ഭാരതീയ വിദ്യാഭവനിൽ ‘ഫിഫ ഫിയസ്റ്റ’ ആഘോഷിച്ചു

ഇരിങ്ങാലക്കുട : കാലദേശാതിർത്തികൾ ഭേദിക്കുന്ന ഒത്തൊരുമയുടെ ആസ്വാദനാനുഭവം പകരുന്ന കായിക മത്സരങ്ങളുടെ പ്രാധാന്യം വിളിച്ചോതി, കാൽപ്പന്തുകളിയുടെ മാന്ത്രികാവേശം ഉൾക്കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘ഫിഫ ഫിയസ്റ്റ’ ആഘോഷിച്ചു.

വിവിധ ടീമുകളുടെ ജേഴ്സികൾ അണിഞ്ഞെത്തിയ കുട്ടികൾ ക്യാമ്പസിനെ വർണ്ണാഭമാക്കി.

ആറു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾ പെനാൽറ്റി ഷൂട്ടൗട്ടിൽ പങ്കെടുത്തു.

ആവേശമുണർത്തുന്ന ബാനർ റിവീലും ഫ്ലാഷ് മോബുകളും ഉണ്ടായിരുന്നു.

പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ എന്നിവർ പങ്കെടുത്തു.

കായികവിഭാഗം അധ്യാപകരായ റോസ്മി ഷിജു, സലീഷ്, വൈഷ്ണവി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

മാർ ജെയിംസ് പഴയാറ്റിൽ വിശുദ്ധി നിറഞ്ഞ ആത്മീയാചാര്യൻ: മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : വിശുദ്ധി നിറഞ്ഞ ആത്മീയാചാര്യനായിരുന്നു മാർ ജെയിംസ് പഴയാറ്റിലെന്നും അദ്ദേഹത്തിന്റെ ജീവിതമാതൃക ഇരിങ്ങാലക്കുട രൂപതയ്ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

രൂപതയുടെ പ്രഥമ ബിഷപ്പും 32 വർഷം വിവിധ രംഗങ്ങളിൽ വികസനത്തിൻ്റെ സാരഥിയുമായിരുന്ന മാർ ജെയിംസ് പഴയാറ്റിലിൻ്റെ 10-ാം ചരമവാർഷികത്തോടനുബന്ധിച്ച് സെൻ്റ് തോമസ് കത്തീഡ്രലിൽ നടന്ന ദിവ്യബലിയിൽ അനുസ്‌മരണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ദൈവത്തിലാശ്രയിച്ചു മുന്നോട്ടുപോകാൻ അദ്ദേഹം ജീവിതത്തിലുടനീളം പ്രചോദനം നൽകി. ജാതി മതഭേദമെന്യ സർവവിഭാഗം ജനങ്ങൾക്കും കാരുണ്യത്തിൻ്റെയും നന്മയുടെയും നിരവധി വാതിലുകൾ തുറന്നിട്ടു. ലാളിത്യത്തിന്റെയും വിനയത്തിന്റെയും വിശുദ്ധിയുടെയും സുവിശേഷമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം എന്നും മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.

രൂപതയിലെ 141 ഇടവകകളിലും ആയിരക്കണക്കിനു വിശ്വാസികൾ അനുസ്‌മരണ ദിവ്യബലിയിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു.

രൂപത ആസ്ഥാന ദൈവാലയമായ കത്തീഡ്രലിൽ നടന്ന സമൂഹബലിയിലും കബറിടത്തിലുള്ള പ്രാർഥനകളിലും മാർ പോളി കണ്ണൂക്കാടനോടൊപ്പം നൂറിലേറെ വൈദികർ സഹകാർമികത്വം വഹിച്ചു.

വൈദികരും സന്യസ്‌തരും അൽമായ പ്രതിനിധികളും ഉൾപ്പെടെയുള്ള വൻ വിശ്വാസി സമൂഹം തങ്ങളുടെ പ്രിയപ്പെട്ട ആത്മീയാചാര്യന് ആദരാഞ്ജലി അർപ്പിച്ചു.

രൂപത ചാൻസലർ ഫാ. കിരൺ തട്ട്ല, കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ, വികാരി ജനറൽമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൺ ഈരത്തറ, മോൺ. ആൻ്റോ ആലപ്പാടൻ, ഫിനാൻസ് ഓഫീസർ ഫാ. ലിജോ കോങ്കോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ടി.എൻ. നമ്പൂതിരി പുരസ്കാരം മുടിയേറ്റ് കലാകാരൻ കിഴക്കേ വാരനാട്ട് നാരായണകുറുപ്പിന്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവും, ട്രേഡ് യൂണിയൻ സംഘാടകനും, സാംസ്‌കാരിക നായകനുമായിരുന്ന ടി.എൻ. നമ്പൂതിരിയുടെ പേരിലുള്ള സ്‌മാരക അവാർഡ് മുടിയേറ്റ് കലാകാരൻ കിഴക്കേ വാരനാട്ട് നാരായണകുറുപ്പിന്.

മുടിയേറ്റ് എന്ന ക്ലാസിക്കൽ കലയുടെ അതിജീവനത്തിനും പരിപോഷണത്തിനും വേണ്ടി ചെയ്യുന്ന സേവനങ്ങൾ പരിഗണിച്ചാണ് ഇദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് ടി.എൻ. സ്‌മാരക സമിതി പ്രസിഡൻ്റ് ഇ. ബാലഗംഗാധരനും സെക്രട്ടറി കെ. ശ്രീകുമാറും അറിയിച്ചു.

ജൂലായ് 18ന് ടി.എൻ. നമ്പൂതിരിയുടെ 48-ാം ചരമവാർഷികദിനത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ അവാർഡ് സമർപ്പിക്കും.

നിര്യാതയായി

സീത

ഇരിങ്ങാലക്കുട : പാറയിൽ അരവിന്ദാക്ഷമേനോൻ ഭാര്യ പാറേക്കാട്ട് സീത (82) നിര്യാതയായി.

സംസ്കാരം ശനിയാഴ്ച (ജൂലൈ 11) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ഉണ്ണി പാറയിൽ
(കെഎസ്ഇബി ഉദ്യോഗസ്ഥൻ), ഭാഗ്യലക്ഷ്മി, ബിന്ദു

മരുമക്കൾ : രാഖി, ശിവദാസൻ, നന്ദനൻ

‘ഫുൾ സ്റ്റാക്ക് വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്’ ത്രിദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ത്രിദിന പ്രാക്ടിക്കൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

‘ഫുൾ സ്റ്റാക്ക് വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്’ എന്ന വിഷയത്തിലാണ് മൂന്ന് ദിവസത്തെ ഈ ഹാൻഡ്സ്- ഓൺ വർക്ക്‌ഷോപ്പ് നടത്തിയത്.

വിവിധ സെഷനുകളിലായി വെബ് ആപ്ലിക്കേഷൻ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.

മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ എസ്. രഞ്ജിത്ത് ആയിരുന്നു വർക്ക്‌ഷോപ്പിന്റെ റിസോഴ്സ് പേഴ്സൺ.

വെബ് ഡെവലപ്‌മെന്റിന്റെ അടിസ്ഥാന തത്വങ്ങൾ മുതൽ നിലവിലെ ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്ന പ്രമുഖ ഫ്രെയിംവർക്കുകൾ വരെ അദ്ദേഹം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയും സ്വന്തമായി വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിൽ തത്സമയ പരിശീലനം നൽകുകയും ചെയ്തു.

വിദ്യാർഥികളുടെ തൊഴിൽ വൈദഗ്ധ്യവും പ്രായോഗിക അറിവും വർദ്ധിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ സയൻസ് വകുപ്പ് നിരന്തരം നടത്തിവരുന്ന ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി. അംബികാദേവി അമ്മ അറിയിച്ചു.

വർക്ക്‌ഷോപ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ക്രൈസ്റ്റ് കോളെജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെയും ഐഎംഎ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തില്‍ കോളെജില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

റെഡ് റിബണ്‍ ക്ലബ്ബ്, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (കെഎസ്എസിഎസ്) എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

ക്യാമ്പ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു.

“ഒരു ഹീറോ ആകൂ, ഒരു ദാതാവാകൂ” എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച ക്യാമ്പില്‍ കോളെജിലെ വിവിധ വകുപ്പുകളില്‍ നിന്നായി 49 വിദ്യാര്‍ഥികള്‍ രക്തം ദാനം ചെയ്തു.

ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ രക്തദാതാക്കള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന്‍ കെ. ജോസ്, മറ്റു അധ്യാപകരായ അസി. പ്രൊഫ. അനൂജ്, അസി. പ്രൊഫ. സ്റ്റിജി, അസി. പ്രൊഫ. ദിനില്‍ എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കി.

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടർത്തി ; വിഷൻ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം

ഇരിങ്ങാലക്കുട : ജൂലൈ 16 മുതൽ 22 വരെ ഇരിങ്ങാലക്കുട കാത്തലിക് സെന്റർ ജ്യോതിസിൽ വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത് ഞാറ്റുവേല മഹോത്സവത്തിന്റെ അനുബന്ധ പരിപാടികൾക്ക് പൊറത്തിശ്ശേരി കോട്ടപ്പാടത്ത് നടന്ന മഡ് ഫുട്ബോൾ, മഡ് റേസ് മത്സരങ്ങളോടെ തുടക്കമായി.

ചെളിക്കളത്തിൽ നടന്ന മത്സരങ്ങൾ കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.

കേരള പൊലീസ് ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും സന്തോഷ് ട്രോഫി കേരള ടീം അംഗവുമായിരുന്ന വിപിൻ തോമസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

എട്ട് ടീമുകൾ പങ്കെടുത്ത മഡ് ഫുട്ബോൾ മത്സരത്തിൽ ഫൈവ് സ്റ്റാർ ഇരിങ്ങാലക്കുടയും ഭാവി കലാസമിതി ഇരിങ്ങാലക്കുടയും ഫൈനലിൽ ഏറ്റുമുട്ടി. നിശ്ചിത സമയത്ത് സമനിലയായതിനെ തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു ഗോളിന് ഭാവി കലാസമിതി ജേതാക്കളായി.

മഡ് റേസിൽ 25 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ സംഗീത്, അജിത്, ആൻസൺ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

25 മുതൽ 45 വയസ്സ് വരെയുള്ള വിഭാഗത്തിൽ ജിതിൻ ഒന്നാം സ്ഥാനവും സലീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

45 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ ഡെയ്സൺ, സുനിൽ, കൃഷ്ണൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മത്സരങ്ങളുടെ നിയന്ത്രണം റഫറിമാരായ ലാലു, ഷാജി, അമൽ എന്നിവർ നിർവഹിച്ചു.

സമാപന സമ്മേളനത്തിൽ തൃശൂർ റേഞ്ച് ഇന്റേണൽ സെക്യൂരിറ്റി ഡിവൈഎസ്പി പി.ആർ. ബിജോയ് വിജയികൾക്ക് ക്യാഷ് അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

എയ്മർ ഹോസ്പിറ്റൽ ഡയറക്ടർ അഭിദ് അക്ബർ, കൗൺസിലർമാരായ വിനീത, സിന്ധു ഗിരീഷ്‌കുമാർ, എം.എസ്. ദാസൻ, കെ.എൻ. സുഭാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഷാജി മാസ്റ്റർ സ്വാഗതവും ഫെനി എബിൻ നന്ദിയും പറഞ്ഞു.

പരിപാടികൾക്ക് ജനറൽ കൺവീനർ പി.ആർ. സ്റ്റാൻലി, ചീഫ് കോർഡിനേറ്റർ സിമീഷ് സാഹു, ടെൽസൺ കോട്ടോളി, എ.സി. സുരേഷ്, കെ. കൃഷ്ണപ്രസാദ്, അൽഫോൻസ തോമസ്, പ്രമീള അശോകൻ എന്നിവർ നേതൃത്വം നൽകി.

ജനപ്രതിനിധികളായ കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, വേളൂക്കര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിനോയ് ഐക്കരപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.യു. വിജയൻ, നഗരസഭ കൗൺസിലർമാരായ വി.എസ്. അശ്വതി, വിമി ബിജേഷ്, രമ്യ ഷിബു, അജിത്കുമാർ, സി.സി. ഷിബിൻ, വേളൂക്കര പഞ്ചായത്തംഗം സാന്ദ്ര അമ്മൂസ്, വ്യാപാരി വ്യവസായി ഏകോനസമിതി പ്രസിഡൻ്റ് ഷാജു പാറേക്കാടൻ, റഷീദ് കാറളം, അവിട്ടത്തൂർ എൽ.ബി.എം.എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ, സീമ പ്രേംരാജ്, സുനിൽ മാലാന്ത്ര, ജീവൻലാൽ, ചിന്ത സുഭാഷ്, സോണി അജിത് എന്നിവർ ആശംസകൾ നേർന്നു.

കിഴുത്താണി എയ്മർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു മഡ് ഫുട്ബോൾ, മഡ് റേസ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

ആനന്ദപുരം ശ്രീകൃഷ്ണയിൽ “ഫുട്ബോളിൻ്റെ ശാസ്ത്രം” സെമിനാർ നടത്തി

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “ഫുട്ബോളിൻ്റെ ശാസ്ത്രം” എന്ന വിഷയത്തിൽ ശാസ്ത്ര സെമിനാർ നടത്തി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സഹകരണത്തോടെ നടത്തിയ സെമിനാറിൽ മധു വെള്ളാനി ക്ലാസ് നയിച്ചു.

ഫുട്ബോൾ മത്സരത്തിൽ ഭൗതികശാസ്ത്രം രസതന്ത്രം, ജീവശാസ്ത്രം എന്നിവ എങ്ങനെ സമന്വയിക്കുന്നു എന്ന് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.

ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, പ്രിയൻ ആലത്ത്, എ.ടി. നിരൂപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ജീപ്പിടിച്ച് തുമ്പൂർ സർവീസ് സഹകരണ ബാങ്കിൻ്റെ പട്ടേപ്പാടം ബ്രാഞ്ച് മതിൽ തകർന്നു

ഇരിങ്ങാലക്കുട : താർ ജീപ്പിടിച്ച് തുമ്പൂർ സർവീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ മതിലിന്റെ തൂണ് തകർന്നു.

ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നത്.

ഒരു കോൽ അധികം കനം വരുന്ന കോൺക്രീറ്റ് തൂണാണ് ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണത്.

കൊമ്പൊടിഞ്ഞാമാക്കലിന് സമീപം കാരൂർ ഉള്ള വ്യാപാരിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ വാഹനം തകർന്നെങ്കിലും വാഹനം ഓടിച്ചയാൾക്ക് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക ഭക്ഷ്യ പ്രദർശന വിപണന മേള : സംഘാടക സമിതി യോഗം ചേർന്നു

ഇരിങ്ങാലക്കുട : ആത്മ പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക ഭക്ഷ്യ പ്രദർശന വിപണന മേളയുടെ സംഘാടക സമിതി യോഗം ചേർന്നു.

ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ, കൃഷി ഓഫീസർമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർ എന്നിവർ പങ്കെടുത്തു.

പ്രസ്തുത പ്രദർശനമേളയിൽ സെമിനാറുകൾ, കാർഷിക ഉത്പന്ന പ്രദർശന ശാലകൾ, കൂൺ ഭക്ഷ്യമേള എന്നിവ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു.