നിർമ്മാണം നിലച്ച് കാടുകയറിയ മുരിയാട് – വേളൂക്കര കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ

ഇരിങ്ങാലക്കുട : നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള സ്വയം പര്യാപ്തതയിലേക്ക് നയിക്കുമായിരുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതി നിർമ്മാണം നിലച്ച് കാടുകയറിയ നിലയിൽ.

പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും ഇതുവരെ പൂർത്തിയായത് 20 ശതമാനം മാത്രം നിർമ്മാണ പ്രവർത്തികളാണ്.

സാമ്പത്തിക പ്രതിസന്ധിയാണ് കുടിവെള്ള പദ്ധതിക്ക് തടസ്സമായതെന്നാണ് ഔദ്യോഗിക വിശദീകരണം.

ജൽജീവൻ മിഷൻ, സംസ്ഥാന ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള പദ്ധതിയുടെ നിർമ്മാണം 2023 ഫെബ്രുവരി 24ന് മന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്.

സ്ഥലം എം എൽ എ കൂടിയായ മന്ത്രി ഡോ. ആർ. ബിന്ദുവായിരുന്നു അധ്യക്ഷത വഹിച്ചത്.

ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിക്കായി 164.87 കോടി രൂപയും ഇരിങ്ങാലക്കുട നഗരസഭയ്ക്കായി സംസ്ഥാന വിഹിതമായ 19.35 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഇതിൽ ജൽജീവൻ മിഷന്റെ 114 കോടിയുടെ പ്രവർത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ജൽജീവൻ മിഷൻ പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് 70.22 കോടി രൂപയും വേളൂക്കര പഞ്ചായത്തിന് 94.65 കോടി രൂപയുമാണ് വകയിരുത്തിയത്.

പഞ്ചായത്തുകളിലേക്ക് പ്രതിദിനം ആളോഹരി 100 ലിറ്റർ വീതവും, നഗരസഭയിലേക്ക് 150 ലിറ്റർ വീതവുമാണ് കുടിവെള്ളം വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. വേളൂക്കര പഞ്ചായത്തിലെ 35,809 പേർക്കും മുരിയാട് പഞ്ചായത്തിലെ 33574 പേർക്കും ഇരിങ്ങാലക്കുട നഗരസഭയിൽ 74157 പേർക്കും കുടിവെള്ളം നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

കരുവന്നൂർ പുഴയാണ് പദ്ധതിയുടെ ജലസ്രോതസ്സ്. കരുവന്നൂർ പുഴയിലെ ഇല്ലിക്കലിൽ 12 മീറ്റർ വ്യാസമുള്ള കിണറും പമ്പ് ഹൗസും നിർമ്മിച്ച്, ഈ കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത്, 5800 മീറ്റർ വഴി പിന്നിട്ട് മങ്ങാടിക്കുന്നിൽ നിർമ്മിക്കുന്ന 18 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിച്ച് ശുദ്ധീകരിച്ച് 8 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണിയിൽ ശേഖരിക്കും. ഇവിടെ നിന്നും പ്ലാന്റ് പരിസരത്തുള്ള 22 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയിലേക്ക് പമ്പ് ചെയ്യും. ഇതായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

മുരിയാട് പഞ്ചായത്തിലെ വനിതാ വ്യവസായ കേന്ദ്രത്തിന് സമീപം നിർമ്മിക്കുന്ന 12 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധജല ടാങ്കിന്റെ നിർമ്മാണം നിലച്ചിട്ട് ഒരു വർഷം പിന്നിട്ടു. തറ നിർമ്മാണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. പ്രവർത്തികൾ നിലച്ചതോടെ ഇവിടെ കാടുകയറി. ഭൂമി നിരപ്പിൽ നിന്നും കോൺക്രീറ്റ് തൂണുകൾ ഉയർത്തിയിട്ടുണ്ടെങ്കിലും ഇരുമ്പ് കമ്പികൾ തുരുമ്പെടുത്തു തുടങ്ങി. വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നിൽ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധജല ടാങ്കിന്റെ നിർമ്മാണം 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.

ഇപ്പോഴും ഇതു സംബന്ധിച്ച പല ടെൻഡർ നടപടികളും എങ്ങും എത്തിയിട്ടില്ലെന്നാണ് സൂചന.

പ്രധാന ഘടകങ്ങളായ കിണർ, റോ വാട്ടർ പമ്പിങ് മെയിൻ, 18 എംഎൽഡി ശുദ്ധീകരണശാല, 22 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള നഗരസഭയ്ക്കായുള്ള ടാങ്ക് എന്നിവയുടെ ടെൻഡറുകൾക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *