കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മദിനാഘോഷവുംകലാസാഗർ പുരസ്‍കാര സമർപ്പണവും മെയ് 28ന്

ഇരിങ്ങാലക്കുട : കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷനും കലാസാഗർ സ്ഥാപകനുമായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിൻ്റെ 101-ാം ജന്മദിനാഘോഷവും കലാസാഗർ പുരസ്കാര സമർപ്പണവും മെയ് 28ന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കും.

ചടങ്ങിൽ പ്രശസ്ത കലാനിരൂപകനും വാഗ്മിയുമായ കേരള കലാമണ്ഡലത്തിന്റെ മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. കലാധരന് മികച്ച കലാനിരൂപകനുള്ള പുരസ്കാരം നൽകി ആദരിക്കും.

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാർത്ഥം നൽകുന്ന കലാസാഗർ പുരസ്കാരങ്ങൾ ഓയൂര്‍ രാമചന്ദ്രന്‍ (കഥകളി വേഷം), കലാമണ്ഡലം സുരേന്ദ്രന്‍ (കഥകളി സംഗീതം), കീരിക്കാട് പുരുഷോത്തമൻ പണിക്കർ (കഥകളി ചെണ്ട), കലാനിലയം രാമനുണ്ണി മൂസ്സത് (കഥകളി മദ്ദളം), കോട്ടയ്ക്കല്‍ സതീശ് (കഥകളി ചുട്ടി) എന്നിവര്‍ക്ക് സമര്‍പ്പിക്കും.

മെയ് 28ന് ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന ആചാര്യാനുസ്മരണ യോഗം കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും.

കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് പുതിയതായി പണികഴിപ്പിച്ച കുറ്റിച്ചാമരം കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ ട്രസ്റ്റിന് വേണ്ടി ഏറ്റുവാങ്ങും.

തുടർന്ന് അരങ്ങേറുന്ന ബാലിവിജയം കഥകളിയിൽ രാവണനായി ഡോ. സദനം കൃഷ്ണന്‍കുട്ടിയും നാരദനായി കോട്ടയ്ക്കല്‍ ദേവദാസും ബാലിയായി കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും വേഷമിടും.

സദനം ശിവദാസ്, ശ്രീദേവന്‍ ചെറുമിറ്റം എന്നിവർ സംഗീതവും, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് എന്നിവർ മേളവുമൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *