പശ്ചിമഘട്ടത്തിൽ നിന്ന് രണ്ട് പുതിയ ഇനം തുമ്പികളെ കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ

ഇരിങ്ങാലക്കുട : കേരളത്തിലെയും മഹാരാഷ്ട്രയിലെയും വനാതിർത്തി ഗ്രാമങ്ങളിൽ നിന്ന് പുതിയ രണ്ടിനം കടുവാത്തുമ്പികളെ കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ.

കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള സാമാന്യം വലിയ കല്ലൻത്തുമ്പികളാണ് കടുവാത്തുമ്പി കുടുംബത്തിൽ ഉള്ളത്. ഇതിലെ നീളൻ പിൻകാലുകളുള്ള മീറോഗോമ്ഫസ് (Merogomphus) എന്ന ജനുസ്സിൽ നിന്നാണ് പുതിയ തുമ്പികളെ കണ്ടെത്തിയത്.

പുതിയ തുമ്പികളുടെ ചെറുവാലുകൾ, ജനനേന്ദ്രിയം, ശരീരത്തിലെ പാടുകൾ എന്നിവ മറ്റ് തുമ്പികളിൽ നിന്നും വ്യത്യസ്തമാണെന്ന് ഗവേഷകർ കണ്ടെത്തി. ജനിതക പഠനവും ഇവ പുതിയ ജീവജാതികളാണെന്നത് ശരിവെച്ചു.

ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള എന്ന ഗ്രാമത്തിൽ നിന്നാണ് ഈ വിഭാഗത്തിലെ വലിപ്പം കുറവുള്ള ചെറു ചോലക്കടുവയെ (Merogomphus aryanadensis) കണ്ടെത്തിയത്. കാലവർഷത്തിന്റെ പാരമ്യത്തിൽ മാത്രം കാണപ്പെടുന്ന ഈ തുമ്പിയെ ആദ്യം കാണുന്നത് 2020-ൽ ആണ്. എന്നാൽ ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നത് കൊണ്ട് തുടർപഠനങ്ങൾ വൈകുകയായിരുന്നു.

തീരത്ത് ഓട തിങ്ങിവളരുന്ന നീർച്ചാലുകളാണ് ഈ തുമ്പിയുടെ വാസസ്ഥലം. ജൈവവൈവിധ്യത്താൽ സമ്പന്നമായ ആര്യനാടിന്റെ പേരാണ് തുമ്പിയുടെ ശാസ്ത്രനാമത്തിൽ ചേർത്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ സിന്ധുദുർഗ് ജില്ലയിലെ ഹാദ്പിട് എന്ന ഗ്രാമത്തിൽ നിന്നുമാണ് ഇരുളൻ ചോലക്കടുവയെ (Merogomphus flavoreductus) കണ്ടെത്തിയത്. ജനുസ്സിലെ മറ്റ് തുമ്പികളെ അപേക്ഷിച്ച് ഈ തുമ്പിക്ക് ശരീരത്തിൽ മഞ്ഞ പാടുകൾ കുറവാണ്. പശ്ചിമഘട്ടത്തിൽ തന്നെ കാണുന്ന മലബാർ പുള്ളിവാലൻ ചോലക്കടുവയുമായി (Merogomphus tamaracherriensis) ഏറെ സാമ്യമുള്ളതിനാലാണ് ഈ തുമ്പി ഇത്രയും കാലം തിരിച്ചറിയപ്പെടാതെ പോയത്. ഇതിനെ മഹാരാഷ്ട്ര മുതൽ കേരളത്തിന്റെ വടക്കൻ ജില്ലകൾ വരെ കാണാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. ജോസ്, പൗര ശാസ്ത്രജ്ഞനും ഫോട്ടോഗ്രാഫറുമായ റെജി ചന്ദ്രൻ, ബംഗളൂരു നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ഗവേഷകരായ ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. കൃഷ്ണമേഖ് കുണ്ടെ, പൂനെ എം ഐ ടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ പങ്കജ് കൊപാർഡേ എന്നിവരാണ് ഗവേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

ഗവേഷണഫലങ്ങൾ അന്താരാഷ്ട്ര ജേർണലായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *