സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ 11, 12, 13 തിയ്യതികളിൽ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളും, വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളും ജനുവരി 11, 12, 13 തിയ്യതികളിൽ സംയുക്തമായി ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

തിരുനാളിന് ഒരുക്കമായി ജനുവരി 2 വ്യാഴാഴ്ച മുതൽ വൈകീട്ട് 5.30ന് നവനാൾ കുർബാന ആരംഭിച്ചു.

8ന് രാവിലെ 6.40ന് വികാരി റവ ഫാ ഡോ പ്രൊഫ ലാസർ കുറ്റിക്കാടൻ തിരുനാൾ കൊടിയേറ്റം നിർവഹിക്കും.

8, 9, 10 തിയ്യതികളിൽ വൈകീട്ട് 5.30ന്റെ വിശുദ്ധ കുർബാനയോടൊപ്പം പ്രസുദേന്തിവാഴ്ചയും കുർബാനയ്ക്കു ശേഷം പള്ളി ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും.

ജനുവരി 11, ശനിയാഴ്ച്ച രാവിലെ 6 മണിയുടെ വി കുർബാനക്കു ശേഷം മദ്ബഹയിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന തിരുസ്വരൂപങ്ങളെ പള്ളിയകത്ത് വച്ചിരിക്കുന്ന രൂപക്കൂടുകളിലേക്ക് ഇറക്കി സ്ഥാപിക്കും. തുടർന്ന് യൂണിറ്റുകളിലേക്ക് കൊണ്ടുപോകുന്ന അമ്പുകൾ വെഞ്ചിരിക്കും.

വൈകീട്ട് 8 മണിക്ക് സീയോൻ ഹാളിൽ മതസൗഹാർദ്ദ സമ്മേളനം നടക്കും. സമ്മേളനത്തിൽ വിവിധ സമുദായ നേതാക്കൾ പങ്കെടുക്കും.

തിരുനാൾ ദിനമായ 12ന് രാവിലെ 10.30ൻ്റെ ആഘോഷമായ തിരുനാൾ കുർബ്ബാനയ്ക്ക് രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിക്കും.

തിരുനാൾ ദിവസം രാവിലെ 5.30നും, 7.30നും, ഉച്ചകഴിഞ്ഞ് 2.30 നും കത്തീഡ്രലിലും രാവിലെ 6.30 നും 8 മണിക്കും സ്പിരിച്ച്വാലിറ്റി സെന്ററിലും വി കുർബാനകൾ ഉണ്ടായിരിക്കും.

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. വൈകീട്ട് 7 മണിക്ക് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സമാപന പ്രാർത്ഥനയും, തിരുശേഷിപ്പിന്റെ ആശീർവ്വാദവും ഉണ്ടായിരിക്കും.

കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നിർധനരോഗികൾക്ക് മരുന്നു നൽകൽ, ഭവനരഹിതർക്കായുള്ള ഭവന നിർമ്മാണ പദ്ധതികൾ, കിഡ്‌നി രോഗികൾക്കുള്ള ഫ്രീ ഡയാലിസിസ് തുടങ്ങിയ ജീവകാരുണ്യ പ്രവർത്തികൾ കൂടുതൽ ഊർജ്വസ്വലമായി ഇക്കൊല്ലവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ 9ന് വൈകീട്ട് 7.30 ന് ചെണ്ടമേളം (പിണ്ടിമേളം) അരങ്ങേറും.

ജനുവരി 10ന് വൈകീട്ട് 7 മണിക്ക് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ് നിർവ്വഹിക്കും.

തുടർന്ന് വൈകീട്ട് 7.30ന് ഫ്യൂഷൻ മ്യൂസിക് ഷോയും ഉണ്ടായിരിക്കും.

11ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 മണി വരെ ബാൻ്റ് മേളവും 13ന് രാത്രി 9.30ന് ബാൻ്റ് വാദ്യ മത്സരവും ഉണ്ടായിരിക്കും.

അസി വികാരിമാരായ ഫാ ഹാലിറ്റ് തുലാപറമ്പൻ, ഫാ ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ തിമോസ് പാറേക്കാടൻ, സി എം പോൾ ചാമപറമ്പിൽ, ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി ഡേവി, തിരുനാൾ ജനറൽ കൺവീനർ സെബി അക്കരക്കാരൻ, ജോയിൻ്റ് കൺവീനർമാരായ പൗലോസ് താണിശ്ശേരിക്കാരൻ, സാബു കൂനൻ, പബ്ലിസിറ്റി കൺവീനർ ഷാജു പന്തലിപ്പാടൻ, ജോയിൻ്റ് കൺവീനർ ഷാജു എബ്രഹാം കണ്ടംകുളത്തി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *