ഇരിങ്ങാലക്കുട : നങ്ങ്യാർകൂത്തിൻ്റെ പുനരുജ്ജീവന കാലഘട്ടത്തിൽ അമ്മന്നൂർ മാധവചാക്യാർ ചിട്ടപ്പെടുത്തിയ “പൂതനയുടെ മരണം” ഇരിങ്ങാലക്കുട നടനകൈരളിയിലെ നവരസ സാധന ശില്പശാലയിൽ കപില വേണു അവതരിപ്പിച്ചത് ഇന്ത്യയുടെ നാനഭാഗത്തു നിന്നും വന്നുചേർന്ന യുവനടീനടന്മാർക്ക് അവിസ്മരണീയമായ അനുഭവമായി.
കൊടുങ്ങല്ലൂർ കളരിയിൽ നൂറ്റാണ്ടുകളായി നിലനിന്ന ‘സ്വരവായു’ എന്ന അഭിനയശൈലി അതിൻ്റെ പൂർണതയിൽ എത്തുന്നത് മരണം എന്ന യാഥാർത്ഥ്യത്തെ കലാപരമായി ആവിഷ്ക്കരിക്കുവാൻ നടത്തിയ ശ്രമങ്ങളിലൂടെയാണ്.
ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ “കീചകൻ്റെ മരണം” പട്ടിക്കാംതൊടി രാവുണ്ണി മേനോനെയും, “ബാലിയുടെ മരണം” അമ്മന്നൂർ മാധവ ചാക്യാരെയും അഭ്യസിപ്പിച്ചത് അവർ അരങ്ങുകളിൽ അനശ്വരമാക്കി.
കൊടുങ്ങല്ലൂർ കളരിയുടെ അഭിനയ സങ്കേതങ്ങളെ കുറിച്ച് വേണുജി ആമുഖ പ്രഭാഷണത്തിലൂടെ വിശദീകരിച്ചു.
ഡോ. സ്നേഹ ശശികുമാർ പൂതനാമോക്ഷത്തിൻ്റെ ഇതിവൃത്തം സദസ്സിന് വിശദീകരിച്ചു.












Leave a Reply