വില്വമംഗലം പാടശേഖരത്തിൽ ആറ്റക്കിളി ശല്യം രൂക്ഷം

ഇരിങ്ങാലക്കുട : നൂറ് ഏക്കറോളം വരുന്ന പുത്തൻചിറ വില്വമംഗലം പാടശേഖരത്തിൽ മുണ്ടകൻ കൃഷിക്ക് ഭീഷണിയായി ആറ്റക്കിളി ശല്യം വർദ്ധിക്കുന്നു.

നെൽക്കതിർ വളർന്ന് തുടങ്ങുമ്പോൾ അതിലെ പാലൂറ്റി കുടിക്കുന്നതിനാണ് ഇവ കൂട്ടമായി എത്തുന്നത്. ഇതു കാരണം നെൽകൃഷിക്ക് നാശം സംഭവിക്കുന്നു.

സമീപത്തുള്ള നടുതുരുത്ത് പാട ശേഖരത്തിലും ആറ്റക്കിളി ശല്യം ഉണ്ടായിരുന്നു. അവിടത്തെ കൊയ്ത്ത് കഴിഞ്ഞപ്പോഴാണ് ആറ്റക്കിളികൾ കൂട്ടത്തോടെ വില്വമംഗലം പാടശേഖരത്തിലേക്ക് എത്തിയത്.

നിലവിൽ കർഷകർ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ആറ്റക്കിളികളെ ഓടിക്കുന്നത്.

ഈ പാടശേഖരത്തിലെ നെൽകൃഷിക്ക് ആദ്യം കുമിൾ രോഗം വന്നിരുന്നു. അതിന് പ്രതിരോധ മരുന്ന് തളിച്ച് കഴിഞ്ഞപ്പോഴാണ് ആറ്റക്കിളി ശല്യം വരുന്നത്.

വൈകീട്ട് 3 മണിയോടെ ഇവ പാടശേഖരത്തിന് സമീപമുള്ള വൈദ്യുതി ലൈനിൽ വന്നിരിക്കും. പിന്നെ കൂട്ടത്തോടെ പാടശേഖരത്തിലേക്ക് ഇറങ്ങി വളരുന്ന നെൽക്കതിരുകളുടെ പാലൂറ്റി കുടിക്കുകയാണ് പതിവെന്ന് കർഷകർ പറയുന്നു.

വില്വമംഗലം പാടശേഖരത്തിലെ ആറ്റക്കിളി ശല്യത്തിന് പരിഹാരം കാണണമെന്ന് വില്വമംഗലം പാടശേഖര സമിതി ഭാരവാഹികൾ കൃഷി വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *