ഇരിങ്ങാലക്കുട : റെയിൽവേ ട്രാക്കിന് സമീപത്തെ മരക്കൂട്ടത്തിലെ കാട്ടിൽ ഒളിച്ചിരുന്ന പതിനൊന്നുകാരനെ രക്ഷിച്ച് തൃശൂർ റൂറൽ പൊലീസ്.
പൊലീസിന്റെ അതീവ ജാഗ്രതയും മിന്നൽ വേഗത്തിലുള്ള ഏകോപനവും മൂലം വെറും 20 മിനിറ്റിനുള്ളിൽ പിഞ്ചുജീവൻ രക്ഷിക്കാനായി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20ഓടെ മുരിയാട് ഭാഗത്തെ റെയിൽവേ ട്രാക്കിലൂടെ ഒരു കുട്ടി അമ്മയുമായി പിണങ്ങി പരിഭ്രാന്തനായി ഓടി പെട്ടെന്ന് കാണാതായത് മനസ്സിലാക്കിയ നാട്ടുകാരിലൊരാളാണ് ആളൂർ സ്റ്റേഷനിൽ വിവരമറിയിച്ചത്.
സ്റ്റേഷനിലുണ്ടായിരുന്ന വനിതാ സിപിഒ സനില ഉടൻതന്നെ വിവരം സ്റ്റേഷൻ ഗ്രൂപ്പിലും പട്രോളിംഗ് സംഘത്തിനും കൈമാറി.
സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ തിരച്ചിലിന് നിർദ്ദേശം നൽകി.
ആളൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടൻ, പ്രിൻസിപ്പൽ എസ്ഐ മനു പി. ചെറിയാൻ, ഗ്രേഡ് എസ്ഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.
അപകടസാധ്യത കണക്കിലെടുത്ത് ആളൂർ എസ്എച്ച്ഒ ഉടൻ തന്നെ റെയിൽവേ അധികൃതരെ ബന്ധപ്പെട്ട് ആ സമയത്ത് കടന്നുപോകേണ്ടിയിരുന്ന ട്രെയിനുകൾ ബ്ലോക്ക് ചെയ്യിപ്പിച്ചു.
റെയിൽവേ പാളത്തിലൂടെ നടന്ന് തിരച്ചിൽ നടത്തിയ സി.പി.ഒ.മാരായ ശ്രീജിത്ത്, സിനേഷ് എന്നിവർ കുട്ടിയുടെ അച്ഛനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി നടത്തിയ തിരച്ചിലിനൊടുവിൽ മുരിയാട് പൂവശ്ശേരിക്കാവ് റെയിൽവേ ഗേറ്റിനും മനപ്പടി റെയിൽവെ ഗേറ്റിനും ഇടയിലുള്ള സ്ഥലത്തെ ട്രാക്കിന് സമീപത്തെ മരങ്ങളുടെയും കാടിന്റെയും ഇടയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ട്രെയിൻ വരുന്നതും കാത്ത് റെയിൽവേ ട്രാക്കിനു സമീപത്തുള്ള മരങ്ങൾക്കും കാടിനും ഇടയിൽ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി.
പൊലീസ് ഉദ്യോഗസ്ഥർ സമാധാനത്തോടെ കുട്ടിയെ സംസാരിച്ച് അനുനയിപ്പിക്കുകയും സുരക്ഷിതമായി കൂടെക്കൂട്ടി റെയിൽവേ ട്രാക്കിന്റെതന്നെ അടുത്തുള്ള കുട്ടിയുടെ വീട്ടിൽ തിരികെ എത്തിക്കുകയും ചെയ്തു.












Leave a Reply