രോഗികൾക്ക് എം എസ് എസ്സിൻ്റെ സൗജന്യ മരുന്നു വിതരണം

ഇരിങ്ങാലക്കുട : സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം ആരംഭിച്ച് മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ് എസ്.) കൊടുങ്ങല്ലൂർ ടൗൺ കമ്മിറ്റി.

എം.എസ്.എസ്. സംസ്ഥാന ഉപാധ്യക്ഷൻ ടി.എസ്. നിസാമുദ്ദീൻ ഹാജി വിതരണോദ്ഘാടനം നിർവഹിച്ചു.

ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളും സേവന പ്രസ്ഥാനങ്ങളും പരസ്പര ധാരണയിൽ എത്തിയാലേ അവ ശാസ്ത്രീയമാവുകയുള്ളൂ എന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഒരേ പ്രദേശത്ത് വിവിധ സംഘടനകൾ ഒരേസമയം ഒരേ സേവനം നടത്തുന്നത് പലപ്പോഴും ആവശ്യങ്ങളുടെ ലഭ്യത മിച്ചമാകുവാനും അവ ലഭ്യമാവേണ്ട പലയിടങ്ങളിലും ലഭ്യമാകാതിരിക്കാനും ഇടവരുത്തുന്നുണ്ട്. ഈ അപാകതകൾ പരിഹരിക്കുവാൻ സേവനവും സാന്ത്വനവും നൽകുന്ന സന്നദ്ധ സംഘടനകളും സേവന പ്രസ്ഥാനങ്ങളും പരസ്പര ധാരണയിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എ. സീതി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മഹല്ല് അസിസ്റ്റന്റ് ഖത്തീബ് ഫാസിൽ അൻവരി പ്രാർത്ഥനാ നേതൃത്വവും ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.എ. ബഷീർ മുഖ്യപ്രഭാഷണവും നടത്തി.

ജില്ല ജനറൽ സെക്രട്ടറി എം.പി. ബഷീർ, മുൻ സംസ്ഥാന പ്രസിഡന്റ് ഹാജി അഹമ്മദ് കുട്ടി, പുല്ലൂറ്റ് മഞ്ഞനാ മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എം. അബ്ദുൽ ജബ്ബാർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പി.കെ. ജസീൽ, വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ജുമൈല ജസീൽ, മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) കൊടുങ്ങല്ലൂർ താലൂക്ക് ജനറൽ സെക്രട്ടറി ഇ. മുഹമ്മദ് ഉസ്മാൻ (എറമംഗലത്ത്), വനിതാ വിംഗ് ജില്ല ട്രഷറർ ബീന കാട്ടകത്ത്, മുൻ മഹല്ല് ജനറൽ സെക്രട്ടറി അഷറഫ് പാറയിൽ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുല്ലൂറ്റ് ശാഖ പ്രസിഡന്റ് എം.എം. സത്താർ, മഹല്ല് ജനറൽ സെക്രട്ടറി പി.എ. വാഹിദ്, പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും മുസ്ലിം ലീഗ് മുൻ മുൻസിപ്പൽ ജനറൽ സെക്രട്ടറിയുമായ എം.എ. ഇബ്രാഹിം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *