സംഗമേശൻ്റെ ഇല്ലം നിറയ്ക്കുള്ള വിത്ത് വിതച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് ആവശ്യമായ നെൽക്കതിർ ഉത്പാദിപ്പിക്കുന്നതിന്റെ വിത്തിടൽ ചടങ്ങ് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.

ആഗസ്റ്റ് 16നാണ് ഇപ്രാവശ്യം ഇല്ലം നിറ.

2018 മുതൽ സംഗമേശന്റെ ഇല്ലം നിറയ്ക്കുള്ള നെല്ല് ദേവസ്വം പറമ്പിൽ തന്നെയാണ് ഉൽപ്പാദിപ്പിക്കുന്നത്.

90 ദിവസം കൊണ്ട് വിളവെടുക്കാവുന്ന കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള ‘മനുരത്ന’ എന്ന ഇനം വിത്താണ് കൊട്ടിലാക്കൽ പറമ്പിൽ വിതച്ചിരിക്കുന്നത്.

പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ, നഗരസഭ കൗൺസിലർ പി.വി. ശിവകുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കൂടൽമാണിക്യം തിരുവുത്സവം : സമ്മാനങ്ങൾ ഏറ്റുവാങ്ങി ദീപാലങ്കാര മത്സരവിജയികൾ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഠാണാ മുതൽ കൂടൽമാണിക്യം ക്ഷേത്രം വരെയുള്ള വ്യാപാര സ്ഥാപനങ്ങളെയും വിവിധ ഓഫീസുകളെയും ക്ഷേത്രത്തിന് നാല് പരിസരത്തുമുള്ള വീടുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ദീപാലങ്കാര മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഏറ്റവും ആകർഷണീയമായി ദീപാലങ്കാരം ഒരുക്കിയ വീടുകൾക്കുള്ള ഒന്നാം സമ്മാനം കൊരുമ്പിശ്ശേരി സദ്ഗമയയിലെ ആശ ധർമ്മപാലനും, രണ്ടാം സമ്മാനം ആസാദ് റോഡിലെ ബൈജു അമ്പാട്ടും, മൂന്നാം സമ്മാനം മാണിക്യം അപ്പാർട്ട്മെൻ്റും സ്വന്തമാക്കി.

വ്യാപാര സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കുമായി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കോൺഗ്രസ്സ് പാർട്ടിയുടെ ആസ്ഥാനമായ രാജീവ്ഗാന്ധി മന്ദിരവും രണ്ടാം സ്ഥാനം ചെറാക്കുളം ടൂറിസ്റ്റ് ഹോമും മൂന്നാം സ്ഥാനം ലക്ഷ്മി സ്റ്റോഴ്സും സ്വന്തമാക്കി.

ഒന്നാം സമ്മാനം 25000 രൂപയും എവറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയുമാണ് വിജയികൾക്ക് സമ്മാനിച്ചത്.

ഐസിഎൽ ഫിൻകോർപ്പ് ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മതസൗഹാർദ്ദ സമ്മേളനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒത്തുകൂടിയ ചടങ്ങിൽ വെച്ച് വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

എൻ.എസ്.എസ്. യൂണിയൻ സംഭാര വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് മുകുന്ദപുരം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സംഭാര വിതരണം ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവും മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാനുമായ മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ഓഫീസിന് മുൻപിൽ നടന്ന ചടങ്ങിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം വിജയൻ ചിറ്റേത്ത് നന്ദിയും പറഞ്ഞു.

പ്രതിനിധി സഭാംഗങ്ങളായ ടി. ഉണ്ണികൃഷ്ണമേനോൻ, ഡി.പി. നായർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ചന്ദ്രമതി സുരേഷ്, ബിന്ദു ജി. മേനോൻ, രമ വിജയൻ, രവി കണ്ണൂർ, യൂണിയൻ ഇലക്ട്രറൽ റോൾ മെമ്പർ കെ.പി. ഹരീഷ്കുമാർ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങളായ ശ്രീദേവി മേനോൻ, ജയന്തി രാഘവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആറാട്ട് ദിനമൊഴികെ എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണി മുതലാണ് സംഭാരവിതരണം നടത്തുക.

കൂടൽമാണിക്യം തിരുവുത്സവം : മാണിക്യശ്രീ പുരസ്കാരം കൂടിയാട്ട കലാകാരൻ വേണുജിക്ക് സമർപ്പിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് തെക്കേ നടയിൽ പ്രത്യേകം സജ്ജമാക്കിയ മാണിക്യം വേദിയിൽ വച്ച് ഇപ്രാവശ്യത്തെ മാണിക്യശ്രീ പുരസ്കാരം നളിൻ ബാബു പ്രശസ്ത കൂടിയാട്ട കലാകാരൻ വേണുജിക്ക് സമർപ്പിച്ചു.

സാംസ്കാരിക സമ്മേളനം കഥകളി ആചാര്യൻ രാഘവനാശാൻ ഉദ്ഘാടനം ചെയ്തു.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളീ ഹരിതം ആമുഖപ്രഭാഷണം നടത്തി.

തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ കെ. ബിന്ദു, വി.സി. പ്രഭാകരൻ, രാഘവൻ മുളങ്ങാടൻ, കൗൺസിലർ പി.സി. രഘു, ആദിശ്രീ എന്നിവർ ആശംസകൾ നേർന്നു.

ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയ്കുമാർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ് നന്ദിയും പറഞ്ഞു.

പ്രഥമാഹുതിയുടെ പുണ്യസ്മരണയിൽസംഗമേശസന്നിധിയിൽ ഹവിർധാന്യവുമായിഊരാഴ്മക്കാർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവാഘോഷവേളയിൽ ദേവനും, ഭഗവാൻ്റെ പാർഷദന്മാർക്കും, സേനാംഗങ്ങളായ ഭൂതഗണങ്ങൾക്കുമെല്ലാം വിശേഷാൽ നിവേദ്യത്തിനും ശ്രീഭൂതബലിക്കും വേണ്ടതായ ഹവിർധാന്യവുമായി പൂർവ്വിക നിശ്ചയപ്രകാരം ഊരാഴ്മക്കാർ ഭഗവത് സന്നിധിയിൽ പ്രാർത്ഥനാപൂർവ്വം ഒത്തുചേർന്നു.

ആശ്രമസദൃശമായ യജ്ഞഭൂമികയിൽ യോഗീശ്വര ഭാവത്തിൽ പരിലസിക്കുന്ന കൂടൽമാണിക്യ സ്വാമിയുടെ ക്ഷേത്രസങ്കേതം വിവാദങ്ങളകന്ന് നന്ദിഗ്രാമസമാനം സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയുമായി സമ്മേളിച്ച ഊരാഴ്മാവകാശികളിൽ നിന്നും ദേവസ്വം മാനേജർ ഇൻ ചാർജ്ജ് കെ.കെ. ഹരിത ദേവസ്വത്തിനുവേണ്ടി ഹവിർധാന്യം ഏറ്റുവാങ്ങി.

ഊരാഴ്മ ഇല്ലങ്ങളെ പ്രതിനിധീകരിച്ച് കെ.എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട്, എടതിരിഞ്ഞി രാജീവ് നമ്പൂതിരി, കെ.ഡി. ദാമോദരൻ നമ്പൂതിരി, ഡി.എൻ. നാരായണൻ നമ്പൂതിരി എന്നിവർ സന്നിഹിതരായിരുന്നു.

മണക്കാട് പരമേശ്വരൻ നമ്പൂതിരി ആശീർവാദമരുളി.

ആശങ്ക ഒഴിയുന്നു : കുട്ടൻകുളത്തിൻ്റെ തെക്കേ മതിൽ നിർമ്മാണം അവസാന ഘട്ടത്തിൽ

ഇരിങ്ങാലക്കുട : ഏപ്രിൽ 28ന് ആരംഭിക്കുന്ന കൂടൽമാണിക്യം തിരുവുത്സവത്തിനു മുന്നോടിയായി കുട്ടൻകുളത്തിന്റെ നവീകരണ പ്രവർത്തികൾ തീരുമോ എന്ന ഭക്തജനങ്ങളുടെ ആശങ്ക ഒഴിയുന്നു. കുളത്തിൻ്റെ തെക്കേ മതിൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.

ഭക്തജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് കുളത്തിന്റെ തെക്കേ മതിലിന്റെയും പടിഞ്ഞാറേ ഭാഗത്തെയും പ്രവൃത്തികൾ ഉത്സവത്തിന് മുന്നോടിയായി പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് പിഡബ്ല്യുഡിക്കും, കുളത്തിൻ്റെ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്കും ദേവസ്വം കത്ത് നൽകിയിരുന്നു.

തെക്കേ മതിലിന്റെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. പടിഞ്ഞാറെ മതിൽ പൂർണ്ണമായും പൊളിച്ചു നീക്കിയിട്ടില്ല. നവീകരണ പ്രവൃത്തികൾക്ക് ആവശ്യമായ സാമഗ്രികൾ കുളത്തിലേക്ക് ലോറിയിൽ ഇറക്കാൻ കഴിയും വിധം കുറച്ച് ഭാഗത്തെ മതിൽ മാത്രമാണ് പൊളിച്ച് നീക്കിയിട്ടുള്ളത്. ഇവിടെ അപകടസാധ്യത ഒഴിവാക്കും വിധം മറയ്ക്കാനാണ് സാധ്യത.

നവീകരണ പ്രവൃത്തികൾ പുരോഗമിക്കെ ദേവസ്വത്തിന്റെ ആർക്കിയോളജിക്കൽ മ്യൂസിയത്തിന് മുമ്പിലുള്ള റോഡ് പകുതിയോളം ഇടിഞ്ഞു താഴ്ന്നിരുന്നു. തെക്കേ ഭാഗത്ത് മതിലിനുള്ള തറ കെട്ടിയതിനു പിന്നാലെ തന്നെ ഇടിഞ്ഞു താഴ്ന്ന റോഡ് മണ്ണിട്ട് നികത്തുകയും ചെയ്തിട്ടുണ്ട്.

അതിനാൽ ഉത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കും ഉത്സവ ചടങ്ങുകൾക്കും തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്നത് ഏറെ ആശ്വാസത്തോടെയാണ് ഭക്തജനങ്ങൾ നോക്കിക്കാണുന്നത്.

കുളത്തിന്റെ ബാക്കി നവീകരണ പ്രവൃത്തികളും സൗന്ദര്യവൽക്കരണവും ഉത്സവത്തിന് ശേഷം പുനരാരംഭിക്കാനാണ് സാധ്യത.

തന്ത്രിമാർ ക്ഷേത്രവുമായി സഹകരിക്കുന്നില്ല എന്ന ദേവസ്വത്തിൻ്റെ വാദം താന്ത്രിക ചടങ്ങുകൾ മാറ്റിമറിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗം : കൂടൽമാണിക്യം ക്ഷേത്രം തന്ത്രിമാർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾക്ക് സഹകരിക്കാതെ അഞ്ച് തന്ത്രിമാർ മാറി നിൽക്കുന്നു എന്ന മട്ടിൽ ദേവസ്വം നൽകി വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധവും ചില ഗൂഢാലോചനകളുടെ ഭാഗവുമാണെന്ന് വ്യക്തമാക്കി ക്ഷേത്രം തന്ത്രിമാരായ നകരമണ്ണ് മന നാരായണൻ നമ്പൂതിരി, കിടങ്ങശ്ശേരി തരണനല്ലൂർ ദേവൻ നാരായണൻ, അണിമംഗലം നാരായണൻ നമ്പൂതിരി എന്നിവർ രംഗത്തെത്തി.

2025ലെ പ്രതിഷ്ഠാദിന ചടങ്ങുകൾ കഴിഞ്ഞ 17 വർഷങ്ങളിലെ പോലെ ഈ അഞ്ച് തന്ത്രി കുടുംബാംഗങ്ങൾ മാത്രമാണ് നിർവ്വഹിച്ചത്. 2025ലെ തിരുവുത്സവം, ചിങ്ങമാസത്തിലെ ദ്രവ്യ കലശ ചടങ്ങുകൾ, അടുത്തു നടന്ന ഈ വർഷത്തെ പ്രതിഷ്ഠാദിന ചടങ്ങുകൾ എന്നിവയിലും പതിവുപോലെ തങ്ങൾ പങ്കെടുത്തിരുന്നതായി തന്ത്രിമാർ വ്യക്തമാക്കി.

ദേവസ്വം വിളിച്ചു ചേർക്കുന്ന എല്ലാ യോഗങ്ങളിലും തന്ത്രിമാർ പങ്കെടുക്കുകയും പങ്കെടുക്കാൻ സാധ്യമല്ലാത്ത അവസരങ്ങളിൽ മതിയായ കാരണങ്ങൾ അറിയിക്കുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്ത്രിമാർ സഹകരിക്കുന്നില്ല എന്ന പ്രസ്താവനകൾ സത്യവിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.

വാസ്തവം ഇതായിരിക്കെ, അസത്യ പ്രസ്താവനകളും വാർത്തകളും സൃഷ്ടിച്ച് തങ്ങളുടെ ആജ്ഞാനുവർത്തികളാകാൻ തയ്യാറാവാത്ത തന്ത്രി സമൂഹത്തെ കുറിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുകയും, അവമതിപ്പ് ഉണ്ടാക്കി മാറ്റി നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ഈ മഹാക്ഷേത്രത്തിലെ വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളെയും ആചാരാനുഷ്ഠാനങ്ങളെയും തങ്ങൾക്ക് വഴങ്ങുന്ന തൽപരകക്ഷികളെ കൂട്ടുപിടിച്ച് മാറ്റിമറിക്കാനാണെന്ന് ഈ വർഷത്തെ തിരുവുത്സവ നോട്ടീസിൽ നിന്ന് വ്യക്തമാണെന്നും അവർ ആരോപിച്ചു.

തപോവനം പോലെ ശാന്തമായ ഈ ക്ഷേത്ര അന്തരീക്ഷം കൂടുതൽ വിവാദങ്ങളും പ്രശ്നങ്ങളും മൂലം മലിനമാവരുതെന്ന താൽപര്യം കൊണ്ടാണ് തങ്ങൾ ഇതുവരെ പൊതുവേദികളിൽ പ്രതികരിക്കാതിരുന്നത്. വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളാലും ആചാര അനുഷ്ഠാനങ്ങളാലും പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ചിട്ടയായ ആചാരങ്ങളെ വ്യവസ്ഥാപിതമായ ദേവ സമ്മതമോ നിയമ നിശ്ചയമോ കൂടാതെ, തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റിമറിക്കുവാൻ സമാന ചിന്താഗതിക്കാരുമായി കൂട്ടുചേർന്ന് ദേവസ്വം തീരുമാനിച്ചിരിക്കുന്നത് കൂടൽമാണിക്യം സ്വാമിയോടും ജനപദത്തോടും ചെയ്യുന്ന അപരാധമാണെന്നും ക്ഷേത്രം തന്ത്രിമാർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ആകർഷകമായി കൂടൽമാണിക്യം കിഴക്കേ ഗോപുരനടയിൽ അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട് ഭക്തജനങ്ങൾക്ക് ഏറെ ആകർഷകമായി.

കലാനിലയം ഗോപി (ശ്രീരാമൻ), കലാനിലയം രാഘവനാശാൻ (ഭരതൻ), കലാമണ്ഡലം ഹരിദാസൻ (വിഭീഷണൻ), കലാമണ്ഡലം അരുൺ രാജു (സീത), കലാനിലയം കരുണാകരക്കുറുപ്പ് (ഭരദ്വാജൻ, വസിഷ്ഠൻ), കലാനിലയം വിനോദ് (ഹനുമാൻ) തുടങ്ങിയവരും സർവ്വതോഭദ്രത്തിലെ കലാകാരന്മാരുമാണ് വേഷമണിഞ്ഞത്.

നവതിയോടടുത്ത കലാനിലയം രാഘവനാശാൻ ആകട്ടെ, കൂടൽമാണിക്യം ക്ഷേത്രത്തിൽ ശ്രീഭരതൻ്റെ വേഷം കെട്ടുന്നതിൽ സ്വന്തം റെക്കോർഡ് പുതുക്കുകയും ചെയ്തു.

കലാനിലയം രാജേന്ദ്രനും കലാനിലയം ബാബുവും സംഗീതത്തിലും, കലാനിലയം പ്രകാശനും കലാനിലയം സന്തോഷും മദ്ദളത്തിലും, കലാനിലയം ദീപക്, കലാനിലയം വിനായകൻ എന്നിവർ ചെണ്ടയിലും പശ്ചാത്തലം ഒരുക്കി.

ഭക്തജനങ്ങൾക്ക് തിക്കും തിരക്കും കൂടാതെ ശ്രീരാമപട്ടാഭിഷേകം കഥകളി കാണാൻ സന്ദർഭം ലഭിച്ചു എന്നതും വഴിപാടിന്റെ പ്രത്യേകതയായി.

പ്രൊഫ. ലക്ഷ്മണൻ നായർക്കുവേണ്ടി ഭാര്യ സാവിത്രി ലക്ഷ്മണൻ, മക്കളായ ബാലമുരളി, അപർണ്ണ, മരുമക്കൾ ലക്ഷ്മി, രഞ്ജിത്, പേരക്കുട്ടികളായ അർജ്ജുൻ, അദ്വൈത്, അജിത്, ആർദ്രലക്ഷ്മി എന്നിവർ ചേർന്നാണ് വഴിപാട് സമർപ്പിച്ചത്.

പേരക്കുട്ടി അജിത്തിൻ്റെ അരങ്ങേറ്റവും ഇതോടൊപ്പം അരങ്ങേറി.

കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തിനിർഭരം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആചരിച്ചു.

രാവിലെ കലശപൂജകൾ, തുടർന്ന് ബ്രഹ്മകലശം, ഉച്ചപൂജയ്ക്ക് കളഭം എന്നിവ നടന്നു.

രാവിലെ പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം അരങ്ങേറി.

തുടർന്ന് ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മന അനിപ്രകാശ് നമ്പൂതിരിപ്പാട് നേതൃത്വം നൽകി.

കൂടൽമാണിക്യത്തിൽ നാളെ തിരുവോണ ഊട്ട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ മിഥുന മാസത്തിലെ തിരുവോണ ഊട്ട് നാളെ (ശനിയാഴ്ച) തെക്കേ ഊട്ടുപുരയിൽ വെച്ച് നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.