ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിൽ അന്യായമായി ഭൂമി വില വർധിപ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് പടിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടതിരിഞ്ഞി പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി.
2010 മാർച്ച് 6ന് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ഈ വില വർധന നിലവിൽ വന്നത്. ന്യായവില തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇതിനു മേൽനോട്ടം വഹിക്കേണ്ട മേൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നോട്ടപ്പിശകുണ്ടായതായും കേരള കോൺഗ്രസ് ചൂണ്ടിക്കാട്ടി.
സംഗതി ഇങ്ങനെയായിരിക്കെ യു ഡി എഫ് പ്രഖ്യാപിച്ച കിൻഫ്ര പാർക്ക് മൂലമാണ് ന്യായവില വർധിച്ചതെന്ന വിചിത്ര വാദവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ടെന്നും 2016 ഫെബ്രുവരി 3നാണ് യു ഡി എഫ് സർക്കാർ കിൻഫ്ര പാർക്കിനു അനുമതി നൽകിയതെന്നും എന്നാൽ 2010ൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്തു തന്നെ ഭൂമിയുടെ ന്യായവില വർധിച്ചിരുന്നു എന്നത് മനപ്പൂർവം ചിലർ മറച്ചു മറച്ചുവെക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് ഫിലിപ്പ് ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറി എം കെ സേതുമാധവൻ, ജില്ലാ കമ്മിറ്റി അംഗം അജിത സദാനന്ദൻ, നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ, ട്രഷറർ ശിവരാമൻ കൊല്ലംപറമ്പിൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് ആൻ്റോ ഐനിക്കൽ, ജോയിൻ്റ് സെക്രട്ടറിമാരായ ബിജോയ് ചിറയത്ത്, ഷക്കീർ മങ്കാട്ടിൽ, ഷീജ ഫിലിപ്പ്, ഷിജിൻ കൂവേലി, ട്രഷറർ ജയൻ കാര്യേഴത്ത്, മനോഹരൻ കൈതവളപ്പിൽ, ഷിതുൽരാജ്, പത്രോസ് കോഴിക്കാടൻ, മുഹമ്മദ് അഷ്ക്കർ, ബീന ഷക്കീർ, ആനന്ദൻ, ഷൈമ, റോസിലി, റീന ജോയ്, ഷീജ എന്നിവർ പ്രസംഗിച്ചു.
Leave a Reply