ക്രൈസ്റ്റ് കോളെജിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പുരസ്കാരം

ഇരിങ്ങാലക്കുട : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പുരസ്കാരം സ്വന്തമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ്.

മൃഗപരിപാലനത്തിനും ഗവേഷണത്തിനും നൂതനരീതികൾ അവലംബിച്ച് ക്രൈസ്റ്റ് കോളെജിൽ തുടങ്ങിയ ‘ക്രൈസ്റ്റ് അഗ്രോ ഫാം’ ആണ് സംസ്ഥാന സർക്കാരിൻ്റെ ഈ അവാർഡിന് അർഹമായത്.

തൃശൂർ കലക്ടറേറ്റിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ കോളെജിനുവേണ്ടി മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ബർസാർ ഫാ. ഡോ. എൻ.എസ്. വിൻസെൻ്റ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

ഏകദേശം അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്രൈസ്റ്റ് അഗ്രോ ഫാമിൽ വിവിധയിനം പശുക്കൾ, ആടുകൾ, കോഴി, താറാവ്, മുയൽ, അലങ്കാര മത്സ്യങ്ങൾ എന്നിവയും വിവിധ ഇനത്തിലുള്ള കുതിരകൾ, കഴുതകൾ എന്നിവയും വളരുന്നു.

മത്സ്യ കൃഷിയും നൂതനരീതിയിലുള്ള ഫിഷ് ബ്രീഡിംഗ് സെൻ്ററും ഇവിടെയുണ്ട്.

കാർഷിക രംഗത്ത് നൂതന ഗവേഷണങ്ങൾക്ക് സഹായകരമായ ഇന്നൊവേഷൻ സെൻ്ററും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.

ചാണകം പൊടിച്ചുള്ള ജൈവവളം, മണ്ണിര കമ്പോസ്റ്റ് എന്നിവയുടെ നിർമാണവും ഉപയോഗവും ക്രൈസ്റ്റ് അഗ്രോ ഫാമിൻ്റെ പ്രത്യേകതയാണ്.

കന്നുകാലികൾക്കുള്ള തീറ്റപ്പുല്ല്, പച്ചക്കറി കൃഷി, കൂൺ കൃഷി, ഔഷധസസ്യ തോട്ടം, കരിമ്പു കൃഷി, മഞ്ഞൾ കൃഷി, ഇഞ്ചി കൃഷി, 68 ഓളം ഫലവൃക്ഷങ്ങൾ അടങ്ങിയ തോട്ടം എന്നിവയും ഫാമിൻ്റെ ആകർഷണങ്ങളാണ്.

സൗജന്യ കൃഷി പരിശീലനവും മൃഗപരിപാലന പരിശീലനവും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നൽകുന്നു.

കൂടാതെ സ്കൂൾ കുട്ടികൾക്കായുള്ള ‘കൃഷിപാഠം’ പദ്ധതിയും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.

ക്രൈസ്റ്റ് കോളെജ് ബർസാർ ഫാ. ഡോ. വിൻസെൻ്റ് നീലങ്കാവിൽ, അധ്യാപകനായ ഡോ. സുബിൻ കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ്
അഗ്രോഫാം പ്രവർത്തിക്കുന്നത്.

കൂടൽമാണിക്യത്തിലെ കഴകം നിയമനം : തന്ത്രിമാർ സുപ്രീംകോടതിയിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ തുടരുന്നു. കഴകം നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് തന്ത്രിമാർ.

ക്ഷേത്രത്തിലെ കഴകം ജോലി “ആത്മീയവും മതപരവും” ആണെന്ന് കാണിച്ചാണ് തന്ത്രിമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ക്ഷേത്രത്തിലെ മൂർത്തിക്ക് ചാർത്തേണ്ട മാലയുൾപ്പെടെ തയാറാക്കുന്നത് പാരമ്പര്യമായി കഴകം ചെയ്യുന്നവരാണ്. തെക്കേ വാര്യം കുടുംബത്തിലുള്ളവർക്കായിരുന്നു ഇതുവരെയും അതിനുള്ള അവകാശമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഹൈക്കോടതി വിധി പാരമ്പര്യമായി തങ്ങളുടെ കുടുംബത്തിന് ലഭിച്ച അവകാശത്തിലേക്കുള്ള കടന്നുകയറ്റം ആണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പ്രതിപാദിച്ചിട്ടുണ്ട്.

ഈ കാര്യങ്ങൾ പരിഗണിച്ച് ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് തന്ത്രിമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ഷേത്രത്തിലെ നിയമനം നടത്തുന്ന സമിതിയിൽ തന്ത്രി അംഗമായിരിക്കണം എന്ന നിയമം കാറ്റിൽപറത്തിയാണ് കഴകം നിയമനം നടത്തിയിരിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ അഞ്ച് തന്ത്രിമാരാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് തയാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരം ഒന്നാം റാങ്കുകാരനായ ബി.എ. ബാലു രാജി വെച്ച ഒഴിവിൽ ചേർത്തല സ്വദേശിയായ കെ.എസ് . അനുരാഗിനെ കഴകം ജോലിയിൽ നിയമിച്ചിരുന്നു. ഈ നിയമനവും റദ്ദാക്കണമെന്നാണ് തന്ത്രിമാരുടെ ആവശ്യം.

കെ.എ.എസ്. പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അഫീന ഗുലാമിനെ നേരിട്ടെത്തി അഭിനന്ദിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിൽ സ്ട്രീം രണ്ടിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനി നടുവിലകത്ത് അഫീന ഗുലാമിനെ മന്ത്രി ഡോ. ആർ. ബിന്ദു വീട്ടിൽ നേരിട്ടെത്തി പൊന്നാട അണിയിച്ച് അനുമോദിച്ചു.

കോഴിക്കോട് ബേപ്പൂരിൽ ഹാർബർ എൻജിനീയറിങ് വകുപ്പിൽ അസി. എൻജിനീയറായ അഫീന റിട്ട വി.എച്ച്.എസ്.ഇ. അധ്യാപകൻ കാട്ടുങ്ങച്ചിറ നടുവിലകത്ത് വീട്ടിൽ ഗുലാം മുഹമ്മദിന്റെയും തൃശൂർ ഗവ. മോഡൽ ഗേൾസ് വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ അനിതയുടെയും മകളാണ്.

കെ.എ.എസ്. വലിയ ഒരു അവസരമാണെന്നും പൊതുസമൂഹത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ ദുർബല വിഭാഗങ്ങളെയും അവശ്യക്കാരെയും സഹായിക്കാൻ അഫീന ഗുലാമിന് സാധിക്കട്ടെ എന്നും മന്ത്രി ആർ. ബിന്ദു ആശംസിച്ചു.

33-ാം വാർഡ് കൗൺസിലർ പി.എം. നന്ദുലാൽ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കെ.എ.എസ്. പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അഫീന ഗുലാമിനെ ആദരിച്ച് പു.ക.സ.

ഇരിങ്ങാലക്കുട : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിൽ സ്ട്രീം രണ്ടിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനി അഫീന ഗുലാമിനെ പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികൾ ആദരിച്ചു.

പു.ക.സ. മേഖല പ്രസിഡൻ്റ് ഖാദർ പട്ടേപ്പാടം, സെക്രട്ടറി
ഡോ. കെ. രാജേന്ദ്രൻ, വി.സി. പ്രഭാകരൻ, ടൗൺ പ്രസിഡൻ്റ് കെ.ജി. സുബ്രഹ്മണ്യൻ, ടൗൺ സെക്രട്ടറി കെ.എച്ച്. ഷെറിൻ അഹമ്മദ്, കെ. സതീശൻ, കെ. രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹൈസ്കൂളിൽ വച്ച് നടത്തിയ സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.

50 സ്കൂളുകളിൽ നിന്നായി 250ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ആൺ – പെൺ വിഭാഗങ്ങളിലായി 56 കാറ്റഗറികളിലായാണ് മത്സരം നടത്തിയത്.

തുടക്കക്കാരായ കുട്ടികൾക്ക് ബേസിക്സ് സ്കേറ്റ്സ് ഉപയോഗിച്ചും മൽസരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രത്യേകത. ആദ്യമായാണ് ബേസിക് സ്കേറ്റ്സ് ഉള്ള കുട്ടികൾക്കും മത്സരിക്കാൻ അവസരം ഒരുങ്ങുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനം നൽകി.

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മെറിറ്റ് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.

സമാപന സമ്മേളനം ഇരിങ്ങാലക്കുട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ് ഉദ്ഘാടനം ചെയ്തു.

രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇരിമ്പൻ അധ്യക്ഷത വഹിച്ചു.

സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ മുഖ്യാതിഥിയായിരുന്നു.

വാർഡ് കൗൺസിലർ ജോസഫ് ചാക്കോ, ഹെഡ്മിസ്ട്രസ്സ് റീജ ജോസ്, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, ജോ. കൺവീനർ ഷാജു പാറേക്കാടൻ, അധ്യാപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത്, ബിന്ദു വി. റപ്പായി, പി.ടി.എ. പ്രസിഡന്റ് അജോ ജോൺ എന്നിവർ പ്രസംഗിച്ചു.

ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എൻ.എസ്. സംഘമിത്രക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം ക്രൈസ്റ്റ് കോളെജ് ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് ശ്രീ കേരളവർമ്മ കോളെജ് മലയാളവിഭാഗം വിദ്യാർഥിനി എൻ.എസ്. സംഘമിത്ര അർഹയായതായി പുരസ്കാരസമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സിൻ്റോ കോങ്കോത്ത് എന്നിവർ അറിയിച്ചു.

ക്രൈസ്റ്റ് കോളെജിലെ മികച്ച മലയാള പ്രബന്ധത്തിന് നൽകുന്ന പുരസ്കാരത്തിന് പി.വി. ദേവറസിനെ തെരഞ്ഞെടുത്തു.

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളെജുകളിൽ മലയാളം ബി.എ. പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന 5001 രൂപയും പ്രശസ്തിപത്രവും ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെമിനാർ ഹാളിൽ ചേരുന്ന യോഗത്തിൽ വെച്ച് യാത്രികയും സഞ്ചാരസാഹിത്യകാരിയുമായ ഡോ. മിത്ര സതീഷ് സമർപ്പിക്കും.

ഡോ. സി. ആദർശിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ സംഘമിത്ര തയ്യാറാക്കിയ ആത്മകഥകളിലെ സ്ത്രീ : മലയാളത്തിലെ സ്ത്രീ ആത്മകഥകളെ മുൻനിർത്തിയുള്ള അന്വേഷണം എന്ന പ്രബന്ധമാണ് പുരസ്കാരസമിതി മികച്ച പ്രബന്ധമായി തെരഞ്ഞെടുത്തത്.

ഡോ. അജു കെ. നാരായണൻ
(എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ്), ഡോ. കെ.വി. ശശി (മലയാളം സർവ്വകലാശാല) ഡോ. അനു പാപ്പച്ചൻ (വിമല കോളെജ് തൃശൂർ) എന്നിവർ പുരസ്കാര സമിതി അംഗങ്ങൾ ആയിരുന്നു.

അവിട്ടത്തൂർ ഉത്സവം സമാപിച്ചു       

ഇരിങ്ങാലക്കുട : പത്തു ദിവസം നീണ്ടുനിന്ന അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം സമാപിച്ചു. 

ക്ഷേത്രകുളമായ അയ്യൻച്ചിറയിൽ നടന്ന ആറാട്ടിന് തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. 

ആറാട്ടിനു ശേഷം ക്ഷേത്രമതിൽക്കകത്ത് 13 പ്രദക്ഷിണത്തിനു ശേഷം കൊടിയിറങ്ങി. 

തുടർന്ന് കൊടിക്കൽ പറ, ആറാട്ടു കഞ്ഞി വിതരണം എന്നിവ നടന്നു.

ഐസിഎൽ ഫിൻകോർപ്പിന്റെ റീജിയണൽ ഓഫീസ് ജയ്പൂരിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : സാമ്പത്തിക പ്രാപ്യത വർദ്ധിപ്പിക്കുന്നതിനും ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിനുമായി ഐസിഎൽ ഫിൻകോർപ്പ് ജയ്പൂരിലെ വൈശാലി നഗറിൽ ആരംഭിച്ച റീജിയണൽ ഓഫീസിന്റെയും പുതിയ ശാഖയുടെയും ഉദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ ഉദ്ഘാടനം ചെയ്തു.

സ്വാമി ബാൽമുകുന്ദാചാര്യ മഹാരാജ് എംഎൽഎ ആശംസകൾ നേർന്നു.

രാജസ്ഥാൻ സർക്കാരിൻ്റെ എഡിജിപി ബിജു ജോർജ്ജ് ജോസഫ് ഐപിഎസ് വിശിഷ്ടാതിഥിയായി.

എൽ.എ.സി.ടി.സി.യുടെ ഗുഡ്‌വിൽ അംബാസിഡറും ഐസിഎൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഐസിഎൽ ഫിൻകോർപ്പിന്റെ ഹോൾടൈം ഡയറക്ടറും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ ഭദ്രദീപം തെളിയിച്ചു.

ഐസിഎൽ ഫിൻകോർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതവും ഓപ്പറേഷൻസ് & ഡെവലപ്പ്മെൻ്റ് എജിഎം കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുടയുടെ വികസനക്കുതിപ്പിന് കരുത്തേകി സംസ്ഥാന ബജറ്റ് ; വിദ്യാഭ്യാസ, സാംസ്‌കാരിക, ഭിന്നശേഷി ശാക്തീകരണ മൃഗസംരക്ഷണ രംഗങ്ങളിലായി 44.5 കോടി രൂപയുടെ പദ്ധതികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ വികസനക്കുതിപ്പിന് കരുത്തുപകരുന്ന പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റിൽ ഉണ്ടായിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി ശാക്തീകരണ കേന്ദ്രമായ നിപ്മറിന് 22.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കഴിഞ്ഞ ആഴ്ച നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കപ്പെട്ട 73 കോടി രൂപയ്ക്ക് പുറമേയാണിത്.

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ട് ഇരിങ്ങാലക്കുട എജുക്കേഷണൽ ഹബ്ബിന്റെ നിർമ്മാണത്തിന് രണ്ടാം ഘട്ടമായി 6 കോടി രൂപ കൂടി സംസ്ഥാന ബജറ്റിൽ അനുവദിച്ചു.

ആദ്യഘട്ടത്തിന്റെ നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് രണ്ടാംഘട്ടത്തിന് കൂടി തുക ലഭ്യമായിരിക്കുന്നത്.

നടവരമ്പ് ഗവ. സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 5 കോടി രൂപയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി 5 കോടി രൂപയുമാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. അഞ്ചു കോടി രൂപ കൂടി ലഭ്യമായതോടെ ഗേൾസ് ഹൈസ്കൂളിലെ പഴയ നാല് കെട്ടിന്റെ മാതൃകയിലുള്ള കെട്ടിടം അതേ മാതൃകയിൽ പുനർനിർമ്മിക്കാൻ കഴിയും.

സി. അച്യുതമേനോന്റെയും പി.കെ. ചാത്തൻ മാസ്റ്ററുടെയും പേരിൽ സംയുക്ത സ്മാരകമായി ലൈബ്രറിയും സാമൂഹ്യ പഠന – ഗവേഷണ കേന്ദ്രവും നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും ഇത്തവണത്തെ ബജറ്റിൽ അനുവദിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.

ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുക എന്ന ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യത്തിന് കൂടി ബജറ്റിൽ തുക വകയുരുത്തി.

5 കോടി രൂപയാണ് വെറ്റിനറി ആശുപത്രിയുടെ ആധുനികവൽക്കരണത്തിനായി മാറ്റിവെച്ചിരിക്കുന്നത്.

ആളൂർ പൊലീസ് സ്റ്റേഷൻ നിർമ്മാണം,
കൂടൽമാണിക്യം പടിഞ്ഞാറെ നട – പൂച്ചക്കുളം റോഡ് കാനകെട്ടി ബി.എം.ബി.സി. ടാറിങ്, ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിൽ ചുറ്റുമതിൽ നിർമ്മാണവും അടിസ്ഥാന സൗകര്യ വികസനവും, കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പുതിയ കെട്ടിടം, കല്ലേറ്റുംകരയിൽ സ്ഥലം ഏറ്റെടുത്ത് കിൻഫ്ര ഐ.ടി. പാർക്ക് നിർമ്മാണം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എം.ആർ.ഐ. സ്കാൻ & സി.ടി. സ്കാൻ യൂണിറ്റ്, കൊരുമ്പിശ്ശേരി അഗ്രോ പാർക്ക് നിർമ്മാണം, പടിയൂർ പഞ്ചായത്തിലെ കുത്തുമാക്കൽ ഷട്ടർ നിർമ്മാണം, കാർബൺ ന്യൂട്രൽ കാറളം പഞ്ചായത്ത്, കരുവന്നൂർ പുഴ- ഇല്ലിക്കൽ പ്രദേശത്ത് സൈഡ് കെട്ടൽ, പൂമംഗലം പഞ്ചായത്തിൽ ഷണ്മുഖം കനാലിന് കുറുകെ മരപ്പാലം പുനർനിർമാണം, ഇരിങ്ങാലക്കുട മാർക്കറ്റ് നവീകരണവും ആധുനികവൽക്കരണവും, കനോലി കനാൽ വീതി കൂട്ടി ആഴം കൂട്ടി സംസ്ഥാന ജലപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണം, പൊറത്തിശ്ശേരി കണ്ടാരംതറയിൽ മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മാണം, നന്തി കരുവന്നൂർപുഴ കെ.എൽ.ഡി.സി. കോള്‍ അഗ്രോ എക്കോ – റെസ്പോൺസിബിൾ ടൂറിസം, വേളൂക്കര പഞ്ചായത്തിലെ കടുപ്പശ്ശേരിയിൽ സാംസ്കാരിക സമുച്ചയ നിർമ്മാണം, താണിശ്ശേരി കെ.എൽ.ഡി.സി. ബണ്ട് പുനരുദ്ധാരണം, ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം- പെരുന്തോട് വീതി കൂട്ടി സംരക്ഷണം, കിഴുത്താണി ജംഗ്ഷൻ സൗന്ദര്യവൽക്കരണവും മനപ്പടി വരെ കാന നിർമ്മാണവും, നന്തി ഐ.എച്ച്.ഡി.പി. നഗർ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, പെരിഞ്ഞനം- പടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം നിർമ്മാണം, ആനന്ദപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പുതിയ കെട്ടിടവും സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണവും, കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസനം, കെ.എൽ.ഡി.സി. കനാൽ- ഷണ്മുഖം കനാൽ സംയോജനം, പുല്ലൂർ- ഊരകം- കല്ലംകുന്ന് റോഡ് ബി.എം & ബി.സി പുനരുദ്ധാരണം, ഔണ്ടർചാൽ പാലം നിർമ്മാണം, കല്ലട ഹരിപുരം ലിഫ്റ്റ് ഇറിഗേഷൻ, കാറളം പഞ്ചായത്തിലെ ആലുക്കകടവ് പാലം, ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഫ്ലാറ്റ് ടൈപ്പ് കോട്ടേഴ്സ് നിർമ്മാണം, ഷണ്മുഖം കനാലിൽ സ്ഥിരം പുളിക്കെട്ട് നിർമ്മാണം, ആളൂരിൽ സ്ഥലം ഏറ്റെടുത്ത് ഗവൺമെന്റ് കോളെജ് നിർമ്മാണം, കെട്ടുച്ചിറ സ്ലൂയിസ് കം ബ്രിഡ്ജ്, ഇരിങ്ങാലക്കുട മിനി സിവിൽസ്റ്റേഷൻ നവീകരണവും ഭിന്നശേഷി സൗഹൃദമാക്കലും ലിഫ്റ്റ് നിർമ്മാണവും എന്നിവയാണ് ബജറ്റിൽ ഇടം പിടിച്ചിരിക്കുന്ന മറ്റ് പദ്ധതികൾ.

സ്പോക്കൺ ഹിന്ദിസർട്ടിഫിക്കറ്റ് കോഴ്‌സ് :അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനു കീഴിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് ഇരിങ്ങാലക്കുട സബ് സെന്ററിൽ
സ്പോക്കൺ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

മൂന്നു മാസത്തേതാണ് കോഴ്‌സ്. ആഴ്ചയിൽ അഞ്ചു മുതൽ ആറു മണിക്കൂർ വരെ ക്ലാസുണ്ടാവും. വിദ്യാർഥികൾക്കും ജോലിചെയ്യുന്നവർക്കും സൗകര്യപ്രദമായ വിധത്തിലാവും സമയക്രമം.

ദൈനംദിന ജീവിതത്തിലും തൊഴിൽരംഗത്തും പ്രായോഗികമായി ഹിന്ദി സംസാരിക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്.

പ്ലസ് ടു വിജയിച്ചവരാകണം അപേക്ഷകർ. 3500 രൂപയാണ് കോഴ്‌സ് ഫീ. അപേക്ഷിക്കാൻ പ്രായപരിധി ഇല്ല.

താൽപര്യമുള്ളവർ പേര്, പ്രായം, ജനനത്തിയതി, വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങൾ സഹിതം 2026 ഫെബ്രുവരി 5-നകം അപേക്ഷിക്കണം. ഇമെയിൽ: klnirinj@gmail.com. ഫോൺ: 9388460098

ഇരിങ്ങാലക്കുട സബ് സെന്ററായ എസ്.എൻ. നഗറിലെ എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസ് കെട്ടിടത്തിലാണ് കോഴ്‌സ് നടക്കുക.