ഇരിങ്ങാലക്കുട : പുതുതായി തെരഞ്ഞെടുക്കപ്പെട്ട 13 അംഗ കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു.
വരണാധികാരിയായ മുകുന്ദപുരം സഹകരണ അസിസ്റ്റൻ്റ് രജിസ്‌ട്രാർ ഓഫീസിലെ സ്പെഷ്യൽ സെയിൽ ഓഫീസർ വി.ആർ. ഡെന്നിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രഥമയോഗം ആർ.എൽ. ശ്രീലാലിനെ പ്രസിഡൻ്റായും പി.കെ. വത്സലനെ വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുത്തു.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറുമായിരുന്ന ആർ.എൽ. ശ്രീലാലാണ് ഇടതുപക്ഷ പാനലിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചത്. 2134 വോട്ടുകളാണ് ശ്രീലാൽ നേടിയത്. 40 വയസ്സിന് താഴെയുള്ള പൊതു വിഭാഗത്തിലാണ് ശ്രീലാൽ മത്സരിച്ചത്.
നിക്ഷേപക സംവരണ ഡിവിഷനിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പി.കെ. വത്സലൻ തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട. ജില്ലാ ജോയിൻ്റ് ഡയറക്ടറാണ്.
വായ്പകൾ തിരിച്ചുപിടിക്കുക, നിക്ഷേപകർക്ക് അവർ ആവശ്യപ്പെടുന്നതിനനുസരിച്ച് പണം നൽകാൻ കഴിയുക എന്നീ സ്ഥിതിയിലേക്ക് ബാങ്കിനെ എത്തിക്കുക എന്നതാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യം. പ്രസിഡൻ്റ് എന്ന നിലയിൽ പ്രവർത്തിക്കാൻ ഏൽപ്പിച്ച ഉത്തരവാദിത്വത്തെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും നല്ല നിലയിൽ തന്നെ ഈ നാട്ടിലെ നിക്ഷേപകരും സഹകാരികളും ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്നും ആർ.എൽ. ശ്രീലാൽ പറഞ്ഞു.
തുടർന്ന് ബാങ്ക് ഹാളിൽ ചേർന്ന അനുമോദന യോഗം സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.
എം.ബി. രാജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സിപിഐ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ. രാജൻ, സിപിഎം പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ. ജീവൻലാൽ, കരുവന്നൂർ ലോക്കൽ സെക്രട്ടറി ടി.കെ. ജയാനന്ദൻ, കെ.ജെ. ജോൺസൺ, ഐ.ആർ. ബൈജു, ബാങ്ക് സിഇഒ കെ.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വെച്ച് ബാങ്ക് സഹകാരിയും തൊഴിലാളിയുമായ മാപ്രാണം സ്വദേശി എസ്.വി. രമേഷ് ഒരു ലക്ഷം രൂപയുടെ നിക്ഷേപം ബാങ്കിന് നൽകി.












Leave a Reply