രസംഗിച്ചു.

വായനശാല സെക്രട്ടറി ജീഷ്മ പ്രബിൻ സ്വാഗതവും, സംഘാടകസമിതി ജോയിൻ്റ് കൺവീനർ ടി.കെ. മോഹനൻ നന്ദിയും പറഞ്ഞു.

ഇന്നസെൻ്റ് സോണറ്റിന് സംഘാടകസമിതി ഭാരവാഹി ആന്റോ ജോക്കിയും, കലാഭവൻ ജോഷിക്ക് വിനേഷ് മണമാടത്തിലും ഉപഹാരങ്ങൾ സമർപ്പിച്ചു.

സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത മൈഗ്രേന്റസ് മിഷന്റെ നേതൃത്വത്തിൽ 250ഓളം കുട്ടികൾക്ക്‌ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.

രൂപതാതല വിതരണോദ്ഘാടനം
കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ വെച്ച് അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവ്വഹിച്ചു.

രൂപത പ്രസിഡന്റ്‌ ഷാജു വാലപ്പൻ, രൂപത ഡയറക്ടർ ഫാ. റെനിൽ കാരാത്ര, ജില്ലാ പഞ്ചായത്തംഗം ഷോൺ പല്ലിശ്ശേരി, സ്കൂൾ മാനേജർ ഫാ. ലിജു പറമ്പത്ത്,
ഹെഡ്മിസ്ട്രസ്സ് ജെസ്സി ജോസ്, പി.ടി.എ. പ്രസിഡന്റ്‌ ടി.പി. പോളി എന്നിവർ ആശംസകൾ നേർന്നു.

ഇരിങ്ങാലക്കുട മേഖലയുടെ ഉദ്ഘാടനം പ്രസിഡന്റ്‌ ജോസ് മാമ്പിള്ളിയുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ഹൈസ്കൂളിലും, ചാലക്കുടി
മേഖലയുടെ ഉദ്ഘാടനം ഷാജൻ
പടിക്കലയുടെ നേതൃത്വത്തിൽ വി.ആർ. പുരം സ്കൂളിലും മാള മേഖലയുടെ ഉദ്ഘാടനം പ്രസിഡന്റ്‌ റോബ്സൺ
തെക്കിനിയത്തിന്റെ നേതൃത്വത്തിൽ തുമ്പൂർ സേക്രട്ട് ഹാർട്ട്‌ സ്കൂളിലും നടന്നു.

ലേജിൻ പോൾ മഞ്ഞളി, ടി.ടി. വിജു, അഡ്വ. വർഗ്ഗീസ് മണവാളൻ, ഡേവിഡ് മാങ്കൻ, അനിൽ മാളിയേക്കൽ, ജാൻ ജോസ്, ലിൻസി ഷാജു, സന്ധ്യ സെബി, റൈസൻ കോലങ്കണ്ണി എന്നിവർ നേതൃത്വം നൽകി.