ഇരിങ്ങാലക്കുട : മഴ ആരംഭിച്ചപ്പോഴേക്കും വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ബ്ലോക്ക് ജംഗ്ഷൻ മുതൽ മനക്കലപ്പടി വരെ ചെറിയ റോഡുകളും വീടുകളും കടകളുമെല്ലാം വെള്ളക്കെട്ടിലായി.
പ്രദേശത്തെ മാരുതി കാർ വർക്ക്ഷോപ്പ്, ടെമ്പോ വർക്ക്ഷോപ്പ്, പറമ്പുകൾ, അറവുശാല, എൻ.സി.എഫ്. റോഡ് തുടങ്ങിയവയെല്ലാം വെള്ളം കയറിയ നിലയിലാണ്.
തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കെ.എസ്.ടി.പി. യുടെ ദീർഘ വീക്ഷണമില്ലായ്മയും മെല്ലെപോക്കും അവരുടെ പ്രവർത്തനങ്ങളിൽ മതിയായ ശ്രദ്ധ ചെലുത്താത്ത അധികാരികളുടെ ആത്മാർത്ഥതയില്ലായ്മയുമാണ് മഴ ആരംഭിച്ചപ്പോഴേക്കും പ്രദേശത്തെ ദുരിതത്തിലാക്കിയതെന്ന് പഞ്ചായത്ത് മെമ്പർ ഷംസു വെളുത്തേരി ആരോപിച്ചു.
ഇതിന്റെ ഇരകൾ പൊതുജനങ്ങൾ മാത്രമാണെന്നും ഏറ്റവും മലിനമായ ജലമാണ് ഇവിടേക്ക് ഒഴുകിയെത്തി കെട്ടി നിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും ഇവിടെ വർദ്ധിച്ചു വരികയാണെന്നും എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ പ്രശ്ന പരിഹാരത്തിന് ഉതകും വിധം നടപടി സ്വീകരിക്കണമെന്നും ഷംസു വെളുത്തേരി ആവശ്യപ്പെട്ടു.
Leave a Reply