തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മെയ് 4ന് : തൃശൂർ റൂറൽ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തം; ഡ്രോൺ നിരീക്ഷണവും കർശന പരിശോധനയും

ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മെയ് 4ന് നടക്കാനിരിക്കെ, തൃശൂർ റൂറൽ ജില്ലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി.

ആഹ്ലാദ പ്രകടനങ്ങൾ അതിരുവിടാതിരിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുമായി 1500 പൊലീസ് ഉദ്യോഗസ്ഥരെ റൂറൽ ജില്ലയിൽ ഡ്യൂട്ടിക്കായി നിയോഗിച്ചു.

കൂടുതൽ വാഹന പട്രോളിങ്ങും, പിക്കറ്റ് പോസ്റ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുമുതൽ നശീകരണം, വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെയുള്ള അതിക്രമങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

റൂറൽ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രമായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് പരിസരം കനത്ത കാവലിലാണ്. പാസില്ലാത്ത ആരെയും വോട്ടെണ്ണൽ കേന്ദ്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല.

വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകൾക്ക് പുറമെ ഡ്രോണുകൾ ഉപയോഗിച്ചും നിരീക്ഷിക്കും.

കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നടപടിയെടുക്കും.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക പട്രോളിംഗ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

മുൻകാലങ്ങളിലെ പ്രശ്നബാധിത കേന്ദ്രങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുൻകാല കുറ്റവാളികൾ, രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, സാമൂഹ്യവിരുദ്ധർ എന്നിവരുടെ നീക്കങ്ങൾ പ്രത്യേകം നിരീക്ഷിക്കും. ആവശ്യമുള്ള അവസരങ്ങളിൽ കരുതൽ തടങ്കൽ അടക്കമുള്ള നടപടികളും സ്വീകരിക്കും.

ആരാധനാലയങ്ങൾക്കും രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കുമെതിരെ റൂറൽ സൈബർ പൊലീസ് കർശന നിരീക്ഷണം നടത്തി വരുന്നുണ്ട്. ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യും.

ലഹരി വസ്തുക്കളുടെ കടത്ത് തടയാൻ ജില്ലാ അതിർത്തികളിലും തീരപ്രദേശങ്ങളിലും കർശന വാഹന പരിശോധനകൾ നടത്തി വരുന്നുണ്ട്. കൂടാതെ ജില്ലയിലാകെ ഡാൻസാഫ് സംഘത്തിന്റെ പ്രത്യേക നിരീക്ഷണവുമുണ്ടാകും.

പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന വിധത്തിൽ പടക്കം, ഗുണ്ട് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ അനധികൃതമായി ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.

അഡീഷണൽ എസ്പി വി.എ. കൃഷ്ണദാസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ എകോപിപ്പിക്കുന്നത്.

ക്രമസമാധാന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ഉടനടി പൊലീസ് ഇടപെടൽ ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾക്ക് 24 മണിക്കൂറും കൺട്രോൾ റൂം സേവനം ലഭ്യമായിരിക്കും.

പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
കൺട്രോൾ റൂം നമ്പറുകൾ : 9497941898, 9497941849, 04802224007, 9497975534

അഡീഷണൽ എസ്പി തൃശൂർ റൂറൽ : 9497990081

Email : electioncelltsrrl@gmail.com

കൂടാതെ അടിയന്തിര സഹായത്തിനായി അടിയന്തിര പ്രതികരണ സംവിധാനത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 112 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *