

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഇത്തവണ ഓണാഘോഷം പൊടിപൊടിക്കും. ഐസിഎൽ “ഒന്നിച്ചോണം പൊന്നോണം” ആഘോഷത്തിന്റെ ഭാഗമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
ഐസിഎൽ ഫിൻകോർപ്പ് ചെയർമാൻ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ വർഷം ഐസിഎൽ ഫിൻകോർപ്പിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ഓണാഘോഷ പരിപാടിയായ ഒന്നിച്ചോണം പൊന്നോണം ഘോഷയാത്ര ജനമനസുകൾ കീഴടക്കിയിരുന്നു. ഇതിന് തുടർച്ചായി ഇത്തവണ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നതെന്ന് അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.
പുലിക്കളി, കുമ്മാട്ടി, തെയ്യം, തിറ, തിരുവാതിരക്കളി, കഥകളി തുടങ്ങി കേരളത്തനിമയുള്ള കലാരൂപങ്ങളെയെല്ലാം അണിനിരത്തി അതിഗംഭീര ഘോഷയാത്രയാണ് ഒരുക്കുന്നത്.
കൂടാതെ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.
സ്‌കൂളുകൾ, കോളെജുകൾ കേന്ദ്രീകരിച്ച് മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു.
എംഎൽഎ-മാരായ അഡ്വ. തോമസ് ഉണ്ണിയാടൻ, സനീഷ്കുമാർ ജോസഫ്, നഗരസഭ ചെയർമാൻ എം.പി. ജാക്സൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റുമാർ, കൗൺസിലർമാർ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
എം.പി. ജാക്സൺ ചെയർമാനായി 2000ത്തിലധികം പേരുള്ള വിപുലമായ സംഘാടകസമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്.

ഇരിങ്ങാലക്കുട : അറിവിലൂടെ ആരോഗ്യവും ആരോഗ്യമുള്ള ആയുസ്സും എങ്ങനെ രൂപപ്പെടുത്താം എന്ന നവചിന്തയ്ക്ക് തിരുകൊളുത്തി “അറിവ് ആരോഗ്യം ആയുസ്സ്” എന്ന ആപ്തവാക്യവുമായി വിഷൻ ഇരിങ്ങാലക്കുടയുടെ 10 -ാമത് ഞാറ്റുവേല മഹോത്സവം ജൂലൈ 16 മുതൽ 22 വരെ ഇരിങ്ങാലക്കുട മെയിൻ റോഡിലെ ലിറ്റിൽ ഫ്ലവർ കോൺവെന്റിന് സമീപമുള്ള ജ്യോതിസ് കോളെജിൽ വെച്ച് നടക്കുമെന്ന് ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു.
15ന് രാവിലെ 9.30ന് ഞാറ്റുവേല മഹോത്സവത്തിൻ്റെ കൊടിയേറ്റം റൂറൽ ജില്ലാ പൊലീസ് മേധാവി നദീം മുഹമ്മദ് നിർവഹിക്കും.
16ന് രാവിലെ 10 മണിക്ക് ഞാറ്റുവേല മഹോത്സവത്തിന്റെ ഉദ്ഘാടനം മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളും ചേർന്ന് നിർവഹിക്കും.
കൂടാതെ സമ്മേളനത്തിൽ മുഴുവൻ ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും ആദരിക്കുകയും ചെയ്യും.
ഉദ്ഘാടന സമ്മേളനത്തിനുശേഷം “കാർഷിക യന്ത്രവൽക്കരണം, വിള ഇൻഷുറൻസ്” എന്ന വിഷയത്തിൽ സെമിനാർ നടക്കും.
17ന് ‘സഹകരണത്തിന്റെ സാധ്യതകൾ’ എന്ന ശീർഷകത്തോടെ ഇരിങ്ങാലക്കുടയിലെ സഹകാരികളെ ആദരിക്കും.
തുടർന്ന് “അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്” എല്ലാ വിഷയത്തിൽ സെമിനാർ നടക്കും.
18ന് 3 മണിക്ക് “അറിവ് ആരോഗ്യം ആയുസ്സ് എന്ന വിഷയത്തിൽ” ഡോ. വി.പി. ഗംഗാധരൻ പ്രഭാഷണം നടത്തും.
തുടർന്ന് ആരോഗ്യ, അംഗനവാടി പ്രവർത്തകരെ ആദരിക്കും.
19ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ‘മാലിന്യമകറ്റുന്ന മാലാഖമാർ’ എന്ന ശീർഷകത്തോടെ ഹരിത കർമ്മസേനാംഗങ്ങളെ ആദരിക്കും.
തുടർന്ന് “മാലിന്യം v/s ജൈവ സമൃദ്ധി” എന്ന വിഷയത്തിൽ സെമിനാർ നടക്കും.
20ന് രാവിലെ 10 മണിക്ക് ‘നല്ല നാളേക്ക് നെൽകൃഷി’ എന്ന മുദ്രാവാക്യത്തോടെ പാടശേഖര സമിതികളെ ആദരിക്കും. തുടർന്ന് “നെൽകൃഷിയിലെ പുതിയ ട്രെൻഡ്” എന്ന വിഷയത്തിൽ സെമിനാർ നടക്കും.
21ന് രാവിലെ 10 മണിക്ക് നടക്കുന്ന വനിതാ സംഗമത്തിൽ കുടുംബശ്രീ പ്രവർത്തകരെ ആദരിക്കും.
തുടർന്ന് “പഴം പച്ചക്കറി സംസ്കരണം, മൈക്രോഗ്രീൻസ്” എന്ന വിഷയത്തിൽ സെമിനാർ നടക്കും.
22ന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്ന സാഹിത്യസംഗമത്തിൽ ഇരിങ്ങാലക്കുടയിലെ സാഹിത്യകാരന്മാരെ ആദരിക്കും. തുടർന്ന് “സാഹിത്യ രംഗത്തെ നൂതന പ്രവണതകൾ” എന്ന വിഷയത്തിൽ സെമിനാർ നടക്കും.
വൈകീട്ട് 6 മണിക്കാണ് സമാപന സമ്മേളനം. തുടർന്ന് 6.30ന് നാടൻപാട്ടുത്സവം അരങ്ങേറും.
16 മുതൽ 22 വരെ വൈകീട്ട് 4 മണിക്ക് സാഹിത്യ സായാഹ്നവും 21 വരെ 6 മണിക്ക് കലാസന്ധ്യയും ഉണ്ടാകും.
ചീഫ് കോർഡിനേറ്റർ സിമീഷ് സാഹു, ജനറൽ കൺവീനർ
പി.ആർ. സ്റ്റാൻലി, ട്രഷറർ കെ.എൻ. സുഭാഷ്,
കോർഡിനേറ്റർമാരായ ഷാജി മാസ്റ്റർ, ടെൽസൺ കോട്ടോളി, പി. കൃഷ്ണപ്രസാദ്, എ.സി. സുരേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ 12 ദിവസമായി നടന്നുവന്നിരുന്ന ഗുരുസ്മരണ ദശരൂപക മഹോത്സവം ഞായറാഴ്ച വേണുജി സംവിധാനം ചെയ്ത മൃച്ഛകടികം കൂടിയാട്ടത്തോടെ സമാപിച്ചു.
കൂടിയാട്ട അവതരണത്തിന് മുൻപ് ഡോ. ഇ.ആർ. നാരായണൻ പ്രകരണങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന കൂടിയാട്ടത്തിൽ വസന്തസേനയായി കപില വേണുവും ചാരുദത്തനായി സൂരജ് നമ്പ്യാരും മാഥുരനായി മാർഗി സജീവ് നാരായണ ചാക്യാരും കർണ്ണപൂരകനായി പൊതിയിൽ രഞ്ജിത്ത് ചാക്യാരും മൈത്രേയനായി കലാമണ്ഡലം ജിഷ്‌ണു പ്രതാപും ശാർവ്വിലകനായി നേപത്ഥ്യ ശ്രീഹരി ചാക്യാരും സംവാഹകനായി ശങ്കർ വെങ്കിടേശ്വരനും അഹിന്തനായി ഗുരുകുലം തരുണും മദനികയായി സരിത കൃഷ്‌ണകുമാറും രദനികയായി മാർഗി അഞ്ജന എസ്. ചാക്യാരും രോഹസേനനായി അരൻ കപിലയും രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ് എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും, താളത്തിൽ ഗുരുകുലം അതുല്യ, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക എന്നിവരും കുറുംകുഴലിൽ വൈശാഖും ചമയത്തിൽ കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.
ജനപങ്കാളിത്തം കൊണ്ടും കഥകളുടെയും വേഷങ്ങളുടേയും വൈവിധ്യം കൊണ്ടും സവിശേഷമായിരുന്നു ദശരൂപകമഹോത്സവം.

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ്. സമാജം 2026 – 2028 ഭരണസമിതി തെരഞ്ഞെടുപ്പിൽ നിലവിലുള്ള ഭരണസമിതി ഔദ്യാഗിക പാനൽ വൻ വിജയം നേടി.
പ്രാദേശിക വിഭാഗത്തിൽ ടൗൺ വിഭാഗത്തിൽ വേണു തോട്ടുങ്ങൽ – വിജയൻ എളയേടത്ത് എന്നിവർ തമ്മിൽ നടന്ന കടുത്ത മത്സരത്തിൽ വേണു തോട്ടുങ്ങൽ 82 വോട്ടുകൾക്ക് വിജയിച്ചു.
പുല്ലൂർ പ്രാദേശിക വിഭാഗത്തിൽ സുരേഷ് ബാബു കല്ലിംഗപുറവും ദിനേഷ് എളന്തോളിയും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ ദിനേഷ് എളന്തോളി 104 വോട്ടിന് വിജയിച്ചു.
പ്രാദേശികം തുറവൻകാട് വിഭാഗം മത്സരത്തിൽ ശ്രീജിത്ത് മച്ചാട്ട് – അകേഷ് കണ്ടങ്ങത്ത് എന്നിവർ തമ്മിൽ നടന്ന മത്സരത്തിൽ ശ്രീജിത്ത് മച്ചാട്ട് 229 വോട്ടിന് വിജയിച്ചു.
പ്രാദേശിക വിഭാഗം കോമ്പാറ വിഭാഗം മത്സരത്തിൽ കുട്ടൻ കണ്ണാംകുളം ബോസ് തണ്ടാശ്ശേരിയേക്കാൾ 172 വോട്ടിന് വിജയിച്ചു.
ജനറൽ വിഭാഗം മത്സരങ്ങളിൽ പ്രവികുമാർ ചെറാക്കുളം (783 വോട്ട്), കിഷോർ കുമാർ നടുവളപ്പിൽ (782 വോട്ട്), ഷിജിൻ തവരങ്ങാട്ടിൽ (769 വോട്ട്), ബിന്നി അതിരിങ്ങൽ (759 വോട്ട്), സജീവ് എലിഞ്ഞിക്കോടൻ (754 വോട്ട്), വിശ്വംഭരൻ മുക്കുളം (741 വോട്ട്), പ്രദീപ് ചോളിപറമ്പിൽ (741 വോട്ട്), സുരേന്ദ്രൻ ചാണാടിക്കൽ (739 വോട്ട്), സുരേഷ്ബാബു കൂവപറമ്പിൽ (737 വോട്ട്), വിജു കൊറ്റിക്കൽ (735 വോട്ട്), ബാബു കുണ്ടിൽ (699 വോട്ട്) എന്നിവർ വിജയികളായി.

ഇരിങ്ങാലക്കുട : സേവാഭാരതി 18-ാമത് വാർഷിക പൊതുയോഗം
ഇരിങ്ങാലക്കുട സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ വെച്ച് പ്രസിഡൻ്റ് നളിൻ ബാബുവിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു.
സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് സേവാ സന്ദേശം നൽകി.
രാഷ്ട്രീയ സ്വയംസേവക് സംഘം ഇരിങ്ങാലക്കുട ഖണ്ഡ് കാര്യവാഹ് കെ.കെ. കണ്ണൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
നളിൻ ബാബു (പ്രസിഡന്റ്), പ്രകാശൻ കൈമാപറമ്പിൽ, ജയചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), വി. സായ്‌റാം (സെക്രട്ടറി),
ഗോപിനാഥൻ പീടികപ്പറമ്പിൽ, മനോജ് കല്ലിക്കാട്ട് (ജോയിന്റ് സെക്രട്ടറിമാർ), ഐ. രവീന്ദ്രൻ (ട്രഷറർ) ജഗദീഷ് പണിക്കവീട്ടിൽ (ആരോഗ്യ വിഭാഗം കൺവീനർ), കല കൃഷ്ണകുമാർ (വിദ്യാഭ്യാസ വിഭാഗം കൺവീനർ), ഹരികുമാർ തളിയക്കാട്ടിൽ (സ്വാവലംബൻ കൺവീനർ), ഒ.എൻ. സുരേഷ് (ആപത് സേവ കൺവീനർ), പി. മോഹനൻ (സാമാജികം കൺവീനർ), കവിത ലീലാധരൻ, സതീഷ് പള്ളിച്ചാടത്ത് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.
രാജിലക്ഷ്മി സുരേഷ്ബാബു, ശ്രീജിത്ത് ശ്രീനിവാസൻ, സൗബിൻ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും ഐ.കെ. ശിവാനന്ദൻ, പി.കെ. ഭാസ്കരൻ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട : ഗവ. എൽ.പി. സ്കൂളിൻ്റെ പി.ടി.എ. ജനറൽ ബോഡി യോഗം തൃശൂർ ഇൻ്റേണൽ സെക്യൂരിറ്റി ഡിവൈഎസ്പി പി.ആർ. ബിജോയ് ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ സാമൂഹ്യപശ്ചാത്തലത്തിൽ രക്ഷിതാക്കൾ ജാഗ്രതയോടെ പാലിച്ചിരിക്കേണ്ട വസ്തുതകൾ അദ്ദേഹം അനുഭവങ്ങൾ നിരത്തി വിശദീകരിച്ചു.
പി.ടി.എ. പ്രസിഡൻ്റ് സി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി.
അക്കാദമിക മാസ്റ്റർ പ്ലാൻ ബിപിസി കെ.ആർ. സത്യപാലൻ പ്രകാശനം ചെയ്തു.
പി.ടി.എ. വൈസ് പ്രസിഡൻ്റ് വി.എസ്. സുധീഷ് സ്‌കൂളിൻ്റെ വാർത്താപത്രമായ “കുരുന്നില”യുടെ ജൂൺമാസ എഡിഷൻ പ്രകാശനം ചെയ്തു.
തുടർന്ന് ചർച്ചയും മികവുകളുടെ അവതരണവും തെരഞ്ഞെടുപ്പും നടന്നു.
വി.എസ്. സുധീഷിൻ്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു.
യോഗത്തിൽ ഹെഡ്‌മിസ്ട്രസ്സ് പി.ബി. അസീന സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടി.എൻ. നിത്യ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : പതിനെട്ടാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി അമ്മന്നൂർ സ്‌മൃതി പൂജയും സെമിനാറും നടന്നു.
അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. സ്‌മൃതിപൂജ ഉദ്ഘാടനം ചെയ്തു.
വേണുജി ദീപം കത്തിച്ച് ആചാര്യ വന്ദനത്തോടെ ആരംഭിച്ച സ്‌മൃതിപൂജ യോഗത്തിൽ അമ്മന്നൂർ കുട്ടൻ ചാക്യാർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന മാർഗി മധു ചാക്യാരെ ആദരിച്ചു.
കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും പൊതിയിൽ രഞ്ജിത് ചാക്യാർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സെമിനാർ തൃപ്പൂണിത്തുറ സംസ്‌കൃത കോളെജ് പ്രിൻസിപ്പൽ ഡോ. സരിത മഹേശ്വരൻ “നാട്യശാസ്ത്രത്തിലെ ദശരൂപക വിതാനം – കവികളുടെ രൂപകല്പനയും ഗ്രന്ഥ സാഹിത്യവും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
തുടന്ന് ഡോ. എ.ആർ. ശ്രികൃഷ്ണൻ ഭാസകൃതികളും “ദശരൂപ വിഭാഗി കരണവും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
തുടർന്ന് നിപിൻ ഉണ്ണി “ആധുനിക നാടകവേദിയും ദശരൂപകങ്ങളും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് വിപുലമായ ചർച്ചയോടെ സെമിനാർ സമാപിച്ചു.