മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇടപെടലിൽ എടതിരിഞ്ഞിയിലെ ഭൂമി ന്യായവില പ്രശ്നത്തിന് പരിഹാരം

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില നിര്‍ണ്ണയം സംബന്ധിച്ച പ്രശ്‌നത്തിന് മന്ത്രി ഡോ. ആര്‍. ബിന്ദു ഇടപെട്ട് പരിഹാരമാക്കി.

മന്ത്രി ആർ. ബിന്ദുവിന്റെ മുൻകൈയിൽ റവന്യൂ വകുപ്പ് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്.

എടതിരിഞ്ഞി വില്ലേജില്‍ 2010ലെ ന്യായവില വിജ്ഞാപനപ്രകാരം നിശ്ചയിച്ച ഭൂമിയുടെ ന്യായവില യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും സമീപ വില്ലേജുകളിലെ സമാന സ്വഭാവമുള്ള ഭൂമിയേക്കാള്‍ കൂടുതലാണെന്നും വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. ഇതു സംബന്ധിച്ച പരാതികളും അപ്പീലുകളും ജില്ലാ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യായവില പുതുക്കി നിശ്ചയിക്കാന്‍ 2025 ജൂലൈ മാസത്തില്‍ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്, താലൂക്ക്, ജില്ലാതല സമിതികളും രൂപീകരിച്ചിരുന്നു.

ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള വിവിധ ക്ലാസിഫിക്കേഷനുകളിലെ ഭൂമിയുടെ കരട് ലിസ്റ്റ് വില്ലേജ് ഓഫീസര്‍ തയ്യാറാക്കുകയും, ആ ലിസ്റ്റ് വില്ലേജ്തല സമിതിയും താലൂക്ക്തല സമിതിയും അംഗീകരിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള ന്യായവിലയുടെ അറുപത് മുതല്‍ എൺപത്തഞ്ച് ശതമാനം വരെ കുറവുവരുത്തി നിലവിലെ മാര്‍ക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് കരട് ജില്ലാ കമ്മിറ്റി അംഗീകരിച്ചത്.

ജില്ലാ കമ്മിറ്റി അംഗീകരിച്ച വില ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിനും ഇതില്‍ ആക്ഷേപമുണ്ടെങ്കില്‍ 60 ദിവസങ്ങള്‍ക്കകം അപ്പീല്‍ നല്‍കുന്നതിനും ജില്ലാതല സമിതി യോഗത്തില്‍ തീരുമാനമായി.

ഉദ്യോഗസ്ഥതലത്തിൽ വന്ന തെറ്റു കാരണം ജനങ്ങൾ ദുരിതമനുഭവിക്കേണ്ടി വരുന്നത് ശ്രദ്ധയിൽ വന്നതുമുതൽ പരിഹാരത്തിന് നിരന്തരം ശ്രമിച്ചു വരികയായിരുന്നെന്ന്
മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ആ ഇടപെടലുകൾ ഫലപ്രാപ്തിയിൽ എത്തിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു.

കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ടി. മുരളി, ഡെപ്യൂട്ടി കളക്ടര്‍ എം.സി. ജ്യോതി, ആര്‍.ഡി.ഒ, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥര്‍, മറ്റുവകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു

ഇരിങ്ങാലക്കുട : 0480 മൂന്നു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിലും ക്രൈസ്റ്റ് കോളെജിലുമായി നടത്തിവന്ന തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻ്റ് പ്രൊഫസർ പി.ആർ. ജിജോയ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ അധ്യക്ഷത വഹിച്ചു.

ഫാ. ജോയ് പീണിക്കപ്പറമ്പിൽ, അഡ്വ. തോമസ് ഉണ്ണിയാടൻ, 0480 സെക്രട്ടറി റഷീദ് കാറളം, സജീവ് കുമാർ കല്ലട എന്നിവർ പ്രസംഗിച്ചു.

അരുൺ ഗാന്ധിഗ്രാം നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസം അരങ്ങേറിയ പെൺ നടൻ, വയൽപായും വെങ്കൈകൾ എന്നീ നാടകങ്ങളെ കുറിച്ച് പ്രൊഫ. സാവിത്രി ലക്ഷ്മണൻ വിശകലനം ചെയ്തു.

അശോകൻ ചരുവിൽ നാടകാവതാരകരെ ആദരിച്ചു.

അരുൺ ലാൽ സംവിധാനം ചെയ്ത കുഹു, ശശിധരൻ നടുവിൽ തൻ്റെ തനതായ ശൈലിയിലൂടെ സംവിധാനം നിർവഹിച്ച എൻ.എസ്. മാധവൻ്റെ വിവർത്തന നാടകമായ ഹിഗ്വിറ്റ എന്നിവ സഹൃദയ ഹൃദയം കീഴടക്കി.

പി. കൃഷ്ണനുണ്ണി, പി.ആർ. ജിജോയ്, അഡ്വ. മണികണ്ഠൻ ആതിര അരവിന്ദ്, ഹേന അരവിന്ദ്, സോണിയ ഗിരി, സുമേഷ് മണിത്തറ തുടങ്ങി അറുപതോളം കലാകാരന്മാരാണ് ഹിഗ്വിറ്റയിൽ അണിനിരന്നത്.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് : രണ്ടാം ദിനം ലോർഡ്സ് കൊച്ചിയെ തകർത്ത് കേരള പൊലീസ്

ഇരിങ്ങാലക്കുട : മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൻ്റെ രണ്ടാം ദിനത്തിൽ കേരള പൊലീസ്, ലോർഡ്സ് എഫ്‌.എ. കൊച്ചിയെ 5 -1ന് പരാജയപ്പെടുത്തി.

മത്സരത്തിന്റെ മുഖ്യാതിഥികളായി മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളായ വിക്ടർ മഞ്ഞില, എം.എം. ജേക്കബ്, കെ.എഫ്. ബെന്നി എന്നിവർ പങ്കെടുത്തു.

മത്സരത്തിൽ കേരള പൊലീസ് പൂർണാധിപത്യം പുലർത്തി.

ബാബിൾ മനോഹരമായ ഒരു ഹാട്രിക് നേടി. ശ്രീരാഗ്, ഷബാസ് എന്നിവർ ഓരോ ഗോൾ വീതവും നേടി.

ലോർഡ്സ് എഫ്‌.എ. കൊച്ചിക്കായി വൈഷ്ണവ് ആശ്വാസ ഗോൾ നേടി.

ബംഗളൂരുവിൽ നിറഞ്ഞ സദസ്സിൽ വീണ്ടും “മൃച്ഛകടികം” കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : ബംഗളൂരുവിലെ വിഖ്യാത കലോത്സവമായ ‘ബംഗളൂർ ഹബ്ബ’യിൽ ഇരിങ്ങാലക്കുട നടനകൈരളിയുടെ ‘മൃച്ഛകടികം’ കൂടിയാട്ടത്തിന് തിങ്ങിനിറഞ്ഞ സദസ്സ്.

നോബേൽ സമ്മാന ജേതാവായ വിഖ്യാത ശാസ്ത്രജ്ഞൻ സി.വി. രാമൻ്റെ ജന്മഗൃഹം കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കലോത്സവമാണിത്.

ശൂദ്രകൻ എന്ന നാടകകൃത്ത് 1500 വർഷങ്ങൾക്കു മുമ്പ് തന്റെ തന്നെ ആത്മകഥാ രൂപത്തിൽ രചിക്കപ്പെട്ട അത്യപൂർവമായ ‘പ്രകരണം’ എന്ന വിഭാഗത്തിൽ പെടുന്ന അപൂർവ സാമൂഹ്യ നാടകമാണിത്.

ചൂതുകളിക്കാർ, തസ്കരൻ, ആനക്കാരൻ തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുടെ കഥയാണ് നാടകത്തിലെ ഇതിവൃത്തം.

കൂടിയാട്ടത്തിൽ ഈ കൃതി ഇദംപ്രദമമായി ചിട്ടപ്പെടുത്തിയത് കൂടിയാട്ടം ആചാര്യനായ വേണുജിയാണ്.

ബംഗളൂരുവിൽ ഭൂമിജ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ അരങ്ങാണിത്.

കപില വേണു, സൂരജ് നമ്പ്യാർ, കലാമണ്ഡലം ജിഷ്ണു പ്രതാപ്, മാർഗി സജീവ് നാരായണ ചാക്യാർ, ശങ്കർ വെങ്കിട്ടേശ്വരൻ, പൊതിയിൽ രഞ്ജിത്ത് ചാക്യാർ, നേപഥ്യ ശ്രീഹരി ചാക്യാർ, സരിത കൃഷ്ണകുമാർ, മാർഗി അഞ്ജന എസ്. ചാക്യാർ, അരൻ കപില എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, രാഹുൽ എന്നിവർ മിഴാവിലും, കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും പശ്ചാത്തലമേളം നൽകി.

കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : നാല് ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ നടന്ന യോനക്സ്- സൺറൈസ് ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു.

ടൂർണമെന്റിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ മാസ്റ്റേഴ്സ് താരങ്ങൾ പങ്കെടുത്തു.

ഞായറാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ നിർവഹിച്ചു.

തൃശൂർ ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് ബാബു മെച്ചേരിപ്പടി അധ്യക്ഷത വഹിച്ചു.

കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ചിത്രേഷ് നായർ മുഖ്യാതിഥിയായിരുന്നു.

കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സാജു ലൂയിസ് മുഖ്യപ്രഭാഷണം നടത്തി.

കെ.ബി.എസ്.എ. വൈസ് പ്രസിഡന്റ് ജോസ് സേവ്യർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.എൻ. ഷാജി, ടി.ഡി.ബി.എസ്.എ. സെക്രട്ടറി പി.ഒ. ജോയ്, ട്രഷറർ ജോയ് കെ. ആന്റണി, ടൂർണമെന്റ് റഫറി അനീഷ് തോമസ് മൂക്കൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

ജനറൽ കൺവീനർ പീറ്റർ ജോസഫ് സ്വാഗതവും ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി ട്രഷറർ ടോമി മാത്യു നന്ദിയും പറഞ്ഞു.

ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ ജമ്മുകാശ്മീരിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.

ക്രൈസ്റ്റ് കോളെജ് കലാലയരത്ന അവാർഡ് അമല അന്ന അനിലിന്

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ എയ്ഡഡ്‌ കോളെജുകളിൽ നിന്നും സാമൂഹിക പ്രതിബദ്ധത, ക്രിയാത്മക നേതൃത്വഗുണം, അക്കാദമിക മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത വിദ്യാര്‍ഥിപ്രതിഭയ്ക്ക് നൽകുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ്റെ പേരിലുള്ള കലാലയരത്‌ന പുരസ്‌കാരം ചങ്ങനാശ്ശേരി അസംപ്ഷൻ കോളെജിലെ അമല അന്ന അനിലിന്.

5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

ജനുവരി 20ന് ഉച്ചതിരിഞ്ഞ് 2.30ന് ക്രൈസ്റ്റ് കോളെജ് ഫാ. ജോസ് തെക്കൻ സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ മലയാള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൽ. സുഷമ പുരസ്കാര സമർപ്പണം നടത്തും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജനുവരി 18 മുതൽ

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജനുവരി 18ന് ആരംഭിക്കും.

ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൈകുന്നേരം 4 മണിക്ക് ഭാഗവത മാഹാത്മ്യ പാരായണത്തോടെയാണ് യജ്ഞത്തിന് തുടക്കം കുറിക്കുന്നത്.

പല്ലിശ്ശേരി ചിദാനന്ദാശ്രമം പി. നവീൻകുമാർ യജ്ഞാചാര്യനും സിദ്ധാർത്ഥൻ കായംകുളം യജ്ഞപൗരാണികനും ആലുവ പ്രസാദ് നമ്പൂതിരി യജ്ഞപുരോഹിതനുമാണ്.

എല്ലാ ദിവസവും രാവിലെ ഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന യജ്ഞം ജനുവരി 25ന് ശ്രീകൃഷ്ണാവതാര പാരായണത്തിനുശേഷം സഹസ്രനാമജപത്തോടെ സമാപിക്കും.

ക്രൈസ്റ്റ് കോളെജിൽ ആർട്സ് കേരള കലാസംഗമം 17ന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർട്സ് കേരള കലാസംഗമം കോളെജ് ഓഡിറ്റോറിയത്തിൽ ജനുവരി 17ന് അരങ്ങേറും.

ആർട്സ് കേരളയിൽ ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട് മത്സരങ്ങളോടൊപ്പം ഈ വർഷം മുതൽ തിരുവാതിരക്കളി മത്സരവും സംഘടിപ്പിക്കും.

രാവിലെ 9.30ന് ഗ്രൂപ്പ് ഡാൻസ് മത്സരം ആരംഭിക്കും.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് പുനഃസംഘടിപ്പിച്ച ആർട്സ് കേരള മത്സരം ഓരോ വർഷവും കൂടുതൽ മത്സര ഇനങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ കലാലയങ്ങളെയും പങ്കെടുപ്പിച്ച് നടത്താനാണ് പദ്ധതിയിടുന്നത്.

ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ വിജയികൾക്ക് കെ.പി. ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാർഡും നൽകും.

രണ്ടാം സമ്മാനമായി 20,000 രൂപയും ലീല ജോൺ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനമായി 15000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ലഭിക്കും.

കൂടാതെ കോളെജിലെ മുൻ സ്റ്റാഫും പ്രശസ്ത ചമയ കലാകാരനുമായിരുന്ന വി. രാമകൃഷ്ണൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന മികച്ച ചമയത്തിനുള്ള ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.

നാടൻപാട്ട് മത്സരത്തിൽ ഒന്നാം സമ്മാനമായി കെ.എൽ. ആൻ്റോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 20,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.

രണ്ടാം സമ്മാനമായി സെലിൻ ആൻ്റോ ട്രോഫിയും 15,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ലഭിക്കുന്നത് വിജു ആൻ്റോ ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ്.

ഈ വർഷം മുതൽ ആർട്സ് കേരള ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന തിരുവാതിരക്കളി മത്സരത്തിൽ ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന ട്രോഫികൾക്കൊപ്പം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് സമ്മാനമായി യഥാക്രമം 20,000, 15,000, 10,000 രൂപയും സമ്മാനമായി നൽകും.

യൂണിവേഴ്സിറ്റി തലത്തിലുള്ള ഇൻ്റർ- സോൺ മത്സരങ്ങൾ വരുന്നതിന് മുൻപ് 1970കളിൽ സംസ്ഥാനതലത്തിൽ കോളെജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളെജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആർട്സ് കേരള.

മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്ന ആർട്സ് കേരള കലാമേളയിൽ സമ്മാനം നൽകുന്നതിനായി വന്നിരുന്നത് അന്നത്തെ പ്രശസ്ത സിനിമാ താരങ്ങളായിരുന്ന പ്രേം നസീർ, ജയഭാരതി, ഷീല തുടങ്ങിയവരായിരുന്നു.

പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാമേളയാണ് ആർട്സ് കേരള എന്ന പേരിൽ ക്രൈസ്റ്റ് കോളെജിൽ പുനഃസംഘടിപ്പിക്കുന്നത്.

സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി

ഇരിങ്ങാലക്കുട : യോനക്സ്- സൺറൈസ് ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ ആവേശകരമായ തുടക്കം.

ജനുവരി 18 വരെയാണ് മത്സരം നടക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

സ്പോർട്സ് ഹബ്ബായി വളരുന്ന ഇരിങ്ങാലക്കുടയുടെ കായിക ഭൂപടത്തിൽ ഇത്തരം ടൂർണമെന്റുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടി.ഡി.ബി.എസ്.എ. പ്രസിഡന്റ് ബാബു മേച്ചേരിപ്പടി അധ്യക്ഷത വഹിച്ചു.

കെ.ബി.എസ്.എ. സെക്രട്ടറി മുഹമ്മദ് താരിഖ് മുഖ്യപ്രഭാഷണം നടത്തി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായിരുന്നു.

സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, കെ.ബി.എസ്.എ. വൈസ് പ്രസിഡന്റ് ജോസ് സേവ്യർ, ടൂർണമെന്റ് റഫറി അനീഷ് തോമസ് മൂക്കൻ, എം.എൻ. ഷാജി, പി.ഒ. ജോയ്, ജോയ് കെ. ആന്റണി എന്നിവർ ആശംസകൾ നേർന്നു.

ജനറൽ കൺവീനർ പീറ്റർ ജോസഫ് സ്വാഗതവും കാസ ട്രഷറർ ടോമി മാത്യു നന്ദിയും പറഞ്ഞു.

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : വാടച്ചിറ ചാലിശ്ശേരി ദേവസി മകൻ ജോസ് (81) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : മാഗി

മക്കൾ : റീന, സീന, ജീന

മരുമക്കൾ : ജോസഫ്, സേവിയർ, ജോഷി