ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക ചികിത്സാ ആവശ്യത്തിനായി ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് മതിയായ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചതായി പരാതി.
പൊറത്തിശ്ശേരി കോട്ടക്കകത്തുകാരൻ പൗലോസ് (68) ആണ് മരിച്ചത്.
പൗലോസിൻ്റെ ഭാര്യ വെറോനിക്കയും കുടുംബവുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിലെ ലോട്ടറിക്കടയിലെ ജീവനക്കാരനായ പൗലോസിന് രാവിലെ കടയിലേക്ക് വരുന്ന വഴി സൈക്കിളിന് മുൻപിലേക്ക് പട്ടി വട്ടം ചാടി ആഗസ്റ്റ് 23നാണ് അപകടം പറ്റുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൗലോസിന് ചികിത്സക്ക് 10 ലക്ഷത്തോളം രൂപ ചെലവായി. തുടർന്നും ചികിത്സയ്ക്ക് പണം തികയാതെ വന്നപ്പോൾ വീട്ടിലേക്ക് മാറ്റി. അപ്പോഴും ഓരോ മാസവും 1 ലക്ഷം രൂപയിലേറെ ചിലവ് വന്നിരുന്നു.
ചികിത്സ ആരംഭിച്ചപ്പോൾ മുതൽ ബാങ്കിലുള്ള പണം പിൻവലിക്കാൻ ഒത്തിരി തവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.
എല്ലാ മാസവും പണം ആവശ്യപ്പെട്ട് ബാങ്കിൽ കത്ത് നൽകുമായിരുന്നെങ്കിലും പതിനായിരവും ഇരുപതിനായിരവുമൊക്കെയാണ് കിട്ടിയിരുന്നതെന്നും പൗലോസിൻ്റെ ഭാര്യ പറഞ്ഞു.
10 വർഷംമുമ്പ് പൗലോസ് കരുവന്നൂർ ബാങ്കിൽ 4 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. 50,000 രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ടായിരുന്നു.
ഈ തുകയാണ് പൗലിസിന് തൻ്റെ ചികിത്സാ ആവശ്യത്തിന് പോലും ഉപകരിക്കാതെ ബാങ്കിൽ തന്നെ കിടന്നത്.
പല തവണയായി കിട്ടിയതിൽ ബാക്കിയായി ബാങ്കിൽനിന്ന് ഇനിയും രണ്ടരലക്ഷത്തോളം രൂപ കിട്ടാനുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയും ബാങ്കിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പണം കിട്ടിയില്ലെന്നും വെറോനിക്ക പറഞ്ഞു.
ഞായറാഴ്ച മരിച്ച പൗലോസിൻ്റെ സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.
Leave a Reply