ലോക്സ് 11 പ്രീമിയർ ലീഗ് സമാപിച്ചു ; റാപ്റ്റോഴ്‌സ് ചാഴൂർ ജേതാക്കൾ

ഇരിങ്ങാലക്കുട : നാലു ദിവസങ്ങളിലായി ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ അരങ്ങേറിയ ലോക്സ് 11 പ്രീമിയർ ലീഗ് സീസൺ ടു സമാപിച്ചു.

16 ടീമുകൾ മാറ്റുരച്ച കളിക്കളത്തിൽ റാപ്റ്റോഴ്‌സ് ചാഴൂർ ജേതാക്കളായി.

പാണ്ട ട്രഷർ ട്രീ റണ്ണേഴ്സ് കപ്പ് സ്വന്തമാക്കി.

സമാപന സമ്മേളനം നിയുക്ത എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

കൊടകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും 45 വയസ്സിന് മുകളിലുള്ള ക്രിക്കറ്റ് കളിക്കാരുടെ തൃശൂർ ടീമിൽ സ്ഥിരം കളിക്കാരനുമായ സുധീർ, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി വിനീത് വിൻസെൻ്റ്, പൂമംഗലം മണ്ഡലം പ്രസിഡൻ്റ് അഫ്സൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും ലോക്സ് 11 ക്രിക്കറ്റ് ക്ലബ്ബ് അംഗവുമായ ശരത്ത് ദാസ്, അരുൺ എന്നിവർ പ്രസംഗിച്ചു.

ഒന്നാം സമ്മാനമായി 1,00,000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം നേടിയവർക്ക് 60,000 രൂപയും ട്രോഫിയും, സെമിഫൈനലിൽ കയറിയ ടീമുകൾക്ക് 20000 രൂപയും ട്രോഫിയും സമ്മാനിച്ചു.

നിർമ്മാണം നിലച്ച് തളിയക്കോണം സ്റ്റേഡിയം : മഴയിൽ മണ്ണും ചെളിയും ഒലിച്ചിറങ്ങിയ വീടുകൾ സന്ദർശിച്ച് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : നിർമ്മാണം നിലച്ചതിനെത്തുടർന്ന് തളിയക്കോണം സ്റ്റേഡിയത്തിൽ നിന്ന് വീട്ടുമുറ്റത്തേക്ക് മഴയിൽ മണ്ണും ചെളിയും ഒലിച്ചിറങ്ങി ദുരിതത്തിലായ വീടുകൾ സന്ദർശിച്ച് നിയുക്ത എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ.

നഗരസഭാ കൗൺസിലർ ബൈജു കുറ്റിക്കാടൻ, പൊറത്തിശ്ശേരി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.കെ. ഭാസി, മണ്ഡലം ഭാരവാഹികളായ സിന്ധു അജയൻ, സന്തോഷ് വില്ലടം, ശാരദ വിശ്വംഭരൻ, ശ്രീലത വിൽസൺ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

മഴ കനക്കുന്നതോടെ സ്റ്റേഡിയത്തിന് പിറകിൽ താമസിക്കുന്ന പുളിയത്തുപറമ്പിൽ ഇന്ദിര, പാറമേൽ ഫ്രാൻസിസ്, പാറമേൽ മാത്യൂസ്, കോട്ടയ്ക്കൽ ഉണ്ണി, പാളയംകോട്ട് സഹിർഷ എന്നിവരുടെ വീട്ടിലേക്കാണ് മണ്ണും ചെളിയും കുത്തിയൊലിച്ചെത്തുന്നത്.

ആളൂരിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

ഇരിങ്ങാലക്കുട : മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആളൂർ പഞ്ചായത്തിൽ നാല് അങ്ങാടികൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തി.

കൊമ്പിടി ജംഗ്ഷനിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രേഖ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ്‌ റോസിലി ഫ്രാൻസിസ്, ആളൂരിൽ വൈസ് പ്രസിഡന്റ്‌ പി.സി. ഷണ്മുഖൻ, കല്ലേറ്റുംകരയിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ
ടി.ഐ. ബാബു, വെള്ളാഞ്ചിറയിൽ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഹെലൻ ചാക്കോ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു.

ജിഎച്ച്ഐ രാഖി പ്രവർത്തനത്തെപ്പറ്റി സംസാരിച്ചു.

മെമ്പർമാരായ എം.സി. ഷാജു, ജിനി പോൾ, വിഷ്ണു, ബ്ലോക്ക്‌ മെമ്പർ ഡെൻസി ഡെൻ പോൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, ആശാപ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

കപില വേണുവിന്റെ “പാർവതീവിരഹം” അഭിനയം ഇറ്റലിയിൽ

ഇരിങ്ങാലക്കുട : പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണുവിൻ്റെ “പാർവതീവിരഹം” എന്ന അഭിനയഭാഗം ഇറ്റലിയിലെ റോം, ബെർഗാമോ, വെനീസ്, പാലെർമോ എന്നീ നഗരങ്ങളിൽ അവതരിപ്പിക്കും.

പുരുഷ, സ്ത്രീഭാവങ്ങളിൽ ശിവനായും പർവതിയായും പകർന്നാടുന്നതാണ് ഈ അഭിനയഭാഗം.

ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ ശിക്ഷണത്തിലാണ് കപില ഇത് പരിശീലിച്ചിട്ടുള്ളത്.

റോമിൽ സാപിയെൻസാ യൂണിവേഴ്‌സിറ്റിയിൽ തിങ്ങിനിറഞ്ഞ സദസ്സിൽ ഒക്ടോബർ 7ന് ആരംഭിച്ച രംഗാവതരണം മെയ് 25 വരെ വിവിധ നഗരങ്ങളിൽ അവതരിപ്പിക്കും.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും കപിലയുടെ അഭിനയത്തിന് പശ്ചാത്തല മേളം ഒരുക്കും.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആക്രമണം നടത്തിയവരെ പിടികൂടണം : പ്രതിഷേധവുമായി എൽഡിഎഫ്

ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ നടന്ന കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

ഫലപ്രഖ്യാപന ദിവസം രാത്രി എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ഉല്ലാസ് കളക്കാടിൻ്റെ വീട്ടിലേക്ക് സ്ഫോടക വസ്തു വലിച്ചെറിഞ്ഞിരുന്നു. കോൺഗ്രസിൻ്റെ പ്രാദേശിക നേതാവും മുൻ കൗൺസിലറുമായ ബിജു അക്കരക്കാരനാണ് അക്രമം നടത്തിയതെന്ന് എൽഡിഎഫ് ആരോപിച്ചു.

സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. അന്നേദിവസം പടിയൂരിൽ സിപിഎം അംഗം ഫിറോസിൻ്റെ വീട്ടിലും ആക്രമണം നടന്നിരുന്നു. ആഹ്ലാദ പ്രകടനമായിവന്ന സംഘം പടക്കം പൊട്ടിച്ച് വീട്ടിലേക്ക് ഇരച്ചുകയറി ഫിറോസിനെ മർദ്ദിക്കുകയായിരുന്നു. കോൺഗ്രസ് പഞ്ചായത്ത് അംഗം ടി.ഡി. ദശോബിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടി. ഈ സംഭവത്തിലും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും എൽഡിഎഫ് ആരോപിച്ചു.

ഠാണാവിൽ നിന്ന് തുടങ്ങിയ പ്രകടനം ആൽത്തറക്കൽ സമാപിച്ചു.

പൊതുയോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ആർ. ബിന്ദു ഉദ്ഘാനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയ പ്രകാശ് അധ്യക്ഷനായി.

കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ടി.കെ. വർഗ്ഗീസ്, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ, പ്രൊഫ. കെ.യു. അരുണൻ എന്നിവർ പ്രസംഗിച്ചു.

അഡ്വ. കെ.ആർ. വിജയ സ്വാഗതവും ആർ.എൽ. ശ്രീലാൽ നന്ദിയും പറഞ്ഞു.

ഉത്സവം കഴിഞ്ഞു : ശുചീകരണവുമായിഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ
പരിസര ശുചീകരണവുമായി
ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്.

ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡ് മുതൽ
കൂടൽമാണിക്യം ക്ഷേത്രപരിസരം വരെയുള്ള
മാലിന്യങ്ങൾ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ശേഖരിച്ചു.

സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കായി എം.എസ്.എസ്. പഠന ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലെ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കായി എം.എസ്.എസ്. പഠന ക്ലാസ്സ് സംഘടിപ്പിച്ചു.

