നാഷണല്‍ ഇന്‍റഗ്രേഷന്‍ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നേടി ക്രൈസ്റ്റ് കോളെജിലെ വിദ്യാർഥികൾ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളെജില്‍ നിന്ന് എന്‍.എസ്.എസ്. വൊളൻ്റിയര്‍മാരായ പി.എ. ഹരിനന്ദനും ലക്ഷ്മി എസ്. കുമാറിനും ഒഡീഷ്യയിലെ ബെര്‍ഹാംപുര്‍ യൂണിവേഴ്‌സിറ്റിയില്‍ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് നടത്തുന്ന നാഷണല്‍ ഇന്‍റഗ്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം.

എടക്കുളം സ്വദേശികളായ പട്ടശ്ശേരി വീട്ടില്‍ അനീഷ് – ജാസ്മി ദമ്പതികളുടെ മകന്‍ പി.എ. ഹരിനന്ദന്‍, കൊടുങ്ങല്ലൂര്‍ ശൃംഗപുരം സ്വദേശികളായ പുത്തന്‍കോവിലകം ശ്രീകുമാര്‍ – ലേഖ എന്നിവരുടെ മകള്‍ ലക്ഷ്മി എസ്. കുമാര്‍ എന്നിവര്‍ക്കാണ് ഈ സുവര്‍ണാവസരം കൈവന്നിരിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. സെല്ലിന്‍റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ മത്സരപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, യൂണിവേഴ്‌സിറ്റിതലത്തിലുള്ള അഭിമുഖം എന്നിവ നടത്തിയാണ് ഇരുവരെയും തെരഞ്ഞെടുത്തത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററായ ഫൈസല്‍ അഹമ്മദിന്‍റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളെജുകളില്‍ നിന്നായി ആറ് എന്‍.എസ്.എസ്. വൊളൻ്റിയര്‍മാരാണ് കേരളത്തെ പ്രതിനിധീകരിച്ച് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ജനുവരിയില്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവലിന്‍റെ ഭാഗമായി ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വച്ച് നടന്ന ”വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്” എന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരവും എടക്കുളം സ്വദേശി ഹരിനന്ദന് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *