ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശംഖുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടയിൽ ഉണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യത്താൽ 2012 ഫെബ്രുവരി 11ന് ശംഖുബസാറിൽ വച്ച് ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 4 ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.
പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങ ബസാർ സ്വദേശി പുളിപറമ്പിൽ വീട്ടിൽ മിട്ടു എന്ന് വിളിക്കുന്ന രശ്മിത് (37), പടിഞ്ഞാറേ വെമ്പല്ലൂർ ശംഖുബസാർ സ്വദേശി ചാലിൽ വീട്ടിൽ ദേവൻ (37) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി തൃശൂർ ഫസ്റ്റ് അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.
മതിലകം എസ്.ഐ. ആയിരുന്ന ആയിരുന്ന പത്മരാജനാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടർ ആയിരുന്ന വി.എസ്. നവാസ് തുടരന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയത് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
അന്വേഷണ സംഘത്തിൽ എ.എസ്.ഐ. പി.എച്ച്. ജഗദീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.സി. ശിവൻ എന്നിവരും ഉണ്ടായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 24ഓളം സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകളും 37 മുതലുകളും ഹാജരാക്കുകയും ചെയ്തു.
പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.
Leave a Reply