ഇരിങ്ങാലക്കുട : സർക്കാർ പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സിനെ സംബന്ധിച്ച് സമഗ്ര വിജിലൻസ് അന്വേഷണം നടത്തണമെന്ന് കേരള ഫീഡ്സ് സംയുക്ത ഐ.എൻ.ടി.യു.സി. യൂണിയനുകൾ ആവശ്യപ്പെട്ടു.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതുമുതലുള്ള 10 വർഷത്തെ വിവിധ പ്രവർത്തന മേഖലകളെയാണ് അന്വേഷണ പരിധിയിൽ കൊണ്ടുവരേണ്ടത്. ഉത്പാദനം, വിതരണം, മെറ്റീരിയൽ, വിവിധ തരത്തിലുള്ള മിഷനറികൾ പർച്ചേസിംഗ്, കരാർ പ്രവർത്തനങ്ങൾ, കോൺട്രാക്റ്റ് പുതുക്കി നൽകൽ, വിവാദങ്ങൾ ഉണ്ടാക്കിയ സ്ഥിര നിയമനങ്ങൾ തുടങ്ങിയവ അന്വേഷിക്കണം.
ഏഴ് വർഷക്കാലം കമ്പനിയെ ഭീമമായ നഷ്ടത്തിലേക്ക് നയിക്കാൻ നേതൃത്വം കൊടുത്ത എം.ഡി.യെ മാറ്റുകയും ആരോപണ വിധേയനായ എം.ഡി.യുടെ നിയമനവും, തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഈ എം.ഡി.യെ വീണ്ടും നിയമിച്ചതടക്കമുള്ള വിവരങ്ങൾ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്നും ഐ.എൻ.ടി.യു.സി. നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ആവശ്യപ്പെട്ടു.
പുതിയ മന്ത്രിസഭ രൂപീകരണത്തിനും ശേഷം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുവാനും യോഗം തീരുമാനിച്ചു.
യോഗം ആളൂർ മണ്ഡലം പ്രസിഡൻ്റും കേരള ഫീഡ്സ് എംപ്ലോയീസ് യൂണിയൻ പ്രസിഡൻ്റുമായ ബാബു തോമസ് ഉദ്ഘാടനം ചെയ്തു.
ആളൂർ പഞ്ചായത്ത് മെമ്പർമാരായ വർഗ്ഗീസ് തുളുവത്ത്, ഡെയ്സി വർഗ്ഗീസ്, യൂണിയൻ നേതാക്കളായ
സി.എം. മൊയ്തീൻഷാ, കെ.ഒ. സണ്ണി, പി.കെ. ജിജോ, ജോജു, ഡെന്നി, പ്രതാപൻ, സി.എം. അക്ബർഷാ, പി.എ. അജയഘോഷ് എന്നിവർ പ്രസംഗിച്ചു.












Leave a Reply