ഠാണാ – ചന്തക്കുന്ന് വികസനം വൈകിപ്പിക്കുന്നത് യു. ഡി. എഫ്. പദ്ധതിയായതു കൊണ്ടെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനം വൈകിപ്പിക്കുന്നത് യു. ഡി. എഫ്. പദ്ധതിയായതു കൊണ്ടാണെന്ന് കേരള കോൺഗ്രസ്‌ മുനിസിപ്പൽ മണ്ഡലം സമ്മേളനം കുറ്റപ്പെടുത്തി.

യു.ഡി.എഫ് ഗവണ്മെന്റ് 2013-14 ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും, 2014 ഫെബ്രുവരി 11, 2015 സെപ്തംബർ 8 എന്നീ തിയ്യതികളിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി 11 കോടി രൂപയും, 3 കോടി രൂപയും അനുവദിച്ച് അക്വിസിഷൻ നടപടികൾ തുടങ്ങിയ പദ്ധതി ഇപ്പോഴും പൂർത്തിയാക്കാതെ 9 വർഷം താമസിപ്പിച്ചതിന് എൽ. ഡി. എഫ്. ജനങ്ങളോട് മാപ്പ് പറയണമെന്നും പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കെ.എസ്.ടി.പി നടത്തുന്ന തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമ്മാണം അശാസ്ത്രീമാണെന്നും ഇരിങ്ങാലക്കുട മുതൽ കരുവന്നൂർ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഗതാഗതം താറുമാറാക്കുകയും പൈപ്പുകൾ പൊട്ടി കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയും ചെയ്തതായും സമ്മേളനം ചൂണ്ടിക്കാട്ടി.

യു.ഡി.എഫ്. ഗവണ്മെന്റിന്റെ സംഭാവനയായ ജനറൽ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

നഗരസഭ പ്രദേശത്ത്‌ യു.ഡി.എഫ്. ഭരണ കാലഘട്ടത്തിൽ ഒട്ടനവധി വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മുൻ എം.എൽ.എ. അഡ്വ തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും ഇത് വേണ്ട രീതിയിൽ ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞു.

മുനിസിപ്പൽ മണ്ഡലം പ്രവർത്തക സമ്മേളനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ പി.ടി. ജോർജ്ജ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, ജില്ലാ പ്രസിഡന്റ്‌ സി.വി. കുര്യാക്കോസ്, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.കെ. സേതുമാധവൻ, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, വനിതാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ മാഗി വിൻസെന്റ്, ഫെനി എബിൻ വെള്ളാനിക്കാരൻ, ആർതർ വിൻസെന്റ്, വിവേക് വിൻസെന്റ്, ലാലു വിൻസെന്റ്, അജിത സദാനന്ദൻ, കെ. സതീഷ്, എം.എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, ലിംസി ഡാർവിൻ, ലാസർ കോച്ചേരി, എ.ഡി. ഫ്രാൻസിസ്, ഒ.എസ്. ടോമി, റാണി കൃഷ്ണൻ വെള്ളാപ്പിള്ളി, ഷീല ജോയ്, ലില്ലി തോമസ്, പി.വി. നോബിൾ, യോഹന്നാൻ കോമ്പാറക്കാരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *