സുഭദ്രാധനഞ്ജയത്തിലെ ”ശിഖിനിശലഭം” ആകർഷകമാക്കി ‘സുവർണ്ണം’

ഇരിങ്ങാലക്കുട : സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ പ്രസിദ്ധമായ ”ശിഖിനിശലഭം” ഭാഗം പകർന്നാടി കൂടിയാട്ടരംഗത്തെ യുവകലാകാരൻ ഗുരുകുലം തരുൺ ഭാവിപ്രതീക്ഷകൾ നിലനിർത്തി.

മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ടമഹോത്സവത്തിൻ്റെ ഭാഗമായാണ് ഗുരുകുലം തരുൺ ആദ്യമായി “ശിഖിനിശലഭം” അരങ്ങത്തവതരിപ്പിച്ചത്.

ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷപരമ്പരയുടെ പത്താം ദിനത്തിലാണ് ഗുരുകുലം അവതരിപ്പിച്ച സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ ശിഖിനിശലഭം അരങ്ങേറിയത്.

മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, നേപഥ്യ ജിനേഷ് പി ചാക്യാർ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര എന്നിവർ പശ്ചാത്തലമേളമൊരുക്കി. കലാനിലയം ഹരിദാസ് ചുട്ടി കുത്തി.

നളൻ്റെ പ്രച്ഛന്നഹൃദയമായ “ബാഹുകഹൃദയം” എന്ന വിഷയത്തെ അധികരിച്ച് ടി വേണുഗോപാൽ പ്രഭാഷണം നടത്തി.

‘സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – ഗണിതം, ശാസ്ത്രം’ എന്ന വിഷയത്തിൽ ഡോ കെ എസ് സവിത പ്രബന്ധം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *