മുരിയാട് പഞ്ചായത്തിൽ മാലിന്യമുക്ത ഗ്രാമത്തിലേക്ക് ബൊക്കാഷിയുടെ ചുവടുവെയ്പ്പ്

ഇരിങ്ങാലക്കുട : ക്ലീൻ ഗ്രീൻ മുരിയാടിൻ്റെ ഭാഗമായി മാലിന്യമുക്ത ഗ്രാമത്തിലേക്ക് പുതിയ ചുവടുവെയ്പ്പുമായി മുരിയാട് പഞ്ചായത്തിന്റെ ബൊക്കാഷി ബക്കറ്റ് വിതരണം.

പരിസ്ഥിതി സൗഹൃദ ജീവിതം പ്രോത്സാഹിപ്പിക്കുക, മാലിന്യമുക്ത ഗ്രാമം സാക്ഷാത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചു.

ബൊക്കാഷി ബക്കറ്റ് എന്നത് ജൈവ മാലിന്യങ്ങൾ വീട്ടിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കാൻ സഹായിക്കുന്ന പരിസ്ഥിതി സൗഹൃദ സംവിധാനമാണ്. ബക്കറ്റിൽ മാലിന്യങ്ങൾ ചേർക്കുന്നതിനൊപ്പം പ്രത്യേകമായ മൈക്രോ ഓർഗാനിസങ്ങൾ അടങ്ങിയ ബൊക്കാഷി പൗഡർ ചേർക്കുമ്പോൾ മാലിന്യം വേഗത്തിൽ വിഘടിച്ച് പോഷകസമൃദ്ധമായ കമ്പോസ്റ്റായി മാറും. ബൊക്കാഷി പ്രക്രിയയിലൂടെ ഉണ്ടാകുന്ന കമ്പോസ്റ്റ് കൃഷിയിടങ്ങളിലും വീട്ടുതോട്ടങ്ങളിലും ഉപയോഗിക്കുമ്പോൾ മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിക്കുകയും രാസവളങ്ങളുടെ ആവശ്യം കുറയുകയും ചെയ്യുന്നു. കൂടാതെ മാലിന്യങ്ങൾ കത്തിക്കുകയോ തുറന്ന ഇടങ്ങളിലേക്ക് എറിയുകയോ ചെയ്യുന്ന രീതി ഒഴിവാക്കാനും സാധിക്കും.

വീടുകളിലെ മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയവും ലളിതവുമായ മാർഗം ഒരുക്കുകയാണ് ബൊക്കാഷി പദ്ധതി.

ബൊക്കാഷി ബക്കറ്റിന്റെ ഉപയോഗത്തെക്കുറിച്ച് പ്രത്യേക ബോധവത്ക്കരണ ക്ലാസും ഉണ്ടായിരുന്നു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, വാർഡ് മെമ്പർമാരായ തോമസ് തൊകലത്ത്, എ.എസ്. സുനിൽകുമാർ, വൃന്ദ കുമാരി, ശ്രീജിത്ത്‌ പട്ടത്ത്, നിഖിത അനൂപ്, മണി സജയൻ, വി.ഇ.ഒ. ഗീത എന്നിവർ പ്രസംഗിച്ചു.

210 വീടുകളിലേക്കാണ് 2850 രൂപ വിലവരുന്ന രണ്ട് ബൊക്കാഷി യൂണിറ്റ് പൗഡറുമടക്കം 285 രൂപയ്ക്ക്
പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *