ഇരിങ്ങാലക്കുട : ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങൾ മുതലെടുത്ത് വിമാന കമ്പനികൾ അമിതമായി ചാർജ്ജ് ഈടാക്കുന്നത് കേന്ദ്ര സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപത മൈഗ്രന്റ് മിഷൻ പ്രസിഡന്റ് ഷാജു വാലപ്പന്റെ നേതൃത്വത്തിൽ കേന്ദ്ര സ്റ്റീൽ ആൻഡ് ഹെവി ഇന്റസ്ട്രി മന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ്മയ്ക്ക് നിവേദനം നൽകി.
തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഗൾഫ് മേഖലയിലേക്ക് പോകുവാനും, അവിടെ നിന്ന് വരുവാനും അമിത ടിക്കറ്റ് ചാർജ്ജ് വർദ്ധന മൂലം ബുദ്ധിമുട്ടുകയാണ് പ്രവാസികൾ. പല വ്യക്തികളുടെയും വിസയുടെ കാലാവധി തീരുകയും തിരിച്ച് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഈ മേഖലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിവേദനം സമർപ്പിക്കുവാൻ രൂപത ഭാരവാഹികളായ ജോസ് മാമ്പിള്ളി, ലാജിൻ പോൾ, കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായ വിപിൻ പാറമേക്കാട്ടിൽ എന്നിവരും ഉണ്ടായിരുന്നു.
ഇതു സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഇവർ അറിയിച്ചു.












Leave a Reply