ജില്ലയിൽ പൊലീസിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു : ഒരു മാസത്തിനിടെ അറസ്റ്റിലായത് 423 പേർ

ഇരിങ്ങാലക്കുട : ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി”ന്റെ ഭാഗമായി ജില്ലയിൽ മയക്കുമരുന്ന് വേട്ട തുടർന്ന് പൊലീസ്.

തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്നു വരുന്ന പ്രത്യേക പരിശോധനകളിൽ ഫെബ്രുവരി 22 മുതൽ മാർച്ച് 18 വരെ 1763 പേരെ പരിശോധിക്കുകയും 414 കേസുകൾ രജിസ്റ്റർ ചെയ്യുകയും 423 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പരിശോധനയിൽ 30.854 കി.ഗ്രാം കഞ്ചാവ്, 23.410 ഗ്രാം എംഡിഎംഎ, 3.24 ഗ്രാം ഹെറോയിൻ, 10.13 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്.

മയക്കുമരുന്ന്, കഞ്ചാവ് പോലുള്ള നിരോധിത ലഹരി വസ്‌തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, വിതരണം, ഉപയോഗം എന്നിവ കർശനമായി തടയുന്നതിനും കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനുമായി തൃശ്ശൂർ റൂറൽ ജില്ലയിൽ കേരള പൊലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളെജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ജനമൈത്രി പൊലീസ്, റെസിഡന്റ്സ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, എസ് സി/എസ്ടി മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ മാർച്ച് 13 മുതൽ ഒരു മാസക്കാലത്തേക്ക് ”ജനകീയം ഡി-ഹണ്ട്” നടപ്പിലാക്കി വരുകയാണ്.

പൊലീസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും ജാഗ്രത പാലിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പറിൽ (9995966666) അറിയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *