തൃശൂർ റൂറൽ പൊലീസിൻ്റെ “ഹോപ്പ്” പദ്ധതിയുടെ പുതിയ ബാച്ച് ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസിൻ്റെ “ഹോപ്പ്” പദ്ധതിയുടെ 2025-26 അധ്യയന വർഷത്തിലെ പുതിയ ബാച്ചിൻ്റെ പ്രവർത്തനോദ്ഘാടനം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നിർവഹിച്ചു.

അഡീഷണൽ പൊലീസ് സൂപ്രണ്ട് ടി.എസ്. സിനോജ് അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ വർഷം പദ്ധതിയിലൂടെ പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികളെയും, അവരെ പഠിപ്പിക്കുന്ന അധ്യാപകരെയും ജില്ലാ പൊലീസ് മേധാവി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

എല്ലാ കുട്ടികൾക്കും സ്റ്റഡി മെറ്റീരിയലുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

വിവിധ കാരണങ്ങളാൽ പഠനം നിർത്തിയവരും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെട്ടവരുമായ കുട്ടികളെ വീണ്ടും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുകയും പുതിയ ജീവിത ലക്ഷ്യങ്ങൾ നൽകുകയും ചെയ്യുകയാണ് ഹോപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ക്രമസമാധാന പാലനം, കുറ്റകൃത്യനിവാരണം തുടങ്ങിയ മേഖലകളിൽ കേരളം ഏറെകാലമായി മുന്നിലാണെന്നും, കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലും ശിക്ഷ ഉറപ്പാക്കുന്നതിലും കേരളാ പൊലീസിന്റെ കാര്യക്ഷമത രാജ്യത്തിന് മാതൃകയാണെന്നും, കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്ന സാമൂഹിക സാഹചര്യങ്ങൾ കൂടി മാറ്റേണ്ടതാണെന്നും ഈ ലക്ഷ്യങ്ങളിലൂന്നി 2017ൽ കേരള പൊലീസ് നടപ്പിലാക്കിവരുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഹോപ്പ് പദ്ധതി എന്നും ബി. കൃഷ്ണകുമാർ പറഞ്ഞു.

പരീക്ഷയിൽ തോറ്റാലും ജീവിതം തോറ്റുപോകുന്നില്ല. വിജയം ഒരിക്കലും വീഴാതിരിക്കുക എന്നതല്ല, വീഴുമ്പോഴും എഴുന്നേൽക്കാനുള്ള ധൈര്യമാണെന്നും സമൂഹത്തിൽ ഉയർന്ന നിലയിലെത്തിയ മഹാരഥന്മാരിൽ പലരുടെയും ആദ്യ ശ്രമം തോൽവിയായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് എസ്.പി.സി. പദ്ധതി മാസ്റ്റർ ട്രെയിനറായ പി.എം. ഷറഫുദ്ദീൻ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു.

കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ 150 പേർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *