ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ നക്ഷത്രത്തിൽ നടത്തി വരുന്ന കളഭാഭിഷേകം ഫെബ്രുവരി 28ന് രാവിലെ 9 മണിക്ക് നടക്കും.
ചന്ദനം, ഗോരോചനം, കുങ്കുമപ്പൂവ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന് കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്. സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്.
ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക് പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. തുടർന്ന് ശാസ്താവിന് കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.
നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.
തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.












Leave a Reply