മണ്ണിടിച്ചിൽ ഭീഷണി : മുകുന്ദപുരം താലൂക്കിൽ 66 കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകി

ഇരിങ്ങാലക്കുട : കാലവർഷം ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണിയുള്ള മുകുന്ദപുരം താലൂക്കിലെ നാലിടങ്ങളിൽ നിന്ന് 66 കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകി.

വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് കരുവന്നൂർ പുഴയോരത്ത് താമസിക്കുന്ന 7 കുടുംബങ്ങളോടും മാറി താമസിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് വെള്ളപ്പൊക്കം, കടൽക്ഷോഭം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മാപ്രാണം വാതിൽമാടം ക്ഷേത്രത്തിന് സമീപമുള്ള നാലുസെന്റ് കോളനിയിലെ 7 കുടുംബങ്ങൾക്കും, വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മുസാഫരിക്കുന്നിൽ 23 കുടുംബങ്ങൾക്കും, കാറളം കോഴിക്കുന്നിൽ 9 കുടുംബങ്ങൾക്കും, പുത്തൻചിറ കുംഭാരസമാജം റോഡിൽ 22 കുടുംബങ്ങൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

2018- 19 വർഷത്തിലുണ്ടായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, ഗ്രൗണ്ട് വാട്ടർ, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *