ഇരിങ്ങാലക്കുട : പടിയൂർ പുളിക്കൽചിറ പാലം നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ബണ്ട് പൊളിച്ച് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് സിപിഐ പത്തനങ്ങാടി ബ്രാഞ്ച് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുളിക്കൽചിറ പാലം നിർമ്മാണത്തിന്റെ ഭാഗമായി താൽക്കാലിക ബണ്ട് സമാന്തരമായി നിർമ്മിച്ചിരുന്നു. വെള്ളം ഒഴുകി വരുന്ന ഭാഗത്ത് ഓവുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നീരൊഴുക്ക് സുഗമമല്ലാത്തതിനാൽ പടിയൂർ പഞ്ചായത്തിലെ 5, 6 വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളം കയറിയതിനെ തുടർന്ന് പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി.
അതിനാൽ അടിയന്തരമായി താൽക്കാലിക ബണ്ടിന്റെ വെള്ളം ഒഴുകി വരുന്ന ഭാഗം പൊളിച്ചു നീക്കി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലോക്കൽ കമ്മിറ്റി അംഗം പ്രിയ അജയ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പടിയൂർ സൗത്ത് ലോക്കൽ സെക്രട്ടറി ടി.വി. വിബിൻ, മണ്ഡലം കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ, ബ്രാഞ്ച് സെക്രട്ടറി എ.ബി. ഫിറോസ് എന്നിവർ പ്രസംഗിച്ചു.
Leave a Reply