“വിശുദ്ധ ചാവറയച്ചൻ : ജീവിതവും സാഹിത്യകൃതികളും” പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് സ്വാശ്രയ വിഭാഗം ഡയറക്ടർ ഫാ. ഡോ. വിൽസൺ തറയിൽ വിശുദ്ധ ചാവറയച്ചൻ്റെ ജീവിതം ആസ്പദമാക്കി രചിച്ച “വിശുദ്ധ ചാവറയച്ചൻ : ജീവിതവും സാഹിത്യകൃതികളും” എന്ന പുസ്തകം കേരളസാഹിത്യ അക്കാദമി പുറത്തിറക്കി.

എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റായിരുന്ന ഡോ. കെ. സച്ചിദാനന്ദൻ പ്രകാശനം നിർവഹിച്ചു.

മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

വിശുദ്ധ ചാവറയച്ചൻ്റെ ജീവിതത്തിലെ വ്യത്യസ്ത മാനങ്ങളെപ്പറ്റി ഡോ. കെ. സച്ചിദാനന്ദൻ, ഡോ. സിറിയക് തോമസ്, പി.കെ. ഭരതൻ, സിഎംഐ ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്ദിക്കര, ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

പുസ്തക പ്രകാശന ചടങ്ങിനുശേഷം വിശുദ്ധ ചാവറയച്ചന്റെ ഖണ്ഡകാവ്യമായ ‘അനസ്താസിയയുടെ രക്തസാക്ഷ്യം’ എന്ന കൃതിയുടെ നാടകാവിഷ്കാരം അരങ്ങേറി.

ഡോ. വിൽസൻ തറയിൽ രചിച്ച് സുനിൽ ചെറിയാൻ സംവിധാനം നിർവഹിച്ച നാടകം ക്രൈസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് വേദിയിൽ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *