വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കമ്പിവടി കൊണ്ട് തലക്കടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ ഗൃഹനാഥൻ്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കമ്പിവടി കൊണ്ട് തലക്കടിച്ച് ആക്രമിച്ച കേസിലെ 2 പ്രതികൾ അറസ്റ്റിലായി.

മതിലകം സ്വദേശി കൊതുവിൽ വീട്ടിൽ താജുദ്ദീൻ (39), മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി ബി കുഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.

കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താമസിക്കുന്ന തളിക്കുളം സ്വദേശി കല്ലിപറമ്പിൽ വീട്ടിൽ സാദിഖിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

പുലർച്ചെ കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്ന സാദിഖിൻ്റെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ സംഘം കമ്പിവടി കൊണ്ട് തലയ്ക്കും കൈകാലിലും അടിച്ചു വീഴ്ത്തുകയായിരുന്നു.

സാദിഖ് ബഹളം വച്ചതോടെ സംഘം ബൈക്കിൽ രക്ഷപ്പെട്ടു.

വ്യക്തി വൈരാഗ്യം തീർക്കാൻ താജുദ്ദീൻ തയ്യാറാക്കിയ പദ്ധതിയായിരുന്നു മുളകുപൊടി ആക്രമണം. ദിവസങ്ങൾക്ക് മുൻപേ പ്രതികൾ ഇവിടെ എത്തി സാദിഖിൻ്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു.

ഒന്നാം പ്രതി നൗഫീലിനെ കാളത്തോട് നിന്നും എറണാകുളം കൂനമ്മാവിൽ രഹസ്യമായി താമസിച്ചിരുന്ന താജുദ്ദീനെ വൈറ്റില ഹബ്ബിൽ വച്ച് കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് മഫ്തിയിൽ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.

മണ്ണുത്തി സ്റ്റേഷനിലും ഒല്ലൂരിലും രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമക്കേസ്സുകളിൽ ഉൾപ്പെടെ എട്ടോളം ക്രിമനൽ കേസ്സുകളിൽ പ്രതിയാണ് നൗഫീൽ.

താജുദ്ദീൻ 2006ൽ മതിലകം സ്റ്റേഷൻ പരിധിയിൽ ഉണ്ടായ അടിപിടി കേസ്സിലെ പ്രതിയാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐമാരായ സി എം ക്ലീറ്റസ്, പി ജയകൃഷ്ണൻ, എ എസ് ഐ സൂരജ് വി ദേവ്, സീനിയർ സി പി ഒമാരായ ഇ എസ് ജീവൻ, എം ആർ രഞ്ജിത്ത്, എ കെ രാഹുൽ, സി പി ഒ മാരായ കെ എസ് ഉമേഷ്, കെ ജെ ഷിൻ്റോ, വിപിൻ ഗോപി, സൈബർ സെൽ വിദഗ്ദ്ധൻ പി വി രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *