ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം തുമ്പൂർ ലോഹിതാക്ഷന്

ഇരിങ്ങാലക്കുട : വിവർത്തനത്തിൻ്റെ മേഖലയിൽ
വർഷംതോറും ഗ്രാമിക നൽകിവരുന്ന ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം തുമ്പൂർ ലോഹിതാക്ഷന്.

20000 രൂപയും സ്മൃതി ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ വിവർത്തകനുമായിരുന്ന ഇ.കെ. ദിവാകരൻ പോറ്റിയുടെ പേരിലുള്ള പുരസ്കാരം.

മലയാളത്തിൽ വിവർത്തന മേഖലയെ പരിപോഷിപ്പിക്കുന്നതിനായി തുമ്പൂർ ലോഹിതാക്ഷൻ നൽകിയ സംഭാവനകൾ മുൻനിർത്തിയാണ്, വിവർത്തന മേഖലയിൽ മികവ് പ്രകടിപ്പിക്കുന്നവർക്കായി ഏർപ്പെടുത്തിയ ഈ പുരസ്കാരം നൽകുന്നത്.

തുമ്പൂർ സ്വദേശിയായ ലോഹിതാക്ഷൻ അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷം പൂർണ്ണമായും സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുന്ന വ്യക്തിയാണ്.

ദസ്തയോവ്സ്കിയുടെ പുവർ ഫോക്സ്, “ഒന്നുമില്ലാത്തവർ” എന്ന പേരിലും നിക്കൊളായ് ലെസ്കോവിൻ്റെ ലേഡി മാക്ബത്ത് ഓഫ് മെസൻസ്ക് ഡിസ്ട്രിക്ട്, “മെസൻസ്കിലെ ലേഡി മാക്ബത്ത്” എന്ന പേരിലും വിക്ടർ ഹ്യൂഗോയുടെ ദി ലാസ്റ്റ് ഡേ ഓഫ് എ കണ്ടംഡ് മാൻ, “വിധിക്കപ്പെട്ടവൻ്റെ അന്ത്യദിനം” എന്ന പേരിലും അദ്ദേഹം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

കൂടാതെ ലൂയി പിരാന്തലോ, ഹെർമൻ മെൽവിൽ, ആർതർഷ് നൈസ്റ്റ്ലർ, ജോൺ സ്റ്റെയിൻബക്ക്, തോമസ് മാൻ തുടങ്ങിയവരുടെ കൃതികളും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.

വിവിധ ഭാഷകളിലുണ്ടായ ക്ലാസ്സിക് കൃതികളെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടു
വരുന്നതു വഴി, നാലപ്പാടനും ഇടപ്പള്ളി കരുണാകരമേനോനും എൻ.കെ. ദാമോദരനും മറ്റും പ്രവർത്തിച്ചിരുന്ന മലയാള ഭാഷയുടെ ചിന്താശേഷിയെയും വൈകാരികതയെയും വിവർത്തനത്തിലൂടെ കനപ്പെടുത്തുക എന്ന പ്രവർത്തനത്തെ ഇക്കാലത്ത് മുന്നോട്ട് കൊണ്ടുപോകുകയാണ് തുമ്പൂർ ലോഹിതാക്ഷൻ്റെ വിവർത്തന സപര്യയെന്ന്
കെ. സച്ചിദാനന്ദൻ ചെയർമാനും പി.എൻ. ഗോപീകൃഷണൻ, വടക്കേടത്ത് പത്മനാഭൻ എന്നിവർ അംഗങ്ങളുമായ പുരസ്കാര സമിതി വിലയിരുത്തി.

കുട്ടികൾക്കായി നിരവധി കൃതികൾ തുമ്പൂർ ലോഹിതാക്ഷൻ പുനരാഖ്യാനം ചെയ്തതും പുരസ്കാര സമിതി കണക്കിലെടുക്കുകയുണ്ടായി. കുട്ടികളെ സാഹിത്യത്തിൻ്റെ വിശാലതയിലേക്ക് കൈപിടിച്ചു കയറ്റുന്നതിൽ വിവർത്തനമണ്ഡലത്തിൻ്റെ തന്നെ ഒരു ഉപശാഖയായി കണക്കാക്കാവുന്ന ഈ പുനരാഖ്യാനങ്ങൾ വലിയ
പങ്കുവഹിക്കുന്നതായും പുരസ്കാര സമിതി ചൂണ്ടിക്കാട്ടി.

മലയാളത്തിലേക്ക് വിവർത്തനം വഴി വിശിഷ്യാ ഹിന്ദിയിലെയും മറ്റ് ഭാഷകളിലെയും വിശിഷ്ട കൃതികളെ കൂട്ടിക്കൊണ്ടു വന്ന
ഇ.കെ. ദിവാകരൻ പോറ്റിയുടെ പേരിലുള്ള പുരസ്കാരം, വർഷങ്ങളായി
നൽകിവരുന്നത് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ കുഴിക്കാട്ടുശ്ശേരി ഗ്രാമികയാണ്.

ജൂലൈ 26 ഞായറാഴ്ച, കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ പോറ്റി മാഷിൻ്റെ 21-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.

തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പുരസ്കാര നിർണ്ണയ സമിതി ചെയർമാൻ
കെ. സച്ചിദാനന്ദൻ, അംഗങ്ങളായ പി.എൻ. ഗോപീകൃഷ്ണൻ, വടക്കേടത്ത് പത്മനാഭൻ, ഗ്രാമിക പ്രസിഡൻ്റ്
പി.കെ. കിട്ടൻ, വൈസ് പ്രസിഡൻ്റ് ഇ.കെ. മോഹൻദാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *