കൂടൽമാണിക്യത്തിൽ മാതൃക്കൽ ബലിദർശനം പരമപുണ്യം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി നടക്കുന്ന താന്ത്രിക ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു കരുതുന്ന ശ്രീഭൂതബലിയുടെ മാതൃക്കൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്.

രാവിലെ ശീവേലിക്കും വൈകീട്ട് വിളക്കെഴുന്നള്ളിപ്പിനും സംഗമേശൻ്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴാണ് മാതൃക്കൽ ബലിദർശനം എന്ന ഭക്തിനിർഭരമായ ചടങ്ങ് നടക്കുക.

ദേവൻ ആദ്യമായി ശ്രീകോവിലിൽ നിന്ന് പുറത്തിറങ്ങുന്ന കൊടിപ്പുറത്തു വിളക്കിനാണ് ആദ്യ മാതൃക്കൽബലി.

തുടർന്നുള്ള എട്ടു ദിവസവും രാവിലെ 7.45നും രാത്രി 8.15നും, പള്ളിവേട്ടയ്ക്കും ആറാട്ട് ദിവസവും രാവിലെയും മാതൃക്കൽബലി നടക്കും.

മാതൃക്കൽ ദർശനത്തിന് മുന്നോടിയായി ശ്രീഭൂതബലി നടത്തും. ഈ സമയത്ത് ചെണ്ട, തിമില, കൊമ്പ്, കുഴൽ എന്നിവ ചേർന്നുള്ള വാദ്യം ഒരു പ്രത്യേകത തന്നെയാണ്.

വാതിൽമാടത്തിൽ ദേവീസങ്കല്പത്തിൽ ബലിതൂകി പുറത്തേക്ക് എഴുന്നള്ളിക്കും.

ഒട്ടു മിക്ക ക്ഷേത്രങ്ങളിലും നിത്യ ശീവേലിക്ക് തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുമെങ്കിലും കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവ കാലത്തു മാത്രമേ ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കാറുള്ളൂ.

(ഇതോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങൾ ഈ വർഷം എടുത്തതല്ല. മുമ്പ് എടുത്തിട്ടുള്ളതാണ്)

Leave a Reply

Your email address will not be published. Required fields are marked *