ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീയിൽ അടിമുടി അഴിമതി എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.
ഗ്രാമീണ മേഖലയിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന ലഖ്‍പതി – ദീദി സർവേ നടത്തുന്നതിനായി നിയമിച്ചിട്ടുള്ള സി.ആർ.പി.മാരുടെ (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ) യൂസർ ഐഡിയും പാസ്‌വേഡും ദുരുപയോഗം ചെയ്ത് സർവ്വേക്കുള്ള പ്രതിഫലം തട്ടിയെടുക്കാൻ ശ്രമിക്കുന്നതായാണ് പരാതി.
മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീ സി. ഡി. എസിനെതിരെയാണ് സി.ആർ.പി.മാരുടെ പരാതി ഉയർന്നത്.
മൃഗസംരക്ഷണ വകുപ്പിലെ നിലവിലുള്ള ആർ.പി. (റിസോഴ്സ് പേഴ്സൺ) മാരെയാണ് മുരിയാട് പഞ്ചായത്തിൽ ലഖ്‍പതി -ദീദി സർവ്വേ നടത്തുന്നതിനായി നിയമിച്ചിട്ടുള്ളത്. സർവ്വേയുടെ ചുമതലയുള്ള കുടുംബശ്രീ മിഷൻ സർവ്വേ നടത്തുന്നതിന് ആർ പി മാരുടെ പേരിൽ യൂസർ ഐ ഡിയും പാസ്‌വേഡും നിർമ്മിക്കുകയും സർവ്വേ നടത്താൻ നിർദേശം നൽകുകയും ചെയ്തു.
എന്നാൽ സർവ്വേ നടത്തുന്നത് പിന്നീട് മതിയെന്ന് നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ആർ.പി.മാർ സർവ്വേ ആരംഭിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം സർവ്വേ നടത്തിയതിന്റെ പ്രതിഫലത്തുക ഡിപ്പാർട്ട്മെന്റിനോടാവശ്യപ്പെടാനും ഈ തുക കുടുംബശ്രീ സി.ഡി.എസ്. മെമ്പർമാർക്ക് കൈമാറാനും സി.ഡി.എസ്. ചെയർപേഴ്സനും ബ്ലോക്ക് കോർഡിനേറ്ററും ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ തങ്ങൾ ഈ സർവ്വേ നടത്തിയിട്ടില്ലെന്ന് അറിയിച്ചപ്പോൾ തങ്ങളുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കുടുംബശ്രീക്കാർ സർവ്വേ നടത്തിയെന്നും ആയതിനാൽ പണം അവർക്ക് കൈമാറണമെന്നുമുള്ള നിർദേശമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് മെമ്പർ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീ സി. ഡി. എസിൽ വ്യാപകമായ തോതിൽ അഴിമതി നടമാടുകയാണെന്നും, പല പ്രവർത്തികളും ചെയർപേഴ്സൺ തന്റെ ഇഷ്ടക്കാർക്കു മാത്രമാണ് നൽകുന്നതെന്നും, ബാലസഭ നടത്തിപ്പിലും വൻ തട്ടിപ്പാണ് നടക്കുന്നതെന്നും, ഇതിൽ സ്വജനപക്ഷപാതവും അഴിമതിയുമാണ് നടക്കുന്നതെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് പറഞ്ഞു.
ഇത് സംബന്ധിച്ച് കഴിഞ്ഞ കമ്മിറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ. വൃന്ദകുമാരി, ജിനി സതീശൻ, നിത അർജ്ജുനൻ എന്നിവർ പറഞ്ഞു.
Leave a Reply