വിശ്വാസത്തിന്റെ തീര്‍ഥാടകരായി പ്രത്യാശയോടെ വര്‍ത്തിക്കുവാന്‍ സാധിക്കണം – മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : വിശ്വാസത്തിന്റെ തീര്‍ഥാടകരായി പ്രത്യാശയോടെ വര്‍ത്തിക്കുവാന്‍ സാധിക്കണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസിസമൂഹം അഴീക്കോട് മാര്‍തോമാ തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടത്തിയ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

രാവിലെ 5.30ന് കത്തീഡ്രല്‍ അങ്കണത്തില്‍ ബിഷപ്പ് ജനറല്‍ കണ്‍വീനര്‍ സാബു കൂനന് പേപ്പല്‍ പതാക കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

ഭാരതത്തിന്റെ അപ്പസ്‌തോലനും വിശ്വാസത്തിന്റെ പിതാവുമായ മാര്‍ തോമാശ്ലീഹാ കൊളുത്തിവെച്ച വിശ്വാസത്തിന്റെ ദീപം പ്രോജ്വലിപ്പിക്കാനുള്ള വലിയ തീക്ഷ്ണതയോടെയാണ് തീര്‍ഥാടനം നടത്തുന്നത്. സ്വര്‍ഗമാകുന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് യാത്ര ചെയ്യുമ്പോള്‍ ജീവിതത്തിലെ ഏതു പ്രതികൂ ലസാഹചര്യങ്ങളെയും തരണം ചെയ്യുവാനുള്ള കരുത്ത് ദൈവം തരുമെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വിശ്വാസത്തിന്റെയും നോമ്പാചരണത്തിന്റെയും കരുത്തില്‍ കടുത്ത ചൂടിനെയും പൊള്ളുന്ന വെയിലിനെയും നേരിട്ട് മുന്നേറിയ അഴീക്കോട് മാര്‍തോമ തീര്‍ഥാടന പദയാത്ര വിശ്വാസ പ്രഘോഷണമായി മാറി.

ക്ഷീണമറിയാതെ, ദൂരമറിയാതെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസിസമൂഹം പദയാത്രയില്‍ അണിനിരന്നു.

കത്തീഡ്രല്‍ ഇടവകയിലെ 78 കുടുംബസമ്മേളന യൂണിറ്റുകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുത്ത 26-ാമത് പദയാത്ര ക്രൈസ്തവ വിശ്വാസതീക്ഷ്ണതയുടെ സാക്ഷ്യമായി മാറി.

വെള്ളാങ്ങല്ലൂര്‍, കരൂപ്പടന്ന, ചാപ്പാറ കോണ്‍വെന്റ്, കൊടുങ്ങല്ലൂര്‍ ടൗണ്‍ വഴി 11ന് അഴീക്കോട് മാര്‍തോമ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ റെക്ടര്‍ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സ്വീകരണം നല്‍കി.

വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കൈക്കാരന്മാരായ തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന്‍ തട്ടില്‍ മണ്ടി ഡേവി, ജോയിന്റ് കണ്‍വീനര്‍മാരായ ഗിഫ്റ്റ്‌സണ്‍ ബിജു അക്കരക്കാരന്‍, ആനി പോള്‍ പൊഴോലിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *