സൗജന്യ മെഡിക്കൽ ക്യാമ്പ് 28ന്

ഇരിങ്ങാലക്കുട : പാദുവാ നഗർ ഐക്കരക്കുന്ന് സെൻ്റ് ആൻ്റണീസ് പള്ളിയിലെ പിതൃവേദി സംഘടനയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയർ ആശുപത്രി, മെട്രോ ഐ കെയർ കണ്ണാശുപത്രി, കൊമ്പൊടിഞ്ഞമാക്കൽ ലയൺസ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ ജൂൺ 28ന് രാവിലെ 9.45 മുതൽ 1 മണിവരെ ഐക്കരക്കുന്ന് പാദുവാ നഗർ പള്ളി ഹാളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

കണ്ണ് പരിശോധന, പ്രമേഹ വൃക്ക രോഗനിർണയ രക്ത പരിശോധനകൾ എന്നിവ ക്യാമ്പിൽ സൗജന്യമായി ചെയ്തു നൽകും.

ലയൺസ് ക്ലബ്ബ് കൊമ്പൊടിഞ്ഞാമക്കൽ പ്രസിഡൻ്റ് ജോൺസൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

എടക്കുളം സെൻ്റ് ആൻ്റണീസ് ചർച്ച് വികാരി ഫാ. സീജോ ഇരുമ്പൻ അധ്യക്ഷത വഹിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട നമ്പറുകൾ : 9496794357, 9846071945, 9946713405

കെ. സച്ചിദാനന്ദനെ ആദരിച്ച് ഗ്രാമിക

ഇരിങ്ങാലക്കുട : എൺപതു വയസ്സിൻ്റെ നിറവിൽ എഴുത്തുകാരൻ കെ. സച്ചിദാനന്ദന് ഗ്രാമിക ആദരം നൽകി.

ഗ്രാമിക പ്രസിഡൻ്റ് പി.കെ. കിട്ടൻ, വൈസ് പ്രസിഡൻ്റ് ഇ.കെ. മോഹൻദാസ്, മുൻ പ്രസിഡൻ്റ് വടക്കേടത്ത് പത്മനാഭൻ എന്നിവർ അദ്ദേഹത്തിൻ്റെ വസതിയിലെത്തി പൊന്നാടയണിയിച്ച് സ്മൃതിഫലകം സമർപ്പിച്ചു.

60 വർഷം നീണ്ടതും ഇപ്പോഴും അക്ഷീണം തുടരുന്നതുമായ തൻ്റെ സർഗ്ഗാത്മക ജീവിതത്തിലുടനീളം അദ്ദേഹം ഗ്രാമികയുടേതുപോലുള്ള സാംസ്കാരിക പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദനമാണ്.

ഗ്രാമികയെ സംബന്ധിച്ചിടത്തോളം അതിൻ്റെ ആരംഭം മുതൽ മാർഗ്ഗദർശിയായും സുഹൃത്തായും അദ്ദേഹം നൽകിയ സംഭാവന അമൂല്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

സ്റ്റീഫൻ സി. തോമസ് അനുസ്മരണം

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റിയംഗമായിരുന്ന സ്റ്റീഫൻ സി. തോമസിൻ്റെ അനുസ്മരണം നടത്തി.

ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ എംഎൽഎ അനുസ്മരണം ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, കെ. സതീഷ്, നഗരസഭാ കൗൺസിലർ മാഗി വിൻസെന്റ്, മണ്ഡലം പ്രസിഡന്റുമാരായ ഫിലിപ്പ് ഓളാട്ടുപുറം, അഷ്‌റഫ് പാലിയംതാഴത്ത്, ഷൈനി ജോജോ, നൈജോ ഊക്കൻ, ജോമോൻ ചേലക്കാട്ടുപറമ്പിൽ, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി വിനീത് വിൻസെന്റ്, ടി.കെ. അഫ്സൽ എന്നിവർ പ്രസംഗിച്ചു.

ലഹരിവിരുദ്ധ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം.വി. ഉഷ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി.

ലഹരിക്കെതിരെ പ്രത്യേക പ്രതിജ്ഞ എടുക്കുകയും വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു.

തുടർന്ന് നടന്ന മനുഷ്യച്ചങ്ങല, റാലി എന്നിവയിൽ വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കാളികളായി.

കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗവും കുടുംബസംഗമവും

ഇരിങ്ങാലക്കുട : കേരള കാറ്ററേഴ്സ് അസോസിയേഷൻ്റെ ജില്ലാ വാർഷിക പൊതുയോഗവും കുടുംബസംഗമവും അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കാറ്ററിംഗ് മേഖലയിൽ വലിയ കൂട്ടായ്മ ഉണ്ടാകേണ്ട ആവശ്യകതയും വർദ്ധിച്ചു വരുന്ന വിലക്കയറ്റം, ഒപ്പം തന്നെ കാറ്ററിംഗ് മേഖല അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും എംഎൽഎ വിശദമാക്കി.

സമ്മേളനത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

കാറ്ററിങ് കൂട്ടായ്മ ജില്ലാ പ്രസിഡൻ്റ് സിജോ വർഗ്ഗീസ്, ജനറൽ സെക്രട്ടറി സുൽഫിക്കർ, ട്രഷറർ റഷീദ്, ചാലക്കുടി മേഖല വൈസ് പ്രസിഡൻ്റ് ടി.പി. ജോർജ്ജ്, ജോയിൻ്റ് സെക്രട്ടറി സുജയ് പടിയൂർമന എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് കലാസന്ധ്യ അരങ്ങേറി.

മന്ത്രി ഒ.ജെ. ജെനീഷിന് സ്വീകരണവും ഉന്നത വിജയം നേടിയവർക്ക് അനുമോദനവും

ഇരിങ്ങാലക്കുട : കോണത്തുകുന്ന് സൃഷ്ടി കൽപണിക്കാർ മന്ത്രി ഒ.ജെ. ജെനീഷിന് സ്വീകരണവും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നൽകി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസു വെളുത്തേരി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ അബദുള്ളക്കുട്ടി വിദ്യാർഥികൾക്ക് പുസ്തകം വിതരണം ചെയ്തു.

രവിചന്ദ്രൻ, രാമദാസ്, സുരേഷ് കിഴക്കനൂടൻ, അനിൽ തോണിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം : തൃശൂർ റൂറൽ പൊലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ചേർന്ന് പെനാൽറ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് “ഓപ്പറേഷൻ തൂഫാൻ” പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ലാ പൊലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും സംയുക്തമായി “തൂഫാൻ ഗോൾസ് – ഓരോ ഗോളും ലഹരിക്കെതിരെ” എന്ന സന്ദേശമുയർത്തി പെനാൽറ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സാന്റിയാഗോ ക്ലബിൽ വച്ച് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ട് റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ, പ്രത്യേകിച്ച് യുവജനങ്ങളിൽ, ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കായികമേഖലയിലൂടെ ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

പെനാൽറ്റി ഷൂട്ടൗട്ടിൽ റൂറൽ ജില്ലാ പൊലീസിലെയും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെയും അംഗങ്ങൾ ആവേശപൂർവം പങ്കെടുത്തു.

മത്സരത്തോടനുബന്ധിച്ച് ലഹരിക്കെതിരായ ബോധവത്കരണവും നടത്തി.

തുടർന്ന് റൂറൽ ജില്ലാ പൊലീസിലെയും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെയും അംഗങ്ങൾ തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരം അരങ്ങേറി.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ. അബ്ദുൾ സലാം, ഇരിങ്ങാലക്കുട ഡിവൈഎസ്പി സന്തോഷ് കുമാർ, ഡിസിആർബി ഡിവൈഎസ്പി റഫീഖ് എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കായികപ്രേമികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

അടിയന്തരാവസ്ഥയുടെ 51-ാം വാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥയുടെ 51-ാം വാർഷികം ആചരിച്ചു.

യോഗത്തിൽ അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ച പോൾ കോക്കാട്ട്, കെ.പി. ദിവകരൻ, പി.ഡി. പോൾ എന്നിവരെ വി.എ. മനോജ് കുമാർ ആദരിച്ചു.

തുടർന്ന് “അടിയന്തരാവസ്ഥയും വർത്തമാനകാലവും” എന്ന വിഷയത്തിൽ നടത്തിയ സെമിനാർ
അഡ്വ. എൻ.വി. വൈശാഖൻ ഉദ്ഘാടനം ചെയ്തു.

ഡോ. കെ.പി. ജോർജ്ജ് മോഡറേറ്ററായിരുന്നു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു പ്രസംഗിച്ചു.

പോൾ കോക്കാട്ട്, കെ.പി. ദിവാകരൻ എന്നിവർ അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങൾ പങ്കുവച്ചു.

ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും എ.എൻ. രാജൻ നന്ദിയും പറഞ്ഞു.

മുരിയാട് പഞ്ചായത്തിൽ ഞാറ്റുവേല മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തും കൃഷിഭവൻ മുരിയാടും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം ആനന്ദപുരം ഇഎംഎസ് ഹാളിൽ ആരംഭിച്ചു.

ഘോഷയാത്രയോടെ ആരംഭിച്ച ചടങ്ങുകൾ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു.

തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ജെ. ചിറ്റിലപ്പിള്ളി ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.

പ്രശസ്ത കവി സി. രാവുണ്ണി മുഖ്യാതിഥിയായി.

കൃഷി ഓഫീസർ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് സുമിത പ്രസാദ്‌, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ നിഖിത അനൂപ്, എ.എം. ജോൺസൻ, സുനിത മുരളി, ഭരണസമിതി സമിതി അംഗങ്ങളായ എ.എസ്. സുനിൽകുമാർ, വി.ആർ. ഷൈജു, അജീഷ് കുഞ്ഞൻ, ജസ്റ്റിൻ ജോർജ്ജ്, ബിന്ദു ടീച്ചർ, സുരേഷ് ബാബു, ഷാരി വീനസ്, അഞ്ജലി ഷാബു, തോമസ് തത്തംപ്പിള്ളി, ജ്യോതി സരിൻ, തോമസ് തൊകലത്ത്, ഷീജ മോഹനൻ, ടി.കെ. ശശി, കുടുംബശ്രീ ചെയർപേഴ്സൺ മിനി സത്യൻ, അങ്കണവാടി ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, സ്കൂൾ കുട്ടികൾ, കർഷക സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ തരം സ്റ്റാളുകൾ ഞാറ്റുവേല മഹോത്സവതോടനുബന്ധിച്ചു സംജ്ജീകരിച്ചിട്ടുണ്ട്.

സെന്റ് ജോസഫ്സ് കോളെജിൽ “മാറ്റത്തിന്റെ കാറ്റ്” മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി

ഇരിങ്ങാലക്കുട : കേരള സർക്കാർ ആരംഭിച്ച “ഓപ്പറേഷൻ തൂഫാൻ– ദ നാർക്കോ ഹണ്ട്” മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സെന്റ് ജോസഫ്സ് കോളെജും തൃശൂർ റൂറൽ പൊലീസും ചേർന്ന് “മാറ്റത്തിന്റെ കാറ്റ്” എന്ന പേരിൽ ബോധവത്കരണ പരിപാടിക്ക് തുടക്കമായി.

രണ്ടായിരത്തോളം വിദ്യാർഥിനികൾ അണിനിരന്നു നടത്തിയ എയ്റോബിക്സ് പരിപാടിയുടെ മുഖ്യ ആകർഷണമായി.

കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഡോ. സ്റ്റാലിൻ റാഫേൽ, വീണ സാനി തുടങ്ങിയ അധ്യാപകരും കോളെജ് യൂണിയൻ, എൻ.സി.സി., എൻ.എസ്.എസ്., സ്പോർട്സ് ക്ലബ് അംഗങ്ങൾ, വിദ്യാർഥി വൊളൻ്റിയർമാർ എന്നിവരും ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്.

എൻ.സി.സി. കേഡറ്റുകളും സ്പോർട്സ് ക്ലബ് വിദ്യാർഥികളും ചേർന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികളുടെ തെരുവുനാടകവും ശ്രദ്ധേയമായി.

ചടങ്ങിൻ്റെ സമാപനത്തിൽ ഡോ. സി. ബ്ലെസി ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർഥിനികൾ ഏറ്റുചൊല്ലി.