ഇരിങ്ങാലക്കുട : ഷെയർ മാർക്കറ്റിംഗിൻ്റെ മറവില്‍ വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്ന് 150 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് പരാതിക്കാരില്‍ നിന്നും മൊഴികളെടുത്തു. മൊഴികളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരികയാണ്.
55 പേരുടെ പരാതികളില്‍ നിന്നും ആറ് കേസുകളാണ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരെണ്ണം തൃശ്ശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചും ബാക്കി അഞ്ച് കേസുകള്‍ ഇരിങ്ങാലക്കുട സിഐയുമാണ് അന്വേഷിക്കുന്നത്.
ബില്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഇരിങ്ങാലക്കുട നടവരമ്പ് കിഴക്കേവളപ്പില്‍ വീട്ടില്‍ ബിബിന്‍, ഭാര്യ ജൈത വിജയന്‍, സഹോദരന്‍ സുബിന്‍, ജനറല്‍ മാനേജര്‍ സജിത്ത് എന്നിവരുടെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.
കേരളത്തിനു പുറത്തും വിദേശത്തും തട്ടിപ്പ് നടന്നുവെന്ന് നിക്ഷേപകര്‍തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും നിലവില്‍ ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മാത്രമാണ് ഇതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിരിക്കുന്നത്.
തട്ടിപ്പ് പുറത്തുവന്ന സ്ഥിതിക്ക് പരാതികളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷ പൊലീസിനുണ്ട്. കേരളത്തിനു പുറത്തും ദുബായ് കേന്ദ്രീകരിച്ചുമെല്ലാം വന്‍തോതില്‍ നിക്ഷേപ സമാഹരണം നടന്നുവെന്നും നിക്ഷേപകര്‍ പറയുന്നു. ലഭിച്ച 55 പരാതികളില്‍ പലതും കൂട്ടായി നല്‍കിയ പരാതികളാണ്.
32 പേര്‍ ഒരുമിച്ചു നല്‍കിയ പരാതി ഇതില്‍പ്പെടുന്നു. ബാക്കിയുള്ളവ വ്യക്തിപരമായ പരാതികളാണ്. കൂട്ടായി നല്‍കിയ പരാതികളില്‍ ഉള്‍പ്പെട്ടവരില്‍ ചിലരും വ്യക്തിപരമായ പരാതി നല്‍കിയിട്ടുണ്ട്. ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ നഷ്ടമായ എങ്ങണ്ടിയൂര്‍ ചിറയത്ത് വീട്ടില്‍ ബിന്ദു, പത്ത് ലക്ഷം വീതം നഷ്ടമായ ഇരിങ്ങാലക്കുട സോള്‍വെന്റ് വെസ്റ്റ് റോഡില്‍ കല്ലുമാന്‍ പറമ്പില്‍ രവികൃഷ്ണദാസ്, കാരുമാത്ര സ്വദേശി രഞ്ജിത്ത്, പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപേട്ട വടക്കേടത്ത് മന രമേഷ്, രണ്ട് കോടി അറുപത്തിഅഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടപ്പെട്ട എടക്കുളം കരുമാന്ത്ര വീട്ടില്‍ സേതുരാമന്‍, ചേലൂര്‍ സ്വദേശി കരുമാന്ത്ര വീട്ടില്‍ രഘുരാമന്‍ എന്നിവരുടെ പരാതികളിലാണ് കേസ്സ് എടുത്തിരിക്കുന്നത്.
രഘുരാമനും ഭാര്യയും മകന്‍ കൃഷ്ണജിത്തും ചേര്‍ന്ന് 40 ലക്ഷം രൂപയാണ് 2021, 2023 വര്‍ഷങ്ങളിലായി നിക്ഷേപിച്ചത്. 2021ല്‍ നിക്ഷേപിച്ച ഘട്ടത്തില്‍ വാഗ്ദാനം ചെയ്ത ലാഭവിഹിതം ആദ്യ മാസങ്ങളില്‍ ലഭിച്ചിരുന്നതായി രഘുരാമന്‍ പറഞ്ഞു. രഘുരാമന്റെയും ഭാര്യയുടെയും പേരില്‍ അഞ്ച് ലക്ഷം വീതവും മകന്റെ പേരില്‍ 30 ലക്ഷവുമാണ് നിക്ഷേപിച്ചത്.
2024 തുടക്കത്തോടെ ബില്യണ്‍ ബീസ് തകര്‍ച്ചയുടെ പാതയില്‍ ആയെങ്കിലും പണം നഷ്ടപ്പെട്ടവര്‍ ആരും പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആദ്യമായി ബില്യൺ ബിസിനെതിരെ പരാതി വരുന്നത്. സ്ഥാപനത്തിലെ 5 ജീവനക്കാര്‍ ചേര്‍ന്ന് തൃശൂര്‍ എസ്.പി.ക്ക് പരാതി നൽകുകയായിരുന്നു.
ഡിസംബര്‍ 14 നാണ് 32 പേര്‍ എസ്.പി. ഓഫീസില്‍ എത്തി പരാതി നല്‍കിയത്. പലരും ഇപ്പോഴും പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പരാതി നല്‍കാതിരിക്കുകയാണ്. ഇതു കൂടാതെ വന്‍തുക നിക്ഷേപമായി നല്‍കിയവരും പരാതി നല്‍കാന്‍ മടിക്കുന്നുണ്ട്.
നിക്ഷേപത്തുകയുടെ ഉറവിടം പറയേണ്ടി വരുമെന്നതാണ് പലരേയും പിന്തിരിപ്പിക്കുന്നത്.
ഇതിനിടയിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രതി പട്ടികയില്‍ കമ്പനി ഉടമകളുടെ ഒരു സഹോദരനെയും നടത്തിപ്പുകാരിലുണ്ടായിരുന്ന ഒരു മാനേജറെയും ഒഴിവാക്കിയതായി നിക്ഷേപകര്‍ ആക്ഷേപം ഉയർത്തുന്നുണ്ട്.
കമ്പനിയുടെ രണ്ട് മാനേജര്‍മാരിൽ സജിത്ത് എന്ന മാനേജര്‍ക്കെതിരെ കേസെടുത്തുവെങ്കിലും രണ്ടുകൈ സ്വദേശിയായ റിജോയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് ആരോപണം. നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ റിജോയുടെ പേരും ഉണ്ടായിരുന്നു. റിജോയ് ഇപ്പോള്‍ ദുബായിലെ ഒരു ബാങ്കില്‍ ക്രെഡിറ്റ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്ന് നിക്ഷേപകര്‍ പറയുന്നു.
കമ്പനിയുടെ നടത്തിപ്പിലുണ്ടായിരുന്ന ബിബിന്റെ സഹോദരന്‍ ലിബിനെതിരെയും കേസെടുത്തിട്ടില്ലെന്ന് നിക്ഷേപകർ ആരോപിച്ചു.
Leave a Reply