പ്രസിഡന്റ്‌ അയ്യപ്പൻ അങ്കാരം അധ്യക്ഷത വഹിച്ചു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ ജെയിംസ് പെരേര ക്ലാസ്സ്‌ നയിച്ചു.

സീനിയർ ഇൻസ്‌പെക്ടർ എൻ.എസ്. ഹരിദാസൻ സ്വാഗതവും ഇരിങ്ങാലക്കുട യൂണിറ്റ് ഇൻസ്‌പെക്ടർ നിമ്മി വർഗ്ഗീസ് നന്ദിയും പറഞ്ഞു.

ക്ലാസ്സിൽ നൂറിലധികം സഹകാരികൾ പങ്കെടുത്തു.

നിയുക്ത എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനെ ആദരിച്ച് സംസ്‌കാര സാഹിതി

ഇരിങ്ങാലക്കുട : സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനെ ആദരിച്ചു.

നിയോജക മണ്ഡലം കൺവീനർ എം.ജെ. ടോം, ട്രഷറർ എ.സി. സുരേഷ്, ഇരിങ്ങാലക്കുട ടൗൺ മണ്ഡലം ചെയർമാൻ
അഡ്വ. ജോൺ നിതിൻ തോമസ്, നിയോജക മണ്ഡലം ഭാരവാഹികളായ
ഭരതൻ പൊന്തേക്കണ്ടത്ത്, ഫ്രാൻസിസ് പുല്ലോക്കാരൻ, ഡേവി കണ്ണംകുന്നി, കിക്കിലി ടീച്ചർ, ഒ.എ. കുഞ്ഞുമുഹമ്മദ്, ഫ്രെഡറിക് ആന്റണി എന്നിവർ പങ്കെടുത്തു.

നിര്യാതയായി

സുഭദ്രമ്മ

ഇരിങ്ങാലക്കുട : പരേതനായ മൂർക്കനാട് പൊന്നമ്പിൾ മാധവൻ നായർ ഭാര്യ സുഭദ്രമ്മ (83) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : സുധ, ലത, ഉണ്ണികൃഷ്ണൻ

മരുമക്കൾ : രാജൻ, പരേതനായ സുന്ദരേശൻ, സരിത

കൂടൽമാണിക്യം തിരുവുത്സവം : സമ്മാനങ്ങൾ ഏറ്റുവാങ്ങി ദീപാലങ്കാര മത്സരവിജയികൾ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഠാണാ മുതൽ കൂടൽമാണിക്യം ക്ഷേത്രം വരെയുള്ള വ്യാപാര സ്ഥാപനങ്ങളെയും വിവിധ ഓഫീസുകളെയും ക്ഷേത്രത്തിന് നാല് പരിസരത്തുമുള്ള വീടുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ദീപാലങ്കാര മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഏറ്റവും ആകർഷണീയമായി ദീപാലങ്കാരം ഒരുക്കിയ വീടുകൾക്കുള്ള ഒന്നാം സമ്മാനം കൊരുമ്പിശ്ശേരി സദ്ഗമയയിലെ ആശ ധർമ്മപാലനും, രണ്ടാം സമ്മാനം ആസാദ് റോഡിലെ ബൈജു അമ്പാട്ടും, മൂന്നാം സമ്മാനം മാണിക്യം അപ്പാർട്ട്മെൻ്റും സ്വന്തമാക്കി.

വ്യാപാര സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കുമായി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കോൺഗ്രസ്സ് പാർട്ടിയുടെ ആസ്ഥാനമായ രാജീവ്ഗാന്ധി മന്ദിരവും രണ്ടാം സ്ഥാനം ചെറാക്കുളം ടൂറിസ്റ്റ് ഹോമും മൂന്നാം സ്ഥാനം ലക്ഷ്മി സ്റ്റോഴ്സും സ്വന്തമാക്കി.

ഒന്നാം സമ്മാനം 25000 രൂപയും എവറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയുമാണ് വിജയികൾക്ക് സമ്മാനിച്ചത്.

ഐസിഎൽ ഫിൻകോർപ്പ് ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മതസൗഹാർദ്ദ സമ്മേളനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒത്തുകൂടിയ ചടങ്ങിൽ വെച്ച് വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.