ഇരിങ്ങാലക്കുട : തൃശ്ശൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട പ്രവർത്തികൾ അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി പലയിടത്തും കടകൾക്കു മുന്നിൽ വെള്ളക്കെട്ടാണെന്നും ഇതിനെ തുടർന്ന് കച്ചവടസ്ഥാപനങ്ങൾ പ്രതിസന്ധിയിലാണെന്നും യോഗം ചൂണ്ടിക്കാട്ടി.
വർദ്ധിച്ചുവരുന്ന ലഹരി മാഫിയകൾക്കെതിരെ രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കണമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങൾ ലഹരി ഉപയോഗത്തിന്റെ കേന്ദ്രങ്ങളാണെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.
യോദ്ധാവ് എന്ന ആപ്പിലൂടെ ജനങ്ങൾക്ക് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാമെന്ന് പൊലീസ് പ്രതിനിധി യോഗത്തിൽ അറിയിച്ചു.
മാടായിക്കോണം ഹെൽത്ത് സബ് സെൻ്റർ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നില്ല എന്ന് വികസന സമിതിയിൽ പരാതി വന്നതിനെ തുടർന്ന് നഗരസഭയ്ക്ക് ലഭിച്ച വെൽനെസ്സ് സെന്ററിൽ ഒന്ന് സബ്സെൻ്ററിൽ പ്രവർത്തിച്ചുകൂടെ എന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
തഹസിൽദാർ കെ.എം. സിമീഷ് സാഹു സ്വാഗതം പറഞ്ഞു.
യോഗത്തിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതിനിധി എം.എൻ. നീരജ്, തൃശ്ശൂർ എം.പി. പ്രതിനിധി കൃപേഷ് ചെമ്മണ്ട, ചാലക്കുടി എം.പി. പ്രതിനിധി ചന്ദ്രൻ, പുതുക്കാട് എം.എൽ.എ. പ്രതിനിധി എ.വി. ചന്ദ്രൻ, കോൺഗ്രസ്-ഐ പ്രതിനിധി ആൻ്റോ പെരുമ്പിള്ളി, കെ.ഡി.പി. കാർത്തികേയൻ, കേരള കോൺഗ്രസ് പ്രതിനിധി സാം തോംസൺ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply